സർക്കാർ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുത്.
നിയമസഭാമന്ദിര നിർമ്മാണത്തെ പരിഹസിച്ച് സംസാരിച്ച
ഗൗരീ ലക്ഷ്മീഭായിയുടെ പ്രസ്താവനയിൽ അപലപിക്കുന്നു.

– കേരള യുക്തിവാദി സംഘം

സർക്കാർ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുതെന്നും കപട ശാസ്ത്രമായ വാസ്തു നോക്കാത്തതു കൊണ്ടാണ് കേരള നിയമസഭയിൽ സ്ഥിരം വഴക്കെന്നുമുള്ള തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരീ ലക്ഷ്മീഭായിയുടെ പ്രസ്താവനയിലും കേരള യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു.
കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള വാസ്തു വിദ്യാഗുരുകുലം നടത്തിയ പൈതൃകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് അശാസ്ത്രീയമായ ഇത്തരം പ്രസ്താവന അവർ നടത്തിയത്. രാജഭരണം മാറി ജനായത്ത ഭരണം നിലവിൽ വന്നിട്ടും ഇത്തരം വ്യക്തിത്വങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് ജനകീയ ജനാധിപത്യത്തിന് ഭൂഷണമല്ല.
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടാൻ ഒരു കൂടു വക്കുകയെന്നത് എല്ലാ ജീവജാലങ്ങളുടേയും നൈസർഗ്ഗിക വാസനയാണ്. മനുഷ്യന്റെ സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തിനനു സരിച്ച് ഗൃഹനിർമ്മാണത്തിലും പരിഷ്കാരങ്ങൾ വന്നു. വാസ്തു ശാസ്ത്രത്തിൽ വർണ്ണ വ്യവസ്ഥ പ്രകടമാണ്. ജാതികൾ കൂടിക്കലർന്നു ജീവിക്കാതിരിക്കാൻ ബ്രാഹ്മണന്റെ ഭൂമിക്ക്‌വെളുത്ത നിറം, ക്ഷത്രിയന് ചുവപ്പനിറമുള്ള ഭൂമി, വൈശ്യന് മഞ്ഞ നിറമുള്ളഭൂമി, ശൂദ്രന് മദ്യത്തിന്റെ മണമുള്ള കറുത്ത ഭൂമി എന്നിങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. കക്കൂസിനെ കുറിച്ചും ഫ്ലാറ്റിനെ കുറിച്ചും വാസ്തു ശാസ്ത്രത്തിൽ പ്രതിപാദനമില്ല. വാസ്തു ശാസ്ത്രം മനുഷ്യന്റെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള കപട ശാസ്ത്രമാണ്. വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ഒന്നല്ല.
പൂർണ്ണമായും വാസ്തു നോക്കി പണികഴിപ്പിച്ചതാണ് തക്കലയിലെ പത്മനാഭപുരം കൊട്ടാരം. വാസ്തു നന്നായാൽ വഴക്കില്ലാതിരിക്കുമെങ്കിൽ പത്മനാഭപുരം കൊട്ടാരത്തിൽ അതില്ലാതിരിക്കണമായിരുന്നു. രാജകുടുംബത്തിലെ കലഹങ്ങളും യുദ്ധവും അകാല മരണങ്ങളുമെല്ലാം വാസ്തു നോക്കിയിട്ടെന്തേ സംഭവിച്ചത്? ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അവിടെ അഭിപ്രായവും അഭിപ്രായവത്യാസവുമുണ്ടാവും ,വാക്കൗട്ടുണ്ടാകും , വഴക്കുണ്ടാകും ,സ്വാഭാവികം. അതെല്ലാം ജനാധിപത്യത്തിലെ സംവാദത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ കൂടിയിരുന്ന് നിയമനിർമ്മാണവും നിർവ്വഹണവും ചർച്ച ചെയ്യുന്ന നിയമസഭക്ക് വാസ്തു ദോഷം കൽപ്പിക്കുന്ന ഇത്തരം മഹതികളെയും മഹാൻമാരേയും സർക്കാർ വേദികളിൽ ആനയിച്ചുകൊണ്ടു വരാതിരിക്കാനുള്ള സൻമനസ്സെങ്കിലും പുരോഗമനം പറയുന്ന സർക്കാരിനുണ്ടാകണം.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട്
ടി.കെ.ശക്തീധരൻ
ജനറൽ സെക്രട്ടറി
കേരള യുക്തിവാദി സംഘം .

ബ്രഹ്മപുരം തീപിടുത്തം , കടുത്ത മനുഷ്യാവകാശ ലംഘനം. ഹൈക്കോടതി കേസെടുക്കണം _ കേരള യുക്തിവാദി സംഘം .

ബ്രഹ്മപുരത്ത് ലക്ഷക്കണക്കിന് ടൺ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതു മൂലമുണ്ടായത് ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമാണെന്ന് കേരള യുക്തിവാദി സംഘം ആരോപിച്ചു. ശുദ്ധമായ വായുവും ഭക്ഷണവും കുടിവെള്ളവുമുറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഭരണ- പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങളല്ല ജനങ്ങൾക്കാവശ്യം. ബ്രഹ്മപുരത്ത് അധികൃതർ ഗുരുതര വീഴ്ച വരുത്തി. വിഷപ്പുക ശ്വസിച്ച കൊച്ചിയിലെ ജനങ്ങൾ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നതു്. പ്ലാസ്റ്റിക് കത്തുമ്പോളുണ്ടാകുന്ന കാർബൺ മോണോക്സൈഡും ഡയോക്സിനും ഗുരുതര ആരോഗ്യപ്രശ്നങ്ങളാണു ണ്ടാക്കുന്നതു്. ഈ വിഷപ്പുക കാൻസറിനും ശ്വാസകോശ രോഗങ്ങൾക്കും കാരണമായേക്കാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. മാലിന്യ സംസ്കരണ രംഗത്ത് പൊതുബോധം വളർത്തിയെടുക്കേണ്ടതുണ്ട്. ശുചി മുറിയിലെ മാലിന്യങ്ങൾ വരെ അന്യന്റെ പാടത്തും പറമ്പിലും തള്ളുന്ന അവസ്ഥയാണ് നിലവിലുള്ളത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കണം. ബ്രഹ്മപുരവും ലാലൂരും വിളപ്പിൽശാലയും ഞെളിയൻപറമ്പുമെല്ലാം നമ്മുടെ തീരാത്ത പരിസ്ഥിതി പ്രശ്നങ്ങളാണ്. ആരോഗ്യ സാമൂഹിക സൂചികകളിൽ ഏറെ മുന്നിലുള്ള കേരളത്തിലെ ഒരു നഗരം പോലും രാജ്യത്തെ വൃത്തിയുളള നഗരങ്ങളുടെ പട്ടികയിൽ ആദ്യ 150 ൽ പോലുമില്ല. കാര്യക്ഷമമായ മാലിന്യ സംസ്കരണത്തിന് മദ്ധ്യപ്രദേശിലെ ഇൻഡോർ മാതൃക നമുക്കു മുന്നിലുണ്ട്. 35 ലക്ഷം ജനങ്ങൾ തിങ്ങി താമസിക്കുന്ന ഇൻഡോർ മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് മാതൃകയാണ്, ഒപ്പം അവർ അതിൽ നിന്നും വരുമാനവുമുണ്ടാക്കുന്നു. മാലിന്യ സംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവം മാറണം. ഓരോ പഞ്ചായത്തിലും ശാസ്ത്രീയരീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഗ്രാമ പഞ്ചായത്തുകൾ മുൻ കൈ എടുത്തു നടപ്പാക്കണം. ഉറവിടത്തിൽ തന്നെ പരമാവധി മാലിന്യങ്ങൾ സംസ്കരിക്കണം. ബയോഗ്യാസ് പ്ലാന്റുകൾ പ്രോത്സാഹിപ്പിക്കണം. മനുഷ്യ ജീവനും പ്രകൃതിക്കും നാശം വിതക്കുന്ന അശാസ്ത്രീയരീതി അവസാനിപ്പിക്കണം. ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിക്കാനുണ്ടായ സാഹചര്യം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ച് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം.

ഗംഗൻ അഴീക്കോട് ,

സംസ്ഥാന പ്രസിഡണ്ട് .

ടി.കെ. ശക്തീധരൻ ,

ജനറൽ സെക്രട്ടറി .

കേരള യുക്തിവാദി സംഘം .

കക്കുകളി നാടകത്തിനെതിരായ സഭയുടെ പ്രതിഷേധം. അടിസ്ഥാനമില്ലാത്തത് _കേരള യുക്തിവാദി സംഘം .

ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി പറവൂർ നെയ്തൽ നാടകസംഘം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ തൃശൂർ അതിരൂപത പ്രഖ്യാപിച്ചിരിക്കുന്ന സമര പരിപാടികൾ അത്യന്തം പ്രതിഷേധാത്മകമാണെന്നും ഉന്നയിക്കുന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്നും കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി പറഞ്ഞു. പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം കാണാതെ നടത്തിയ ഗുണ്ടായിസമാണോ ഈ നാടകത്തിനെതിരെയും എന്ന് അറിയേണ്ടതുണ്ട്. കെ.സി.ബി.സി. തന്നെ പ്രസ്തുത നാടകത്തിന്റെ കൃതിക്ക് അവാർഡ് നൽകിയിട്ടുണ്ടെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. നല്ല സൃഷ്ടി ആയതു കൊണ്ടാണല്ലോ കെ.സി.ബി.സി അവാർഡ് നൽകിയതു്. സഭക്കും ക്രിസ്തീയ വിശ്വാസത്തിനുമെതിരാണെങ്കിൽ കെ.സി.ബി.സി. അവാർഡു നൽകുമോ ? വിശ്വാസികളെ തെരുവിലിറക്കി സമൂഹത്തെ വെല്ലുവിളിക്കാമെന്നാണെങ്കിൽ ഇതു വിമോചന സമരകാലമല്ലെന്ന് സഭ ഓർക്കുന്നതു് നന്നായിരിക്കും.

നിരവധി പെൺകുട്ടികൾ സെമിനാരികളിൽ കൊല്ലപ്പെട്ടിട്ടും ഒട്ടേറെ കന്യാസ്ത്രീകൾ കിണറുകളിൽ വീണു പൊലിഞ്ഞപ്പോഴും അരമനകളിൽ ബലാൽക്കാരം ചെയ്യപ്പെട്ടപ്പോഴും സമർപ്പിത ഭക്തസംഘടനകൾക്കൊന്നും യാതൊരു പ്രതിഷേധവും തോന്നാഞ്ഞതെന്താണ്? ഒരു നാടകം നടത്തുന്നതു കൊണ്ട് തകർന്നു വീഴുന്നതാണ് വിശ്വാസമെങ്കിൽ അതെന്തു വിശ്വാസമാണ്. ക്രിസ്തുവിന്റെ പേരിൽധ്യാന കേന്ദ്രങ്ങളിലും കൃപാസനംപോലുള്ള കൊടിയ തട്ടിപ്പുകളിലും തോന്നാത്ത മതവികാരം ഒരു നാടകത്തിനെതിരെ തോന്നുന്നതെന്തുകൊണ്ടാണ്? ആവിഷ്ക്കാര സ്വാതന്ത്ര്യം ഭരണ ഘടനാപരമായ അവകാശമാണ്. കലാസൃഷ്ടിയെന്ന നിലയിൽ വിമർശിക്കാനുള്ള അവകാശം അംഗീകരിക്കുമ്പോൾ തന്നെ അതിനെ തടയാനുള്ള നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുന്നു.

ഗംഗൻ അഴീക്കോട്

സംസ്ഥാന പ്രസിഡണ്ട് .

ടി.കെ. ശക്തിധരൻ

ജനറൽ സെക്രട്ടറി

11/3/23

ബജററിൽ ക്ഷേത്രങ്ങൾക്ക് കോടികൾ , ശാസ്ത്ര ബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ നയാ പൈസയില്ല. പ്രതിഷേധിക്കുക -കേരള യുക്തിവാദി സംഘം.


 • 2023 കേരള ബജററിൽ തൃശൂർ പൂരമടക്കമുള്ള നടത്തിപ്പിന് ക്ഷേത്രങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വക കൊള്ളിച്ചിട്ടുള്ളതു്. തൃശൂർ ജില്ലയിൽ മാത്രം 8 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മത സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുകവഴി ശക്തമായ മതപ്രീണ നവും ഭരണഘടനാ ലംഘനവുമാണ് ഗവൺമെന്റ് ചെയ്യുന്നതു്. തൊട്ടതിനെല്ലാം ഫീസ് വർധിപ്പിച്ചും അനാവശ്യ സെസ്സുകൾ ഏർപ്പെടുത്തിയുമാണ് ഗവൺമെന്റ് ഈ ഫണ്ടു് കണ്ടെത്തുന്നതു്. സമൂഹത്തിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്താൻ ഗവൺമെന്റ് പ്രതിജ്ഞാ ബദ്ധമാന്നെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരി ക്കുന്ന മുഖ്യമന്ത്രിയും ഗവൺമെന്റും അത്തരം നടപടികൾക്ക് ഒരു രൂപപോലും ബജററിൽ വകയിരുത്തിയിട്ടില്ല എന്നത് തികച്ചും അപലപനീയമാണ്. ഗവൺമെന്റിന്റെ ഈ നടപടയിൽ കേരള യുക്തിവാദി സംഘം സംസഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
  ഗംഗൻ അഴീക്കോട്
  സംസ്ഥാന പ്രസിഡണ്ട് .
  ടി.കെ. ശക്തീധരൻ
  ജനറൽ സെക്രട്ടറി
  5/2/23

ശബരിമല ദർശനം: സർക്കാർ നിലപാട് ആത്മഹത്യാപരം – കേരള യുക്തിവാദി സംഘം

കേരള യുക്തിവാദി സംഘം
കോവിഡ് വ്യാപനം പരമകാഷ്ഠയിൽ നിൽക്കുമ്പോൾ അതു പരിഗണിക്കാതെ ശബരിമല ദർശനത്തിന് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭക്തി കൊണ്ടുകോവിഡിനെ നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ജനങ്ങൾ ആരാധനാലയങ്ങൾ ഒഴിവാക്കി വീട്ടിലിരിക്കുമ്പോൾ ആരുടെ താല്പര്യം സംരക്ഷിക്കാനാണ് അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും ജനങ്ങളെ ശബരിമലയിലേക്ക് ആനയിക്കുന്നത്. എങ്കിൽ സ്ക്കൂളുകളും തിയറ്ററുകളുമടക്കം പൊതു സ്ഥലങ്ങൾ ഏഴുമാസമായി പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണ്. ജനങ്ങൾക്കു മേൽ 144 നടപ്പാക്കി ഭക്തിക്കച്ചവടത്തിന് അനുമതി നൽകിയത് ആരെ സുഖിപ്പിക്കാനാണ്. ഒരു പാർട്ടികളും ആവശ്യപ്പെടാത്ത ഇക്കാര്യം ഏകപക്ഷീയമായി നടപ്പാക്കുന്നത് കോ വിഡ് വ്യാപനം അനിയന്ത്രിതമാക്കും.ഡൊണാൾസ്ട്രമ്പിനോട് ജോ ബൈഡൻ പറഞ്ഞതാണ് ഞങ്ങൾക്കും പറയാനുള്ളത്- ശാസ്ത്രത്തിൽ വിശ്വസിക്കുക. രോഗ പ്രതിരോധത്തിൽ ഇതുവരെ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളും അട്ടിമറിക്കപ്പെടുന്ന ആത്മഹത്യാപരമായ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
അഡ്വ.കെ.എൻ.അനിൽ കുമാർ
(പ്രസിഡന്റ്)
അഡ്വ.രാജഗോപാൽ വാകത്താനം (ജന. സെക്രട്ടറി)
കേരള യുക്തിവാദി സംഘം
സംസ്ഥാന സമിതി

മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുക – കേരള യുക്തിവാദി സംഘം

യു എ ഇ കോൺസുലേറ്റിൽ നിന്ന് അനധികൃതമായി ഖുറാൻ ശേഖരിച്ച് വിതരണം ചെയ്തതു് മന്ത്രിയുടെ ജോലിയുടെ ഭാഗമല്ല. അതേപ്പറ്റി വിമർശനം ഉണ്ടായപ്പോൾ അതു ഖുറാന് എതിരായുള്ള പ്രചാരണ മാണെന്നു പറഞ്ഞ് മത സ്പർദ്ധ വളർത്താൻ ശ്രമിക്കുകയാണ് മന്ത്രി ചെയ്തത്. മതേതര വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ശ്രീ കെ.ടി.ജലീൽ ആ സ്ഥാനത്തിരിക്കാൻ അർഹനല്ല. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു

കേന്ദ്ര സർക്കാരിന്റെ പുസ്തക പരിഷ്ക്കരണം പിൻവലിക്കുക – കേരള യുക്തിവാദി സംഘം

CBSE സിലബസിൽ നിന്നു് വെട്ടിക്കളഞ്ഞ 30 % സംഘപരിവാരത്തിന് അനഭിമതമായ ഭരണഘടനാ തത്വങ്ങളാണ്. മതേതരത്വം, ജനാധിപത്യ അവകാശങ്ങൾ, പൗരത്വം, ഫെഡറലിസം, പരിണാമ സിദ്ധാന്തം തുടങ്ങിയവ പഠിപ്പിക്കുന്ന മൗലികാവകാശങ്ങളാണ് 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് നീക്കിയത്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അധികാരികളുടെ സത്യപ്രതിജ്ഞാലംഘനമാണ് ഇത്.
ഭരണഘടന 13 (2) പ്രഖ്യാപിക്കുന്നത്, മൗലികാവകാശങ്ങൾ എടുത്തു കളയുന്നതോ കുറയ്ക്കുന്നതോ ആയ ഒരു നിയമവും നിർമ്മിക്കാൻ പാടില്ലെന്നും ഇവ ലംഘിച്ചുകൊണ്ട് നിർമ്മിക്കുന്ന ഒരു നിയമവും നിലനിൽക്കില്ലെന്നാണ്. മൗലിക തത്വങ്ങൾ പഠിക്കാനുള്ള തുല്യാവകാശം Art.14 നൽകുന്നുണ്ട്.
ജനാധിപത്യാവകാശങ്ങൾ പഠിപ്പിച്ചു കൂടെന്നും ,മതേതരത്വവും പൗരബോധവും നിഷേധിക്കുകയും ചെയ്യുന്നഭരണകൂടം ഫാസിസ്ററാണ്. കുട്ടികളെ സാമൂഹ്യബോധമുള്ളവരാക്കാനും ജനാധിപത്യവൽക്കരിക്കാനും ശ്രമിക്കേണ്ടതിന്നു പകരം ഭരണഘടനയെ ചവിട്ടിത്തേയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണം
അഡ്വ.കെ.എൻ.അനിൽകുമാർ
(പ്രസി)
അഡ്വ.രാജഗോപാൽ വാകത്താനം
(ജന. സെക്രട്ടറി)

ഹിന്ദു താലിബാനിസത്തെ മുളയിലേ നുള്ളിക്കളയുക : കേരള യുക്തിവാദി സംഘം

*ഹിന്ദു താലിബാനിസത്തെ മുളയിലേ നുള്ളിക്കളയുക* :
_കേരള യുക്തിവാദി സംഘം_.

കാലടിയിലെ “സിനിമാ പള്ളി” പൊളിക്കൽ ഒരു സാധാരണ അക്രമസംഭവമാക്കി കേസെടുക്കുന്നതു കൊണ്ടു തീരുന്ന പ്രശ്നമല്ല. തങ്ങൾ ആലോചിച്ച തീരുമാനിച്ചു ചെയ്തതാണെന്നു ഭീകര സംഘടന നേതാവ് പരസ്യമായി പ്രഖ്യാപിക്കുകയും ധ്വംസനത്തിന്റെ ചിത്രങ്ങൾ അവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നത് ഫാസിസ്റ്റ് ധിക്കാരം തന്നെയാണ്. സംഘടനയുടെ പേര് എന്തായാലും ഹിന്ദു താലിബാനിസമാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. ദുരിതമയമായകോവിഡ് കാലത്തു ഒരു സാമൂഹ്യ സേവനവും ചെയ്യാത്ത ഭീകരവാദികൾ മതവികാരമുണർത്തി മുതലെടുപ്പ് നടത്തിയ വിധ്വംസക പ്രവർത്തനത്തിനെതിരെ സിനിമാ തമ്പുരാക്കൻമാർ പോലും പ്രതിഷേധിച്ചില്ല എന്നത് അമ്പരപ്പുളവാക്കുന്ന കാര്യമാണ്. മഹാമാരിക്കെതിരെ പാട്ടകൊട്ടാനും തിരികൊളുത്താനും ആഹ്വാനം ചെയ്ത കേന്ദ്ര സർക്കാർ രാമായണം സീരിയൽ പ്രക്ഷേപിച്ച് സംഘി രാഷ്ട്രീയത്തെ ഊതി പെരുപ്പിക്കുകയായിരുന്നു. അതിന്റെ കേരളീയ പ്രതികരണമാണ് ഈ “പള്ളി ജിഹാദ്”. ഈ മതവൈറസുകൾ മനുഷ്യവംശത്തിന്റെ വിനാശമാണ്. തുടക്കത്തിലേ അതിനെ വേരോടെ പിഴുതുകളയണം. മതം ഒരു അനാവശ്യ ഘടകമാണെന്ന് കോവിഡ് കാലം തെളിയിച്ചു കഴിഞ്ഞു. ദൂരവ്യാപക ഫലമുളവാക്കുന്ന ഹിന്ദു താലിബാനിസത്തെ ദേശീയ ദുരന്തമായിക്കണ്ട് കടുത്ത നടപടികളെടുക്കണം.
Adv. K.N അനിൽകുമാർ
പ്രസിഡൻ്റ്
98461 26080
Adv. രാജഗോപാൽ വാകത്താനം
ജനറൽ സെക്രട്ടറി
94479 73962

സന്യാസിനി വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം അന്വേഷിക്കുക

മുട്ടറ്റം വെള്ളത്തിൽ ‘ മുങ്ങിമരിച്ച ‘കന്യാസ്ത്രീ….? സാമാന്യ ബോധത്തെ അവഹേളിക്കുകയാണ് മതാധികാരികളും അവർക്കൊപ്പം നിൽക്കുന്ന പോലീസും (ഭരണകൂടവും ) ദിവ്യവെള്ളമെടുക്കാൻ പോയപ്പോൾ വഴുതി വീണു എന്നായിരുന്ന ആദ്യ ഭാഷ്യം. അരപ്പൊക്കം ചുറ്റുമതി ലും ഇരുമ്പു മുടിയുമുള്ള കിണറ്റിൽ വഴുതി വീണെന്നു് ‘…..! രണ്ടാമതു പറഞ്ഞത് അവൾ ക്ലാസിൽ നിന്നു ഇറങ്ങിയോടി ചാടിയെന്നാണ്. ശവത്തിലുണ്ടായിരുന്നത് ചുരിദാർ ടോപ്പു മാത്രം. ഈ വേഷത്തിലാണോ കന്യാസ്ത്രീ ക്ലാസിലിരിക്കുക…..? മുട്ടറ്റം വെള്ളത്തിൽ വീണാലും മരിക്കുമെന്നു മൊക്കെ ഫോറൻസിക്കുകാർ പറഞ്ഞേക്കാം. മൃതദേഹം മഠം വക ആശുപത്രിയിലാണോ കൊണ്ടു പോകേണ്ടത്, അതോ സർക്കാർ ആശുപത്രിയിലോ? പോസ്റ്റ്മോർട്ടം തീരുംമുമ്പേ ആത്മഹത്യയെന്ന് പോലീസ് പ്രഖ്യാപിച്ചത് എന്തിന്? അന്വേഷണ ഭാഗമായി പോലീസ് നായവന്നത് പിറ്റേ ദിവസമായത് എന്തുകൊണ്ട്?…………….. കന്യാസ്ത്രീ വ്രതം സഭയുടെ കൂദാശകളിൽ പെടുന്നതല്ല. പിന്നെന്തിനാണ് ആയിരങ്ങളുടെ ആഗ്രഹങ്ങളും ജീവിതവും ഹോമിക്കുന്നത്? യഥാർത്ഥത്തിൽ ഇതിലെ രണ്ടാം പ്രതി അവരുടെ മാതാപിതാക്കളാണ്. പ്രായപൂർത്തിയാകും മുമ്പ് നിർബ്ബന്ധിച്ച് ഇത്തരം പീഢന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത് ജുവനൈൽ ജസ്റ്റിസ് നിയമത്തിന് എതിരാണ്.ദിവ്യ 17-ാം വയസിലാണ് മഠത്തിലേക്ക് തള്ളപ്പെടുന്നത്.പ്രായപൂർത്തിയാകും മുമ്പ് ഇങ്ങനെ നിർബന്ധിക്കുന്നത് കുറ്റകരമാണ്………….. 9 വയസായ കുട്ടി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധം നടത്തി എന്നെഴുതി പ്രതിയെ രക്ഷിച്ച DySP മാരുള്ള നാടാണിത്.ദിവ്യയുടെ മരണം ആത്മഹത്യയാക്കാൻ ഒരു പാടുമില്ല. പക്ഷേ അപ്പോഴും പ്രേരണാകുറ്റമുണ്ടു്. മതവും ഭരണ കുടവും സന്ധി ചെയ്താൽ ഇനിയും ഇത് ആവർത്തിക്കും. അതുണ്ടാകരുത്. അതു കൊണ്ട് ദിവ്യയുടെ മരണത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടായേ മതിയാകൂ. കുറ്റവാളികൾ നിയമത്തിനു മേൽ അധിപരാകരുത്.

കേരള യുക്തിവാദി  സംഘം മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന ഫണ്ടിന്റെ ആദ്യ ഗഡു നൽകി

കേരള യുക്തിവാദി  സംഘംമുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന ഫണ്ടിന്റെ ആദ്യ ഗഡു 1.25 ലക്ഷം രൂപ മന്ത്രി ഏ.സി.മൊയ്തീന് സെക്രട്ടറി ടി.കെ.ശക്തിധരൻ കൈമാറുന്നു.സംസ്ഥാന സമിതി അംഗങ്ങൾ ഉദയകുമാർ പി, ചന്ദ്രബാബു സി എന്നിവർ സമീപം.