കേന്ദ്ര സർക്കാരിന്റെ പുസ്തക പരിഷ്ക്കരണം പിൻവലിക്കുക – കേരള യുക്തിവാദി സംഘം

CBSE സിലബസിൽ നിന്നു് വെട്ടിക്കളഞ്ഞ 30 % സംഘപരിവാരത്തിന് അനഭിമതമായ ഭരണഘടനാ തത്വങ്ങളാണ്. മതേതരത്വം, ജനാധിപത്യ അവകാശങ്ങൾ, പൗരത്വം, ഫെഡറലിസം, പരിണാമ സിദ്ധാന്തം തുടങ്ങിയവ പഠിപ്പിക്കുന്ന മൗലികാവകാശങ്ങളാണ് 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് നീക്കിയത്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അധികാരികളുടെ സത്യപ്രതിജ്ഞാലംഘനമാണ് ഇത്.
ഭരണഘടന 13 (2) പ്രഖ്യാപിക്കുന്നത്, മൗലികാവകാശങ്ങൾ എടുത്തു കളയുന്നതോ കുറയ്ക്കുന്നതോ ആയ ഒരു നിയമവും നിർമ്മിക്കാൻ പാടില്ലെന്നും ഇവ ലംഘിച്ചുകൊണ്ട് നിർമ്മിക്കുന്ന ഒരു നിയമവും നിലനിൽക്കില്ലെന്നാണ്. മൗലിക തത്വങ്ങൾ പഠിക്കാനുള്ള തുല്യാവകാശം Art.14 നൽകുന്നുണ്ട്.
ജനാധിപത്യാവകാശങ്ങൾ പഠിപ്പിച്ചു കൂടെന്നും ,മതേതരത്വവും പൗരബോധവും നിഷേധിക്കുകയും ചെയ്യുന്നഭരണകൂടം ഫാസിസ്ററാണ്. കുട്ടികളെ സാമൂഹ്യബോധമുള്ളവരാക്കാനും ജനാധിപത്യവൽക്കരിക്കാനും ശ്രമിക്കേണ്ടതിന്നു പകരം ഭരണഘടനയെ ചവിട്ടിത്തേയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണം
അഡ്വ.കെ.എൻ.അനിൽകുമാർ
(പ്രസി)
അഡ്വ.രാജഗോപാൽ വാകത്താനം
(ജന. സെക്രട്ടറി)

ഹിന്ദു താലിബാനിസത്തെ മുളയിലേ നുള്ളിക്കളയുക : കേരള യുക്തിവാദി സംഘം

*ഹിന്ദു താലിബാനിസത്തെ മുളയിലേ നുള്ളിക്കളയുക* :
_കേരള യുക്തിവാദി സംഘം_.

കാലടിയിലെ “സിനിമാ പള്ളി” പൊളിക്കൽ ഒരു സാധാരണ അക്രമസംഭവമാക്കി കേസെടുക്കുന്നതു കൊണ്ടു തീരുന്ന പ്രശ്നമല്ല. തങ്ങൾ ആലോചിച്ച തീരുമാനിച്ചു ചെയ്തതാണെന്നു ഭീകര സംഘടന നേതാവ് പരസ്യമായി പ്രഖ്യാപിക്കുകയും ധ്വംസനത്തിന്റെ ചിത്രങ്ങൾ അവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നത് ഫാസിസ്റ്റ് ധിക്കാരം തന്നെയാണ്. സംഘടനയുടെ പേര് എന്തായാലും ഹിന്ദു താലിബാനിസമാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. ദുരിതമയമായകോവിഡ് കാലത്തു ഒരു സാമൂഹ്യ സേവനവും ചെയ്യാത്ത ഭീകരവാദികൾ മതവികാരമുണർത്തി മുതലെടുപ്പ് നടത്തിയ വിധ്വംസക പ്രവർത്തനത്തിനെതിരെ സിനിമാ തമ്പുരാക്കൻമാർ പോലും പ്രതിഷേധിച്ചില്ല എന്നത് അമ്പരപ്പുളവാക്കുന്ന കാര്യമാണ്. മഹാമാരിക്കെതിരെ പാട്ടകൊട്ടാനും തിരികൊളുത്താനും ആഹ്വാനം ചെയ്ത കേന്ദ്ര സർക്കാർ രാമായണം സീരിയൽ പ്രക്ഷേപിച്ച് സംഘി രാഷ്ട്രീയത്തെ ഊതി പെരുപ്പിക്കുകയായിരുന്നു. അതിന്റെ കേരളീയ പ്രതികരണമാണ് ഈ “പള്ളി ജിഹാദ്”. ഈ മതവൈറസുകൾ മനുഷ്യവംശത്തിന്റെ വിനാശമാണ്. തുടക്കത്തിലേ അതിനെ വേരോടെ പിഴുതുകളയണം. മതം ഒരു അനാവശ്യ ഘടകമാണെന്ന് കോവിഡ് കാലം തെളിയിച്ചു കഴിഞ്ഞു. ദൂരവ്യാപക ഫലമുളവാക്കുന്ന ഹിന്ദു താലിബാനിസത്തെ ദേശീയ ദുരന്തമായിക്കണ്ട് കടുത്ത നടപടികളെടുക്കണം.
Adv. K.N അനിൽകുമാർ
പ്രസിഡൻ്റ്
98461 26080
Adv. രാജഗോപാൽ വാകത്താനം
ജനറൽ സെക്രട്ടറി
94479 73962

സന്യാസിനി വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം അന്വേഷിക്കുക

മുട്ടറ്റം വെള്ളത്തിൽ ‘ മുങ്ങിമരിച്ച ‘കന്യാസ്ത്രീ….? സാമാന്യ ബോധത്തെ അവഹേളിക്കുകയാണ് മതാധികാരികളും അവർക്കൊപ്പം നിൽക്കുന്ന പോലീസും (ഭരണകൂടവും ) ദിവ്യവെള്ളമെടുക്കാൻ പോയപ്പോൾ വഴുതി വീണു എന്നായിരുന്ന ആദ്യ ഭാഷ്യം. അരപ്പൊക്കം ചുറ്റുമതി ലും ഇരുമ്പു മുടിയുമുള്ള കിണറ്റിൽ വഴുതി വീണെന്നു് ‘…..! രണ്ടാമതു പറഞ്ഞത് അവൾ ക്ലാസിൽ നിന്നു ഇറങ്ങിയോടി ചാടിയെന്നാണ്. ശവത്തിലുണ്ടായിരുന്നത് ചുരിദാർ ടോപ്പു മാത്രം. ഈ വേഷത്തിലാണോ കന്യാസ്ത്രീ ക്ലാസിലിരിക്കുക…..? മുട്ടറ്റം വെള്ളത്തിൽ വീണാലും മരിക്കുമെന്നു മൊക്കെ ഫോറൻസിക്കുകാർ പറഞ്ഞേക്കാം. മൃതദേഹം മഠം വക ആശുപത്രിയിലാണോ കൊണ്ടു പോകേണ്ടത്, അതോ സർക്കാർ ആശുപത്രിയിലോ? പോസ്റ്റ്മോർട്ടം തീരുംമുമ്പേ ആത്മഹത്യയെന്ന് പോലീസ് പ്രഖ്യാപിച്ചത് എന്തിന്? അന്വേഷണ ഭാഗമായി പോലീസ് നായവന്നത് പിറ്റേ ദിവസമായത് എന്തുകൊണ്ട്?…………….. കന്യാസ്ത്രീ വ്രതം സഭയുടെ കൂദാശകളിൽ പെടുന്നതല്ല. പിന്നെന്തിനാണ് ആയിരങ്ങളുടെ ആഗ്രഹങ്ങളും ജീവിതവും ഹോമിക്കുന്നത്? യഥാർത്ഥത്തിൽ ഇതിലെ രണ്ടാം പ്രതി അവരുടെ മാതാപിതാക്കളാണ്. പ്രായപൂർത്തിയാകും മുമ്പ് നിർബ്ബന്ധിച്ച് ഇത്തരം പീഢന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത് ജുവനൈൽ ജസ്റ്റിസ് നിയമത്തിന് എതിരാണ്.ദിവ്യ 17-ാം വയസിലാണ് മഠത്തിലേക്ക് തള്ളപ്പെടുന്നത്.പ്രായപൂർത്തിയാകും മുമ്പ് ഇങ്ങനെ നിർബന്ധിക്കുന്നത് കുറ്റകരമാണ്………….. 9 വയസായ കുട്ടി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധം നടത്തി എന്നെഴുതി പ്രതിയെ രക്ഷിച്ച DySP മാരുള്ള നാടാണിത്.ദിവ്യയുടെ മരണം ആത്മഹത്യയാക്കാൻ ഒരു പാടുമില്ല. പക്ഷേ അപ്പോഴും പ്രേരണാകുറ്റമുണ്ടു്. മതവും ഭരണ കുടവും സന്ധി ചെയ്താൽ ഇനിയും ഇത് ആവർത്തിക്കും. അതുണ്ടാകരുത്. അതു കൊണ്ട് ദിവ്യയുടെ മരണത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടായേ മതിയാകൂ. കുറ്റവാളികൾ നിയമത്തിനു മേൽ അധിപരാകരുത്.

കേരള യുക്തിവാദി  സംഘം മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന ഫണ്ടിന്റെ ആദ്യ ഗഡു നൽകി

കേരള യുക്തിവാദി  സംഘംമുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന ഫണ്ടിന്റെ ആദ്യ ഗഡു 1.25 ലക്ഷം രൂപ മന്ത്രി ഏ.സി.മൊയ്തീന് സെക്രട്ടറി ടി.കെ.ശക്തിധരൻ കൈമാറുന്നു.സംസ്ഥാന സമിതി അംഗങ്ങൾ ഉദയകുമാർ പി, ചന്ദ്രബാബു സി എന്നിവർ സമീപം.

വാളയാര്‍ കേസ് പുനരന്വേഷിക്കണം

വാളയാര്‍ കേസ് പുനരന്വേഷിക്കണം:
കേരള യുക്തിവാദി സംഘം

ചങ്ങനാശേരി: വാളയാര്‍ കേസിലെ നടപടികള്‍ മുഴുവന്‍ തന്നെ നിയമ വ്യവസ്ഥയ്‌ക്കെതിരായ വെല്ലുവിളികളാണ്. രണ്ടു കുഞ്ഞുങ്ങളുടെ ഭീകരമായ കൊലപാതകത്തെ നിസ്സാരമായി കൈകാര്യം ചെയ്തത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നു വ്യക്തമാണ്. എസ്.സി./എസ്.ടി. അട്രോസിറ്റീസിലും പോക്‌സോയിലും വരുന്ന ഗുരുതരമായ കേസില്‍ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നത് ബോധപൂര്‍വ്വമാണ്. പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നു നീക്കം ചെയ്ത് കേസ് പുനരന്വേഷണം ഫലപ്രദമാക്കണം. അട്ടപ്പാടിയിലെ മധുവിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത് ഇതുതന്നെയാണ്. ഇതുവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദലിത് പ്രശ്‌നങ്ങളിലെ സര്‍ക്കാരിന്റെ അനാസ്ഥ അത്യന്തം പ്രതിഷേധാര്‍ഹമാണ്

അഡ്വ. കെ.എന്‍. അനില്‍കുമാര്‍
പ്രസിഡന്റ്

അഡ്വ. രാജഗോപാല്‍ വാകത്താനം
ജനറല്‍ സെക്രട്ടറി
9447973962

കാല്‍കഴുകിച്ചൂട്ടിനെ പ്രതിരോധിക്കുക

കാല്‍കഴുകിച്ചൂട്ടിനെ പ്രതിരോധിക്കുക – കേരള യുക്തിവാദിസംഘം 

ജൂണ്‍ 3 ന് ഒറ്റപ്പാലം കൂനന്തുള്ളി വിഷ്ണുക്ഷേത്രത്തില്‍ നടക്കുന്ന ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് കേരളീയരുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നാക്രമണമാണ്. കര്‍ണാടകയിലെ മഡൈസ്‌നാനം പോലെ പുതിയ ആചാരത്തിലൂടെ നാം കടപ്പുഴക്കിവിട്ട ബ്രാഹ്മണ്യത്തെ പുനഃസ്ഥാപിക്കുകയാണ്. മതപുനരുജ്ജീവനത്തിന്റെ ഇത്തരം പദ്ധതികളിലൂടെയാണ് ഹിന്ദുത്വം കേരളത്തിനുമേല്‍ പിടിമുറുക്കിയത്. അതിന്റെ ആഘോഷമാണ് ധിക്കാരപരമായ ഈ ബ്രാഹ്മണസേവ. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ വേണ്ടി ജീവിതത്തെ സമര്‍പ്പിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ നാട്ടിലാണ് ഇതുനടക്കുന്നതെന്നത് അത്യന്തം അപലപനീയമാണ്. 

കേരളം നേടിയെന്നുപറയുന്ന വിദ്യാഭ്യാസവും വിവേകവും എല്ലാം അന്ധതഅനുഷ്ഠാനങ്ങള്‍ക്കായി പണയം വെയ്ക്കപ്പെടുകയാണ്. നാമജപഘോഷയാത്രയ്ക്കുശേഷം ഭക്തിയുടെ മറവില്‍ നടത്തുന്ന ഇത്തരം ആഭാസങ്ങളെ പ്രതിരോധിക്കുകതന്നെവേണം. ജാത്യാധിപത്യത്തെ ശാശ്വതീകരിക്കാനുള്ള ഈ ആഘോഷങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല.

അഡ്വ. കെ.എന്‍. അനില്‍കുമാര്‍
പ്രസിഡന്റ്
9846126080

അഡ്വ. രാജഗോപാല്‍ വാകത്താനം
ജനറല്‍ സെക്രട്ടറി
9447973962

വോട്ടു ബാങ്ക് പരിപ്രേക്ഷ്യത്തിനുള്ളിൽ നിർത്തിയുള്ള നവോത്ഥാനത്തിന് യഥാർത്ഥ നവോത്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ കഴിയില്ല

വോട്ടു ബാങ്ക് പരിപ്രേക്ഷ്യത്തിനുള്ളിൽ നിർത്തിയുള്ള നവോത്ഥാനത്തിന് യഥാർത്ഥ നവോത്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ കഴിയില്ലെന്നും മിശ്രവിവാഹങ്ങളിലൂടെ കടുംബത്തെ മതേതരമാക്കുവാനുള്ള സഹോദരന്റെ നവോത്ഥാന ആശയങ്ങൾക്കാണ് സമൂഹത്തെ മതനിരപേക്ഷമാക്കാൻ കഴിയുക എന്നും പറവൂർ മനയ്ക്ക പടിയിൽ കേരള യുക്തിവാദി സംഘവും ലാലു സ്മാരക വായനശാലയും സംഘടിപ്പിച്ച സഹോദരൻ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ കെ.എൻ.അനിൽകുമാർ ആ മുഖപ്രഭാഷണവും, കേരള മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി പി.ഇ.സുധാകരൻ “നവോത്ഥാനം സഹോദരനു ശേഷം ” എന്ന വിഷയത്തിൽ പ്രഭാഷണവും , എം കെ . സീരി സഹോദരൻ അനുസ്മരണവും നടത്തി . ലാലു വായനശാല പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷനായി. എഴുപുന്ന ഗോപിനാഥ്, കെ പി തങ്കപ്പൻ, കുഷുംസുലാൽ , ചെറായി ടി.എസ്.സുരേന്ദ്രൻ, ജോൺ കാരോട്ടുപുര എന്നിവർ സംസാരിച്ചു.

യുക്തിവാദം ജീവനോടെയുണ്ട്, പറ്റിയത് വൈരുദ്ധ്യ വാദികൾക്കാണ്

യുക്തിവാദം ജീവനോടെയുണ്ട്, പറ്റിയത് വൈരുദ്ധ്യ വാദികൾക്കാണ് (എ.വി.ഫിർദൗസിന്റെ ദേശാഭിമാനി വാരിക ലേഖനത്തിന് ഖേദപൂർവ്വം………)

എതിർക്കുവാനുള്ള അവകാശം ഉപയോഗിക്കുമ്പോൾ അതേപ്പറ്റി പഠിക്കുക എന്നത് സാമാന്യ മര്യാദയാണ്.Hypothesis ഒരു യോഗ്യതയാക്കിയാണ് താങ്കൾ യുക്തിവാദികളെ വെട്ടിനിരത്താൻ കച്ച മുറുക്കിയത്. ആചാര്യൻ 80 കളിലും നേതാവ് 2017 ലും (പച്ചക്കുതിര Oct) നടത്തിയ പരാക്രമത്തിന്റെ ദയനീയമായ തുടർച്ചയാണ് ഇത്. മാധ്യമമോ ദീപികയോ പ്രസിദ്ധീകരിക്കേണ്ട ഈ മഹാ പാണ്ഡിത്യം ദേശാഭിമാനി തട്ടിയെടുത്തതാണോ എന്നു സംശയമുണ്ട്. 1. യുക്തിവാദം ഉയിർ കൊണ്ടതും വളർന്നതും മാർക്സിസവും കമ്യൂണിസ്ററുകാരും ഉണ്ടാകുന്നതിനും ആയിരക്കണക്കു വർഷങ്ങൾക്കു മുമ്പാണ്‌. അതു കൊണ്ട് അതിന്റെ ഔദാര്യങ്ങളും മാനങ്ങളും യുക്തിവാദത്തിനു വേണ്ട . 2. മാർക്സിസത്തിന്റെ അളവു കട്ടിലിൽ കയറി കിടക്കാൻ യുക്തിവാദം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല. 3. ഭൗതികവാദമായ യുക്തിവാദത്തെ എതിർക്കുക വഴി മാർക്സിസത്തിന്റെ അടിത്തറയെയാണ് അവർ തള്ളിക്കളയുന്നത് 4. മത വിമർശനത്തിൽ നിന്നുണ്ടായ യുക്തിവാദത്തിന് ഗ്രീക്ക്, റോമൻ, ചാർവാക സിദ്ധാന്തങ്ങൾ ആവോളമുണ്ട്. മാർക്സിയൻ മതവിമർശനത്തിന്റെ പ്രാഥമികതത്വങ്ങൾ അറിയാമായിരുന്നെങ്കിൽ ഇങ്ങനൊരു ലേഖനം എഴുതു മായിരുന്നില്ല. 5.EMSയുക്തിവാദത്തിനെതിരെ പുസ്തകങ്ങൾ എഴുതിയത് ജാതിമതശക്തികളുമായി രാഷ്ട്രീയ ബാന്ധവമുണ്ടാക്കാനാണ്. ദേശാഭിമാനിയുടെ താൽപര്യവും മറ്റൊന്നല്ല (ഇപ്പോൾ അതിന്റെ പേരു് നവോത്ഥാനം എന്ന് ആക്കിയിട്ടുണ്ട്) 6. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ യുക്തിവാദികളാണെന്ന കണ്ടുപിടുത്തത്തിന് അടുത്ത അക്കാദമി അവാർഡ് പ്രതീക്ഷിക്കാം. യുക്തിവാദത്തിന്റെ പ്രഖ്യാപിത ശത്രുക്കൾ പോലും നടത്താത്ത 56 വെട്ടുകളാണ് ഫിർദൗസ് നടത്തിയിരിക്കുന്നത്! 7. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അർത്ഥമറിയാവുന്നവരും അതനുസരിച്ചു ജീവിക്കുന്ന പത്ത് പേരെ പാർട്ടിയിൽ കാണിച്ചു തരാമോ? ജാതി മതമില്ലാത്ത 100 കണക്കിനു ‘കേവലവാദി’കളെ ഞങ്ങൾ കാണിച്ചു തരാം. ഗീർവാണം പിന്നെയാകാം.
8. മതത്തെയോ ജാതിയേയോ തൊട്ടു കളിക്കാനുള്ള പേടി പുറത്തറിയാതിരിക്കാൻ യുക്തിവാദികളെ വെട്ടിനിരത്തുന്നതെന്തിന്? പരാക്രമം ഫാസിസത്തോടാകട്ടെ
9. കേരളത്തിൽ ആദ്യം മാർക്സിസത്തെപ്പറ്റി എഴുതിയതു പോലും യുക്തിവാദികളാണെന്നു ദേശാഭിമാനി മറക്കരുത്. ‘സഖാവ്’ എന്ന വാക്ക് സഹോദരന്റെ സംഭാവനയാണ്. 80കളിൽ EMS-പവനൻ സംവാദം ശക്തമായപ്പോൾ ‘യുക്തിരേഖ’ അച്ചടി നിർത്തിക്കൊണ്ടാണ് ദേശാഭിമാനി പ്രതികരിച്ചതെന്ന് ഞങ്ങൾ ഓർക്കുന്നുണ്ട് . 97 ജൂലൈയിൽ പവനനോടൊപ്പം EMS നെ ഇൻറർവ്യു ചെയ്ത വേളയിൽ ഈയുള്ളവൻ അദ്ദേഹത്തോടു ചോദിച്ചു ‘താങ്കൾ യുക്തിവാദി സംഘത്തെ എതിർക്കുന്നത് അവരുടെ നയരേഖയോ മറ്റോ വായിച്ചിട്ടാണോ ?’ ഞങ്ങൾ അങ്ങനെ മാർക്സിസത്തെ എതിർക്കുന്നില്ലല്ലോ?’ അദ്ദേഹം മറുപടി പറഞ്ഞില്ല ചോദ്യം ആവർത്തിച്ചപ്പോൾEMS പറഞ്ഞതിങ്ങനെ ‘ഞാൻ തർക്കത്തിനില്ല ‘. ഇതാണ് യുക്തിവാദ വിമർശനത്തിലെ വൈരുദ്ധ്യാത്മക രീതി. അതുകൊണ്ട് കാര്യങ്ങൾ പഠിച്ചെഴുതുന്നതാണ് നല്ലത്. എഴുത്തുകാരൻ യജമാനഭൃത്യനാകരുത്.
രാജഗോപാൽവാകത്താനം

പൊതു ഫണ്ട്‌ മതധൂർത്തിനുള്ളതല്ല – കേരളയുക്തിവാദിസംഘം

പൊതു ഫണ്ട്‌ മതധൂർത്തിനുള്ളതല്ല
-കേരളയുക്തിവാദിസംഘം

നവോത്ഥാന വാചക കസർത്തുകൾക്കു പിന്നാലെ സംസ്ഥാന ബജറ്റ് നികുതി പണം ഭക്തി വ്യവസായത്തിനായി നീക്കിവെച്ചിരിക്കുന്നു-ശബരിമല മാസ്റ്റർ പ്ലാൻ 739 കോടി -തിരുവിതാംകൂർ ദേവസ്വം ബോർഡ് – 100 കോടി
മലബാർ കൊച്ചി ദേവസ്വം ബോർഡ് – 36 കോടി. പ്രളയ ദുരിതത്തിൽ നിന്ന് കരകയറാനാവാതെ, അതിനായി സെസ് പിരിക്കുന്ന സർക്കാരാണ് മത പ്രീണനത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതെന്നത് യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല. ഇതാണ് നവകേരള നിർമിതി മാതൃകയെങ്കിൽ അത്യന്തം അപലപനീയമാണ്. പൊതു വിദ്യാഭ്യാസത്തിന് 992 കോടി മാത്രം ചെലവഴിക്കുമ്പോഴാണ് ഒരു ക്ഷേത്രത്തിനു മാത്രം739കോടി നീക്കിവെച്ചിരിക്കുന്നത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ ആരും എതിർക്കുന്നില്ല, എന്നത് വോട്ടു രാഷ്ട്രീയക്കളി മാത്രമാണ്. നാടിന്റെ വികസനത്തിൽ ക്ഷേത്രങ്ങളുടെ പങ്ക് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ അനുവദനീയമല്ലാത്ത മത പ്രീണനത്തിൽ നിന്ന് സർക്കാർ പിൻമാറണം.
– അഡ്വ.കെ.എൻ.അനിൽകുമാർ (പ്രസിഡന്റ്) – അഡ്വ.രാജഗോപാൽ വാകത്താനം (ജന. സെക്രട്ടറി)

 മതനിന്ദാക്കുറ്റം ഭരണഘടനാവിരുദ്ധമാണ്

  1.  മതനിന്ദാക്കുറ്റം ഭരണഘടനാവിരുദ്ധമാണ് –
    കേരളയുക്തിവാദിസംഘം
    ************************* ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്കെതിരെ പ്രയോഗിച്ച കരിനിയമമായിരുന്നു IPC 295 A . യഥാർത്ഥത്തിൽ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ് മതനിന്ദയെന്ന വകുപ്പ് .രഹ്ന ഫാത്തിമയെ ഈ വകുപ്പുപയോഗിച്ച് ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിൽ അടച്ചത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാത്മകവുമാണ്. അവരുടെ മറ്റേതു നിലപാടുകളോടും വിയോജിക്കുമ്പോൾ തന്നെ ശബരിമല ദർശനത്തിനുള്ള അവകാശം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ന്യായമാണ്. സന്നിധാനം വരെ അവർക്ക സംരക്ഷണം നല്കിയ പോലീസ് തന്നെ ഇപ്പോൾ മതനിന്ദാക്കുറ്റം ചുമത്തുന്നത് ദുരൂഹമാണ്. സെക്ഷൻ 377, 497 എന്നിവ റദ്ദാക്കിയതുപോലെ തള്ളിക്കളയേണ്ട വകുപ്പാണ് 295A അതുകൊണ്ട് രഹ്ന ഫാത്തിമയ്ക്കു മേൽ ചുമത്തിയ കുറ്റം ഒഴിവാക്കപ്പെടേണ്ടതാണ്.
    അഡ്വ.കെ.എൻ.അനിൽകുമാർ (പ്രസിഡണ്ട്) അഡ്വ.രാജഗോപാൽ വാകത്താനം (ജനറൽ സെക്രട്ടറി)