ഇനിയെന്നാണ് അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ നടപ്പാക്കുക?

ഇനിയെന്നാണ് അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ നടപ്പാക്കുക?

പ്രൊഫഷണൽ മന്ത്രവാദിയായിരുന്ന വണ്ണപ്പുറംകാരൻ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടിരിക്കുന്നു. മന്ത്രശക്തി തട്ടിയെടുക്കാനുള്ള ആസൂത്രിത പദ്ധതിയായിരുന്നു ഇത്. ഇതേ വിഷയത്തിൽ അടുത്തയിടെ കേരളത്തിൽ മാത്രം കൊല്ലപ്പെട്ടത് ആറ് പേരാണ്. കട്ടപ്പനയിലെ ബിജു (1999), വടശ്ശേരിക്കര കലശക്കുടി ആതിര (2014) അരൂർ നിരപ്പേൽ സി.എം ശകുന്തള (2014), കരുനാഗപ്പള്ളി ബീന (2009), കൊല്ലത്തെ ഹുസൈൻ തുടങ്ങിയവർ. ആയിരങ്ങളാണ് മന്ത്രവാദത്തിന്റെയും ജ്യോത്സ്യത്തിന്റെയും വിചിത്ര ആചാരങ്ങളുടെയും പേരിൽ ദൈനംദിനം കബളിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്നത്.
യുക്തിവാദി പ്രസ്ഥാനം എല്ലാവിധ അന്ധവിശ്വാസങ്ങൾക്കും എതിരെ മനുഷ്യപക്ഷത്തു നിന്നു സമരം ചെയ്യുകയാണ്. കർണാടകത്തിൽ ഉണ്ടായ ബില്ലിന്റെ മാതൃകയിൽ അന്ധവിശ്വാസ ദുരാചാര നിർമാർജന ബിൽ 2014ൽ തയ്യാറാക്കി സർക്കാരിനും ജനപ്രതിനിധികൾക്കും സമർപ്പിച്ചതാണ്. 2015 സംസ്ഥാനതല ജാഥയും മാർച്ചുകളും 24മണിക്കൂർ സത്യാഗ്രഹവുമൊക്കെ നടത്തിയിട്ടും ഒരു സർക്കാരും ഇത്തരം ഒരു നിയമം നിർമിക്കാൻ തയ്യാറല്ല. മുഖ്യമന്ത്രി വിളിച്ച സാംസ്കാരികപ്രവർത്തകരുടെ യോഗത്തിലും സംഘം ഇക്കാര്യം ഉന്നയിച്ചിരുന്നു.
അന്ധവിശ്വാസങ്ങൾ മാറരുതെന്ന് ആർക്കാണ് നിർബന്ധം? മന്ത്രവാദം പോലുള്ള ആഭിചാരങ്ങളും ആടിനെ പട്ടിയാക്കുന്ന കപടശാസ്ത്ര ആഭാസങ്ങളും നിലനിൽക്കണമെന്ന് താല്പര്യം ആർക്കാണ്? ജോത്സ്യൻ മാരുടെയും മന്ത്രവാദികളുടെയും വാസ്തുക്കാരുടെയും വോട്ട് പോകുമെന്നാണോ ഭയം?
ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറുന്നവർ അതിനെ മാനിക്കാൻ തയ്യാറല്ലങ്കിൽ അത് സത്യപ്രതിജ്ഞാ ലംഘനമാണ്. പൊതു ധാർമികതയും പൊതു വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും വിധേയമല്ലാത്ത ഒരു വിശ്വാസവും പുലർത്താൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല 25(1). കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മതത്തിൻറെ മറവിൽ സംരക്ഷിക്കുന്നതാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിൽ ജനം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണഘടനയും ശിക്ഷാ നിയമങ്ങളും അപ്രസക്തമാക്കിക്കൊണ്ട് ഒരു സർക്കാരിനും മുന്നോട്ടുപോകാനാവില്ല. ആർട്ടിക്കിൾ 51 a (h) പ്രകാരം ശാസ്ത്ര മനോഭാവവും അന്വേഷണത്വരയും പരിഷ്കരണവും വളർത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. സൈബർ യുഗത്തിലാണെന്ന് അഹങ്കരിക്കുകയും പ്രാകൃത ആചാരങ്ങളെ നിലനിർത്തുകയും ചെയ്യുന്നത് ഒരു സിവിൽ സൊസൈറ്റിക്ക് ചേർന്നതല്ല. വലതുപക്ഷ സർക്കാരിന് കഴിയാത്തത് ഇടതുപക്ഷ സർക്കാരിനെ കഴിയുന്നില്ലെങ്കിൽ പിന്നെ ആരെയാണ് ആശ്രയിക്കേണ്ടത്.
കേരളയുക്തിവാദിസംഘം ഈ ആവശ്യത്തിൽനിന്ന് പിന്മാറുന്നില്ല. ധബോൽക്കർ മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ കൊലപാതകങ്ങളുടെയും ദുരഭിമാന മന്ത്രവാദ കൊലകളുടെ പശ്ചാത്തലത്തിൽ സമരം ശക്തിപ്പെടുത്തുകയാണ്. ശാസ്ത്രത്തെയും മാനവികതയെയും പ്രമാണമായി കാണുന്ന സർക്കാരാണ് ഭരിക്കുന്നത് എങ്കിൽ ഈ നിയമം നടപ്പാക്കാൻ ഇതിൽപരം അനുയോജ്യമായ സമയം വേറെയില്ല.

പിൻകുറിപ്പ്: മന്ത്രതന്ത്രങ്ങൾക്ക് ആധികാരികത കൽപ്പിക്കുന്നത് വേദങ്ങളും മതങ്ങളുമാണ്. യാഗ യജ്ഞങ്ങളെ മഹത്വപ്പെടുത്തുന്നവരും ധ്യാന മഹാത്മ്യങ്ങളെ വാഴ്ത്തുന്നവക്കും ഇത്തരം കൊലപാതകങ്ങളിൽ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. കൂടോത്രവും മന്ത്രവാദവും എല്ലാ മതങ്ങളുടെയും അവിഭാജ്യഘടകമാണ്. അത്ഭുത സീരിയലുകൾക്കും മാന്ത്രിക കൃതികൾക്കുമുള്ള പങ്കും ചെറുതല്ല. അതിനെയൊക്കെ മാറ്റിവെച്ച് അന്ധവിശ്വാസത്തെ പറ്റി പറയുന്നത് അപഹാസ്യമാണ്.

രാജഗോപാൽവാകത്താനം ജനറൽ സെക്രട്ടറി, KYS

മന്ത്രവാദപ്പുകകൊണ്ടു മൂടിയ കേരളം

മന്ത്രവാദപ്പുകകൊണ്ടു മൂടിയ കേരളം.
——————————————————————-

നമ്മൾ കേരളീയർ ഒരിക്കൽ കൂടി ഞെട്ടുന്നു.
മന്ത്രവാദമാണത്രെ തൊടുപുഴയിലെ കൃഷ്ണന്റേയും കുടുംബത്തിന്റെയും കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള കാരണം. കൃഷ്ണന്റെ
ശിഷ്യനായ അനീഷ് തന്നെയാണ്
ആ കുടുംബത്തിന്റെ അന്തകനായത്. എന്തിനു
ഇവരെ വധിച്ചു എന്നതിന്റെ കാരണം
പോലീസ് ഉദ്യോഗസ്ഥൻ ടി.വി.ചാനലിന്
മുമ്പിൽ വ്യക്തമാക്കുകയുണ്ടായി (06.08.18)
മന്ത്രവാദത്തിലൂടേയും പൂജയിലൂടേയും
കൃഷ്ണൻ ധാരാളം പണമുണ്ടാക്കി. മന്ത്രവാദം
പണം വാരാനുള്ള നല്ലൊരു മാർഗ്ഗമാണെന്നു
മനസ്സിലാക്കിയ അനീഷ് മറ്റൊരു മന്ത്രവാദിയുടെ
പക്കൽ നിന്ന് വിദ്യ കരസ്ഥമാക്കി. ഇയാൾ
സ്വന്തമായി മന്ത്രവാദം തുടങ്ങി. എന്നാൽ താൻ
ചെയ്യുന്ന മന്ത്രവാദത്തിന് ഒരു
ഫലവും ഇല്ല എന്ന് മനസ്സിലായി. യഥാർത്ഥത്തിൽ
മന്ത്രവാദംകൊണ്ടു ഒരു ചുക്കും ചെയ്യാൻ
സാധിക്കില്ല എന്നതാണ് സത്യം. ഏതാനും അന്ധവിശ്വാസികളുടെ മാനസികാവസ്ഥമൂലം
അവർക്കു തോന്നുന്നതാണ് മന്ത്രവാദം
ഫലിച്ചു എന്നത്. തന്റെ മന്ത്രവാദം
ഫലിക്കാത്തതിന് കാരണം കൃഷ്ണൻ തനിക്കു
മന്ത്രവാദത്തിലൂടെ പാര വെക്കുന്നതാണ്
എന്ന് വിശ്വസിച്ച അനീഷ് കൃഷ്ണനെ ഇല്ലാതാക്കാൻ
തീരുമാനിച്ചു. ഒരു ദിവസം അർധരാത്രി (29.07.18
നാണെന്നു തോന്നുന്നു) അയാൾ കൃഷ്ണന്റെ വീട്ടുവളപ്പിലെത്തി, ആടിനെ അടിച്ചുകരയിപ്പിച്ചു.
ആ ശബ്ദംകേട്ടാൽ കൃഷ്ണൻ ഇറങ്ങിവരും അപ്പോൾ
കഥകഴിക്കാം എന്നതായിരുന്നു സൂത്രം. വിചാരിച്ചപോലെ കൃഷ്ണൻ പുറത്തു വന്നു. കൃഷ്ണന്റ തലക്കു താൻ കയ്യിൽ കരുതിയ ഇരുമ്പുദണ്ഡുപയോഗിച്ച് അടിച്ചു. ശബ്ദംകേട്ട് ഭാര്യ പുറത്തു വന്നു. അവരെയും ഇതുപോലെ തലക്കടിച്ചു വീഴ്ത്തി. ബഹളം കേട്ട്
മകൾ വാതിൽതുറന്നു പുറത്തു വന്നു. അവളുടെ
കയ്യിൽ ഒരു കൊടുവാളുണ്ടായിരുന്നു. അവൾ
അതുകൊണ്ടു അനീഷിനെ വെട്ടി. അനീഷിന്റെ
കൈക്കു പരിക്ക് പറ്റി. എന്നാൽ അയാൾ മകളെയും
തലക്കടിച്ചു വീഴ്ത്തുകയാണുണ്ടായത്.
അപ്പോൾ മകനും വാതിൽ തുറന്നു പുറത്തു വരുകയും അനീഷ് അവനെയും ആക്രമിക്കുകയും ചെയ്തു.മകൻ ഉള്ളിലേയ്ക്ക് ഓടിപ്പോയി. പിറകേ ചെന്ന് അനീഷ് അവനെയും വകവരുത്തി.
പിന്നീട് വെള്ളമൊഴിച്ചു വീട് വൃത്തിയാക്കി.
എല്ലാവരെയും ഒരു കുഴിയിൽ കുഴിച്ചുമൂടി.
രണ്ടുപേരെ ജീവനോടെയാണത്രെ കുഴിച്ചു
മൂടിയത്.

ഈ ദാരുണമായ കൊലപാതകങ്ങൾക്ക് കാരണം
മന്ത്രവാദമെന്ന അന്ധവിശ്വാസമാണ്. മതത്തിന്റെ
പ്രാഗ്‌രൂപമാണ് മന്ത്രവാദം എന്ന് പറയാറുണ്ട്.
പ്രകൃതിശക്തികളെ വരുതിക്ക് നിർത്താനും
അനുനയിപ്പിക്കാനുമായിരുന്നത്രെ പ്രാകൃത ആദിമ
മനുഷ്യസമൂഹം മന്ത്രവാദം ചെയ്തിരുന്നത്.
എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും
ആ വിശ്വാസം ശക്തമായിത്തന്നെ നിലനിൽക്കുന്നു
എന്നത് വിചിത്രമായിത്തോന്നാം. മന്ത്രവാദത്തെ
ദുർമന്ത്രവാദമെന്നും സദ്മന്ത്രവാദമെന്നും
വേർതിരിച്ചു ചില പുരോഗമനചിന്തകർ പോലും
പാഠങ്ങൾ ചമയ്ക്കാറുണ്ട്. രോഗിയുടെ
ശരീരത്തിൽ പ്രവേശിച്ച പ്രേതത്തെ അടിച്ചോടിക്കുന്നതും,മൃഗങ്ങളെ കുരുതികൊടുത്തു (ചിലപ്പോൾ മനുഷ്യരേയും) ചെയ്യുന്ന ആഭിചാരക്രിയകളുമാണ് ദുർമന്ത്രവാദം എന്ന്
പറയപ്പെടുന്നത്. എന്നാൽ പുഷ്പങ്ങളും ഫലങ്ങളും
മറ്റു ഉത്തമ ദ്രവ്യങ്ങളും മാത്രം ഉപയോഗിച്ച്
മന്ത്രോച്ചാരണങ്ങളോടെ ചെയ്യുന്ന ഹോമമാണ്
നല്ല മന്ത്രവാദം. നല്ല മന്ത്രവാദം തന്നെയാണ്
പൂജ എന്ന ഗ്രെയ്‌ഡ്‌ കൂടിയ അനുഷ്ഠാനം. എന്ന്
വെച്ചാൽ പൂജ എന്ന ഓമനപ്പേരിൽ വിശ്വാസികൾ
ക്കിടയിൽ അറിയപ്പടുന്ന സാധനം തന്നെയാണ്
മന്ത്രവാദം എന്നർത്ഥം. എന്നാൽ മന്ത്രവാദം
എന്നാൽ ഒരു മ്ലേച്ഛകർമ്മമാണ്‌ എന്ന രീതിയി
ലാണ് മാന്യവിശ്വാസികളുടെ പ്രതികരണം.
ഹേ, ഭക്തരേ, നിങ്ങൾ ക്ഷേത്രത്തിൽ ചെയ്യുന്ന
പൂജയും മന്ത്രവാദമാണ്.

സമൂഹത്തിലെ മേലെ തട്ടിലുള്ള പലരും
തങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കുവാൻ
വേണ്ടി മന്ത്രവാദികളെക്കൊണ്ട് പൂജ
ചെയ്യിക്കാറുണ്ട്. ഇതിൽ മന്ത്രിമാരും,
രാഷ്ട്രീയനേതാക്കളും, സിനിമാഭിനേതാക്കളും,
കച്ചവടക്കാരും, വ്യവസായികളും എല്ലാം
പെടും. ലക്ഷക്കണക്കിന് രൂപയാണ് ഇവർ
മന്ത്രവാദത്തിനു വേണ്ടി മുടക്കുന്നത്.
തനിക്കു അഭ്യുന്നതി ഉണ്ടാവാൻ മാത്രമല്ല
എതിരാളിയെ നശിപ്പിക്കാനും മന്ത്രവാദം
ചെയ്യുന്നു. കച്ചവടരംഗത്തും രാഷ്ട്രീയ
രംഗത്തുമാണ് ശത്രുസംഹാരപൂജ കൂടുത
ലായും കാണപ്പെടുന്നത്.

മന്ത്രവാദിയെ കുറ്റപ്പെടുത്തുന്നതിനു മുമ്പേ
അവരെ സമീപിക്കുന്ന വിശ്വാസികളെയാണ്
വിചാരണ ചെയ്യേണ്ടത്. വിശ്വാസിയാണ്
ഏതൊരു അന്ധവിശ്വാസത്തെയും പോലെ
മന്ത്രവാദത്തെയും വളർത്തുന്നതും നില
നിൽക്കാൻ സഹായിക്കുന്നതും. മന്ത്രവാദം
ഫലിക്കുകയില്ല എന്ന് ശാസ്ത്രബോധം
തരിമ്പെങ്കിലുമുള്ള ആർക്കുമറിയാം.
സനൽ ഇടമറുകും ഒരു പ്രശസ്ത മന്ത്രവാദിയും
തമ്മിലുണ്ടായ വെല്ലുവിളിയും മന്ത്രവാദിയുടെ
ദയനീയ പരാജയവും നമ്മൾ സി.ഡി.
യിലൂടെ കണ്ടതാണല്ലോ. വിശ്വാസിയുടെ
പ്രത്യേക മാനസികഘടന കാരണം
അയാൾ വിശ്വസിക്കാൻ വേണ്ടി
വിശ്വസിക്കുകയാണ്. അയാളുടെ തലച്ചോറാണ്
അതിന്റെ അടിസ്ഥാനകാരണം. മറ്റുകാരണങ്ങൾ
കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായാലും
അയാൾ വിശ്വസിക്കുക അതിന്റെ കാരണം
മന്ത്രവാദം ആണെന്നായിരിക്കും. ഫലമില്ലാതെ
വന്നാൽ അയാൾ അതിന്റെ കാരണമായി
പറയുക അത് തന്റെ വിധി എന്നായിരിക്കും;
അല്ലാതെ മന്ത്രവാദം തെറ്റാണ് എന്നല്ല.

പൊതുസമൂഹവും നമ്മെ ഭരിക്കുന്നവരും
മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
അൻപതിനായിരം രൂപ അടച്ച്
ഉദയാസ്തമയ പൂജ (മന്ത്രവാദം) ചെയ്‌താൽ
സന്തുഷ്ടമായ ജീവിതം ഉറപ്പാണെന്നാണല്ലോ
ക്ഷേത്രങ്ങൾ പരസ്യം നൽകുന്നത്. ക്ഷേത്രങ്ങൾ
ഭരിക്കുന്നതാരാണ്? പരോക്ഷമായി സർക്കാർ
തന്നെ. അന്ധവിശ്വാസം വളർത്തുന്ന സർക്കാരായതു
കൊണ്ടാണ് അവർ അന്ധവിശ്വാസനിർമ്മാർജ്ജന
നിയമം കൊണ്ടുവരാത്തത്. അന്ധവിശ്വാസ
നിർമ്മാർജ്ജനനിയമം ഭൂരിപക്ഷമായ
അന്ധവിശ്വാസികളുടെ എതിർപ്പിന് കാരണമാവും.
അവരുടെ വോട്ടു നഷ്ടപ്പെടും. പിന്നെങ്ങനെ
നിയമം കൊണ്ടുവരും? അതുകൊണ്ടു അന്ധവിശ്വാസമൊക്കെ മാറട്ടെ, എന്നിട്ടാവാം നിയമം കൊണ്ടുവരുന്നത് എന്നാവാം സർക്കാരിന്റെ മനസ്സിലിരിപ്പ്.

  1. നമ്മുടെ വിദ്യാർത്ഥികളൊക്കെ എ പ്ലസോടെ
    വിജയിച്ചു പുറത്തു വരുന്നവരാണ്. സയൻസിലും
    കണക്കിലും നൂറിൽ നൂറു മാർക്ക്. എന്നാൽ
    ശാസ്ത്രബോധം എന്ന വിഷയത്തിൽ അവരിൽ
    പലർക്കും വട്ടപ്പൂജ്യമാണുള്ളത്. നമ്മുടെ വിദ്യാഭ്യാസ രീതിക്കു എന്തോ കുഴപ്പമുണ്ട് എന്നാണു തോന്നുന്നത്.മന്ത്രവാദത്തിനു വളർച്ചയുള്ള ഒരു
    സമൂഹം ഒരു പുരോഗമന സമൂഹമാണെന്നു
    ഒരിക്കലും പറഞ്ഞുകൂടാ.

നിയമം കൊണ്ട് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാ
മെന്ന വ്യാമോഹമൊന്നും യുക്തിവാദികൾക്കില്ല.
എന്നാൽ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള
ആശയപ്രചരണത്തിനു അത് നല്ലൊരു
ആയുധമായിരിക്കും. ഇത്തരം ക്രൂരസംഭവങ്ങൾ
കണ്ടിട്ടെങ്കിലും സർക്കാരിന്റെ കണ്ണുതുറക്കുമെന്നും
അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നിർമ്മിക്കാൻ
നടപടിയെടുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാമോ?
ടി.കെ.രവീന്ദ്രനാഥ്

മരണഭീതിയോ?എന്തിന്‌? മരണത്തിന്‌ ശേഷം

മരണഭീതിയോ?
എന്തിന്‌?
മരണത്തിന്‌ ശേഷം ഒന്നുമില്ല.
ജീവിതം ആസ്വദിക്കു, അടിച്ചുപൊളിക്കു, ആർമ്മാദിക്കു.

മരണത്തിന്‌ ശേഷം എന്താണ്‌?

ഒന്നുമില്ല. അത്‌ ജനനത്തിന്‌ മുമ്പുള്ള അവസ്ഥക്ക്‌ തുല്ല്യമാണ്‌, അതായത്‌

ഒന്നുമില്ല.

അത്‌ ഡിനോസറുകളുടെ കാലത്തെ അവസ്ഥപോലെയാണ്‌.
എന്താണത്‌?………………
ഡിനോസറുകളുടെ കാലത്ത്‌ ഭൂമിയില്‍ മനുഷ്യനില്ല.
കഴിഞ്ഞ 21 കോടി വർഷം തൊട്ട്‌ കഴിഞ്ഞ 6.5 കോടി വർഷം വരെയാണ്‌ ഡിനോസറുടെ കാലം. ഈ കാലത്ത്‌ മനുഷ്യനില്ല. അക്കാലത്ത്‌, സസ്‌തനികളുണ്ടായിരുന്നെങ്കിലും അവ തീരെ ചെറിയ ജീവികളായിരുന്നു. അവിടെ നിന്നും, ഡിനോസറുകളുടെ വിനാശം കഴിഞ്ഞ്‌ പിന്നെയും കോടികണക്കിന്‌ വർഷങ്ങള്‍ കഴിഞ്ഞാണ്‌ മനുഷ്യന്‍ രംഗത്തെത്തുന്നത്‌.

ഇവിടെനിന്നും നാം ജീവന്റെ ചരിത്രത്തിലേക്ക്‌, ഫോസിലുകളുടെ അടിത്തറയില്‍ നിന്ന്‌ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഓരോ ജീവിയും പ്രത്യേകം പ്രത്യേകം  കാലഘട്ടങ്ങളിലാണ്‌ രംഗത്ത്‌ വരുന്നത്‌ എന്ന്‌ കാണാം. അതായത്‌, ആറര കോടി വർഷം മുമ്പ്‌, ഡിനോസറുകളടെ കാലത്ത്‌; ആറര കോടി വർഷങ്ങള്‍ക്ക്‌ ശേഷം പ്ലീസ്റ്റോസിൻ യുഗത്തിന്റെ അവസാനം രംഗത്തെത്തുന്ന മനുഷ്യനെ കാണാത്തതുപോലെ, മുപ്പത്‌ കോടി വർഷം മുമ്പത്തെ കാർബോണിഫറസ്‌ യുഗത്തിലെ ലിപ്‌റ്റോസോറസുകളേയും കാണില്ല.

ഏതൊരു ജീവിക്കും വർത്തമാനകാലമേ, അവർ ജീവിക്കുന്ന കാലമേ ഉള്ളു. ഭൂതകാലം ഫോസിലാണ്‌. അങ്ങനെ കോടികണക്കിന്‌ വർഷങ്ങളിലൂടെ നടന്ന പരിണാമ പ്രക്രിയകളിലൂടെ ഇന്ന്‌ മനുഷ്യന്‍ രംഗത്തെത്തിയിരിക്കുന്നു. അപ്പോഴേക്കും ജൈവപരിണാമം 400 കോടി വർഷം പിന്നിട്ടു. ഇത്‌ സസ്‌തനികളുടെ, കഴിഞ്ഞ ആറരകോടി വർഷം തൊട്ട്‌, യുഗമാണ്‌. അതില്‍ ഇന്ന്‌ സസ്‌തനികളിലെ ഉന്നത ജീവിയായ മനുഷ്യന്റെ കാലമാണ്‌.

അതെ മനുഷ്യന്റെ കാലം ഇന്ന്‌ മാത്രം.
നാളെ അവന്‍ ഫോസിലാണ്‌. ഇനി വരാനിരിക്കുന്ന ജീവി വിഭാഗങ്ങള്‍ക്ക്‌, അവ ബുദ്ധിയുള്ളവയാണെങ്കില്‍, പഠിക്കാഌള്ള ജൈവാവശിഷ്‌ടം മാത്രം.

ജീവന്റെ ഈ ചരിത്രമറിഞ്ഞാല്‍ നമുക്കെവിടെ മരണഭയം.
മരണഭയം മൂത്ത്‌ ആധിയായി, ആധി വ്യാധിയായവർക്ക്‌ പരലോകവും ദൈവവുമെല്ലാം അല്‍പ്പം ആശ്വാസം നല്‍കിയേക്കാമെങ്കിലും, അത്‌ യാഥാർത്ഥ്യമല്ല. മരിച്ചു കഴിഞ്ഞാല്‍ ഒരു വിചാരണയുമില്ല പരലോകവുമില്ല, ഒരു സ്വർഗവുമില്ല നരകവുമില്ല. ദൈവമടക്കം ഇതെല്ലാം പരിപൂർണമായും മനുഷ്യസൃഷ്‌ടികള്‍മാത്രം. ജീവനുണ്ടായി 400 കോടി വർഷം കഴിഞ്ഞപ്പോള്‍ മനുഷ്യനുണ്ടായ ഒരു നട്ടപ്രാന്ത്‌.
ജനനത്തിനും മരണത്തിനും ഇടക്കുള്ള കാലം, ജീവിതം, അതാണ്‌ നമുക്കുള്ളത്‌. ആ കാലത്തെ ശരിക്കും അനുഭവിക്കുക, ആസ്വദിക്കുക, അടിച്ചുപൊളിക്കുക.
എന്തിന്‌ മരണഭീതി.

Raju Vatanappally

‘ഹിന്ദുവിന്റെ കോടാലി മുസ്ലീമിന്റെ കോടാലിയോടു പറഞ്ഞു. എടാ, ഇന്നു നമ്മള്‍ കുടിച്ച ചോരയ്ക്ക് ഒരേ രുചിയാണ്’

 

അഭിമന്യുവിന്റെ ചോര, ഫറൂക്കിന്റെയും

‘ഹിന്ദുവിന്റെ കോടാലി മുസ്ലീമിന്റെ കോടാലിയോടു പറഞ്ഞു. എടാ, ഇന്നു നമ്മള്‍ കുടിച്ച ചോരയ്ക്ക് ഒരേ രുചിയാണ്’ Continue reading “‘ഹിന്ദുവിന്റെ കോടാലി മുസ്ലീമിന്റെ കോടാലിയോടു പറഞ്ഞു. എടാ, ഇന്നു നമ്മള്‍ കുടിച്ച ചോരയ്ക്ക് ഒരേ രുചിയാണ്’”

അവന്റെ ശരീരത്തില്‍നിന്നും ജീവന്‍ നഷ്ടപ്പെടുന്നതിന് തൊട്ടുമുന്നെ സെല്ലിലെ കക്കൂസ് മുറിയിലേക്ക് ഇഴഞ്ഞു നീങ്ങി അവിടെയുണ്ടായിരുന്ന തകരപ്പാട്ടയില്‍ നിന്നും കുടിനീര് നക്കിയെടുത്തു.

 

വീണ്ടും ഒരു ആഗസ്റ്റ് 4. സത്നാംസിംഗ്ദിനം കടന്നുവരുന്നു.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2012 ആഗസ്റ്റ് 4ന് പുലര്‍ച്ചെയാണ് ഒരു ബീഹാറി യുവാവ് തിരുവനന്തപുരത്ത് – പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍വെച്ച് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. തലേന്നു രാത്രി ആ ചെറുപ്പക്കാരന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ കിടന്ന് തന്റെ നേരെയുണ്ടായ കൊടിയ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ അലമുറയിടുകയും ഒരിറ്റു ദാഹജലത്തിനായി യാചിക്കുകയും ചെയ്തുവെന്ന് പിന്നീട് നാം അറിഞ്ഞു. ഒടുവില്‍ അവന്റെ ശരീരത്തില്‍നിന്നും ജീവന്‍ നഷ്ടപ്പെടുന്നതിന് തൊട്ടുമുന്നെ സെല്ലിലെ കക്കൂസ് മുറിയിലേക്ക് ഇഴഞ്ഞു നീങ്ങി അവിടെയുണ്ടായിരുന്ന തകരപ്പാട്ടയില്‍ നിന്നും കുടിനീര് നക്കിയെടുത്തു. അവന്റെ ശരീരത്തിന്റെ ദാഹം ആ ജലം തീര്‍ത്തു കൊടുത്തോയെന്ന് ആര്‍ക്കും അറിയില്ല.

ആരായിരുന്നു ആ ചെറുപ്പക്കാരന്‍…?
ബിഹാറിലെ ഗയ ജില്ലയിലെ ഷെര്‍ഗാട്ടി നഗരപ്രദേശത്തെ ഹരീന്ദര്‍കുമാര്‍ സിംഗിന്റെയും സുമന്‍സിംഗിന്റെയും അഞ്ചുമക്കളില്‍ രണ്ടാമനായ സത്‌നാംസിംഗ് മാന്‍ (24 വയസ്സ്), പഞ്ചാബിലെ പ്രശസ്തമായ രാംമനോഹര്‍ ലോഹ്യ യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായിരുന്നു. എഴുത്തുകാരന്‍, കവി, ആത്മീയാന്വേഷകന്‍ എന്നീ നിലകളില്‍, ചെറുപ്പത്തില്‍ തന്നെ നിലവിലുള്ള വ്യവസ്ഥാപിതമായ ജീവിതശൈലിക്ക് പുറത്തുകൂടെയായിരുന്നു സത്‌നാമിന്റെ സഞ്ചാരം. അവസാനമായി ഷെര്‍ഗാട്ടിയിലുള്ള വസതിയില്‍നിന്നും 2012 മെയ് 30-ന് സത്നാമിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 1ന് കൊല്ലം ജില്ലയിലെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സത്‌നാംസിംഗ് മാന്‍ എന്ന ചെറുപ്പക്കാരന്‍ മലയാളി പൊതുസമൂഹത്തിന് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നും അതിനടുത്ത ദിവസവും സത്നാം നമ്മുടെ വിഷ്വല്‍-അച്ചടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പിന്നീട് ഈ യുവാവിനെ കുറിച്ച് നാം അറിയുന്നത് തിരുവനന്തപുരം പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയവെ ആഗസ്റ്റ് 4ന് പുലര്‍ച്ചെ കൊല്ലപ്പെട്ടതു സംബന്ധിച്ച് വാര്‍ത്തകളിലൂടെയായിരുന്നു.

സത്‌നാംസിംഗ് മാന് എന്താണ് സംഭവിച്ചത്..?
ആഗസ്റ്റ് 1ന് കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സത്‌നാംസിംഗ് പോലീസ് കസ്റ്റഡിയിലായ വിവരമറിഞ്ഞ് ഡല്‍ഹിയിലുണ്ടണ്ടായിരുന്ന വലിയച്ഛന്റെ മകന്‍ ആജ്തക് പത്രത്തിന്റെ ലേഖകന്‍ കൂടിയായ വിമല്‍ കിഷോര്‍ ഉടനെ കേരളത്തിലെത്തുകയും അന്ന് ഇവിടെ നടന്ന ഒരു ഹര്‍ത്താലിനെ അതിജീവിച്ച് സത്‌നാമിനെ ജാമ്യത്തിലെടുക്കാനുള്ള നിയമനടപടികള്‍ക്ക് ശ്രമിക്കുകയുമുണ്ടായി.

ആദ്യദിവസം തന്നെ, കേരള പോലീസിന്റെ കസ്റ്റഡിയിലായിരുന്ന സത്‌നാമിനെ പുറത്തെത്തിക്കുന്നതിനായി കസിന്‍ വിമല്‍ കിഷോര്‍ ശ്രമങ്ങളാരംഭിച്ചു. ബിഹാര്‍ പോലീസുമായി കേരള പോലീസിനെ ബന്ധപ്പെടുത്തുകയും മാനസികമായി ചില പ്രശ്‌നങ്ങളുളള ഒരു രോഗിയാണ് സത്നാം എന്നതിനുള്ള തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. സത്നാമിനാവശ്യമായ ചികിത്സക്ക് സാഹചര്യമൊരുക്കണമെന്നും ജാമ്യം ലഭിക്കാത്ത കുറ്റാരോപണം ആത്മീയാന്വേഷകനായ തന്റെ സഹോദരന്റെ പേരില്‍ നടത്തരുതെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

എന്നാല്‍ മുകളില്‍ നിന്നുള്ള വലിയ സമ്മര്‍ദ്ദം ഉണ്ടെന്നും, പോലീസ് കസ്റ്റഡിയില്‍നിന്നും ജ്യാമ്യം നല്‍കാന്‍ കഴിയില്ലായെന്നും പോലീസ് അധികാരികള്‍ വിമല്‍ കിഷോറിനെ അറിയിച്ചു. അതനുസരിച്ച് കോടതിയില്‍നിന്നും സത്നാമിന് ജാമ്യം ലഭ്യമാക്കുന്നതിനായുള്ള അപേക്ഷ തയ്യാറാക്കുന്നതിനിടയിലാണ് അധികാരികള്‍ ആരോരുമറിയാതെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കികൊണ്ട് സത്നാമിനെ ജയിലിലേക്കും അവിടെനിന്നും പേരൂര്‍ക്കട മാനസിക രോഗാശുപത്രിയിലേക്കും മാറ്റിയത്. ഒടുവില്‍ അവിടുത്തെ ഇരുണ്ട സെല്ലുകളിലൊരിടത്തുവെച്ച് ഈ യുവാവ് അന്ത്യശ്വാസം വലിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

2012 ആഗസ്റ്റ് 1ന് വള്ളിക്കാവിലെ മഠത്തില്‍നിന്നും, കടുത്ത മര്‍ദ്ദനത്തിനുശേഷമാണ് സത്നാമിനെ വള്ളിക്കാവിലെ പോലീസ് ഔട്ട് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് അമൃതാനന്ദമയി മഠത്തിലെ ‘സെക്യൂരിറ്റി ഗാര്‍ഡുകള്‍’ കൈമാറിയത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ തല്‍ക്ഷണം കൊണ്ടുപോയ പോലീസിനോട് സത്‌നാമിന് ഇന്റേണല്‍ ഇഞ്ച്വറി ഉണ്ടെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെതന്നെ ചികിത്സ കിട്ടാവുന്ന ഒരു ആശുപത്രിയിലേക്ക് സത്‌നാമിനെ എത്തിക്കണമെന്നും ഡ്യൂട്ടി ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

ആശ്രമാധിപതിയെ കൊല്ലാന്‍ ശ്രമിച്ച മതതീവ്രവാദിയെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ സഹതടവുകാരുമായുള്ള ‘ഏറ്റുമുട്ടല്‍ മരണമായി’ ചിത്രീകരിക്കാനാണ് ആശ്രമാധികാരികള്‍ മുതല്‍ സര്‍ക്കാരും ഒട്ടുമിക്ക മാധ്യമങ്ങളും തുടക്കം മുതല്‍ ശ്രമിച്ചു കണ്ടത്. പോലീസ് കസ്റ്റഡിയില്‍ ജീവനോടെ സത്‌നാമിനെ കണ്ട സഹോദരന്‍ വിമല്‍ കിഷോറും മൃതദേഹം ഏറ്റുവാങ്ങാന്‍ വന്ന പിതാവ് ഹരീന്ദറും ലക്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമെത്തിയ സത്‌നാമിന്റെ സുഹൃത്തുക്കളും മരണത്തിലെ ദുരൂഹത നീക്കാന്‍ മറ്റൊരന്വേഷണം തുടക്കത്തില്‍തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവും, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. (എന്നാല്‍ ഇതുസംബന്ധിച്ച് സത്നാമിന്റെ ബന്ധുക്കള്‍ക്ക് നീതി ലഭിക്കാനാവശ്യമായ കാര്യമായ ഒരു നീക്കത്തിനും അന്നത്തെ കേരള സര്‍ക്കാര്‍ തയ്യാറായില്ല. 26 മാസങ്ങള്‍ക്കിപ്പുറമായിട്ടും സി.പി.ഐ.(എം) നയിക്കുന്ന പുതിയ സര്‍ക്കാരും ഇക്കാര്യത്തില്‍ കടുത്ത നിസംഗതയാണ് പുലര്‍ത്തുന്നത്.)

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചുണ്ടായ സംഘട്ടനത്തിലാണ് സത്നാംസിംഗ് മരണപ്പെട്ടെതെന്നാണ് പോലീസ് കേസ്. എന്നാല്‍ സത്നാമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വസ്തുതകള്‍ യാഥാര്‍ഥ്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ടെന്ന് വെളിവാക്കുന്നു. തലയ്ക്കും കഴുത്തിലും കിഡ്‌നിക്കും കാര്യമായ പരിക്കുകള്‍ മരണസമയത്ത് സത്നാമിന് ഏറ്റിട്ടുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കൂടാതെ 77ഓളം മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24ഓളം മുറിവുകള്‍ സംഭവിച്ചിട്ടുള്ളത് കുറഞ്ഞത് 3 ദിവസം (72 മണിക്കുര്‍) മുമ്പാണെന്നത് തെളിയിക്കാന്‍ കഴിയുന്നവയാണ്. തലയ്ക്കും വൃക്കകള്‍ക്കും ഏറ്റ ക്ഷതങ്ങള്‍ക്കും ഈ പഴക്കമുണ്ടെന്നതിനും തെളിവുകള്‍ കണ്ടെത്താം. ഈ മുറിവുകളും ക്ഷതങ്ങളും സത്നാമിന്റെ മരണകാരണമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മരണം നടന്ന ദിവസത്തെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചുണ്ടായ സംഘട്ടനവും അതിലെ പങ്കാളികളും മാത്രമാണ് സത്നാമിന്റ മരണത്തിന് ഹേതുവായി കണക്കാക്കിക്കൊണ്ട് തയ്യാറാക്കിയ കുറ്റപത്രമാണ് ഇപ്പേള്‍ വിചാരണ കോടതിയില്‍ ഇരിക്കുന്നത്. മരണം നടക്കുന്നതിന് മൂന്നുനാള്‍ മുന്നെ സംഭവിച്ചകാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ആഗസ്റ്റ് 1ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ കൊണ്ടുവന്നപ്പേള്‍, സത്നാമിന്റെതായി രേഖപ്പെടുത്തിയിട്ടുള്ള എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടിലും അവിടുള്ള മറ്റു രേഖകളിലും തിരിമറികളുണ്ടായിട്ടുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. വള്ളിക്കാവിലെ അമൃതാനന്ദ മഠത്തില്‍ നിന്നള്ള അറസ്റ്റും അവിടെ നടന്നിട്ടുള്ള സംഭവങ്ങളേയും പരിപൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് മഠത്തെ വെള്ള പൂശുകയാണ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി, നമ്മുടെ നാട്ടില്‍നിന്നും ഏകദേശം 2,700 കി.മീ. അപ്പുറമുള്ള ഗൗതമബുദ്ധന് ബോധോദയമുണ്ടായ ക്ഷേത്രനഗരം ഉള്‍ക്കൊള്ളുന്ന ബീഹാറിലെ ഗയ ജില്ലയിലെ ഷേര്‍ഹാട്ടിയെന്ന ഗ്രാമത്തില്‍ നിന്നും സത്നാമിന്റെ പിതാവും സഹോദരങ്ങളുമടക്കമുള്ള കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും നിരന്തരം നമ്മുടെ നാട്ടിലേക്ക് എത്തിച്ചേരുകയുണ്ടണ്ടായിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഗവര്‍ണ്ണര്‍ താമസിക്കുന്ന രാജ്ഭവനിലും മന്ത്രിമന്ദിരങ്ങളിലും ജനപ്രതിനിധികളുടെ വസതികളിലും പോലീസ് സ്റ്റേഷനുകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഫീസുകളിലും സമരകേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മകളിലും പ്രസ്സ് ക്ലബ്ബുകളിലും ഇവര്‍ അലഞ്ഞു നടക്കുകയായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സുമടക്കം കീഴോട്ട് നിരവധി പേര്‍ക്ക് ഏതൊരാള്‍ക്കും തീര്‍ത്തും ഉറപ്പുവരുത്തേണ്ട മനുഷ്യാവകാശങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി നിവേദനങ്ങളും ഹര്‍ജികളും തയ്യാറാക്കി ഇപ്പോഴും അയച്ചുകൊണ്ടേയിരിക്കുന്നു. ഇക്കാര്യത്തില്‍ ആശാവഹമായ ഒരുനീക്കവും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഇനിയും ലഭിച്ചിട്ടില്ല.
ആര്‍ക്കൊക്കെയോ ഈ കേസില്‍ അമിതമായ താല്‍പര്യം ഉണ്ടെന്നത് വ്യക്തം. ഭരണകൂടത്തില്‍ മാത്രമല്ല; ഉയര്‍ന്ന നീതിപീഠങ്ങള്‍ വരെ സ്വാധീനവലയത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം ഇവിടെ ബലപ്പെടുന്നു.

സത്നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് കേരള ഹൈക്കോടതിയില്‍ ഈ കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ഇനിയും തീര്‍പ്പാക്കാന്‍ പരമോന്നത നീതിപീഠം തയ്യാറായിട്ടില്ല. കഴിഞ്ഞ നാളുകളിലായി 50-ളം തവണ കേസ് വാദത്തിനായി ലിസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ ഈ കേസ് വാദത്തിനെടുക്കാതെ നിരന്തരമായി മാറ്റിവെയ്ക്കപ്പെടുകയാണ്.

കഴിഞ്ഞതന്‍റെ മകന്‍റെ യഥാര്‍ഥ കൊലപാതകികളെ കണ്ടെത്തി നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി ഈ പിതാവ് വീണ്ടും വീണ്ടും കേരളത്തിലേക്ക് എത്തപ്പെടുകയാണ്

ഋതുമതികളായ സ്ത്രീകൾ ശബരിമല ചവിട്ടിയാൽ തങ്ങളുടെ സകല വിശ്വാസങ്ങളും വ്രണപ്പെടുമെന്ന് ആശങ്കപ്പെടുന്ന വിശ്വാസികളോടും…

ഋതുമതികാളായ സ്ത്രീകൾ ശബരിമല ചവിട്ടിയാൽ തങ്ങളുടെ സകല വിശ്വാസങ്ങളും വ്രണപ്പെടുമെന്ന് ആശങ്കപ്പെടുന്ന വിശ്വാസികളോടും…
സ്ത്രീകൾ എന്തുകൊണ്ട് ശബരിമലയിൽ പോകാറില്ല എന്നതിന്റെ ഐതീഹ്യങ്ങൾ ഒന്നും അറിയാഞ്ഞിട്ടും, മുസ്ലിം സ്ത്രീകളെ നിങ്ങൾ പള്ളിയിൽ കയറ്റുമോ എന്ന് മറുചോദ്യം ചോദിച്ച വിവരദോഷികളോടും…
ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു ഉണ്ടായിരിക്കുന്ന ഒരു തർക്കം മുറുകുന്നതുകണ്ട് എണ്ണയൊഴിച്ചുകൊടുക്കാൻ നിക്കുന്ന വക്രബുദ്ധികളോടും…ഞങ്ങൾക്ക് ചിലത് പറഞ്ഞുവെക്കാനുണ്ട്.

ഞങ്ങളുടെ അഭിപ്രായം ശബരിമലയിൽ എന്നല്ല, പുരുഷന് പോകാൻ സാധ്യമായ എല്ലായിടങ്ങളിലും സ്ത്രീകൾക്കും കയറിച്ചെല്ലുവാൻ കഴിയണം എന്ന് തന്നെയാണ്. അത് ഏതെങ്കിലും മതഗ്രന്ഥത്തിന്റെയോ, പാർട്ടി തീരുമാനത്തിന്റെയോ അടിസ്ഥനത്തിൽ അല്ല, മറിച്ച് ഞങ്ങളുടെ ചിന്താഗതികളും, നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയുടെ നിഷ്കർഷണവും കൊണ്ട് മാത്രമാണ്.
ഇന്ത്യ  ഒരു മതേതര രാജ്യമാണ്, മത രാഷ്ട്രമല്ല. ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും ആണ് ഇവിടെ പരമാധികാരം, അതിലെ തുല്ല്യതയ്ക്കുള്ള മൗലികഅവകാശം എവിടെയെങ്കിലും ഹനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടാൽ അത് നിയമപരമായി കൃത്യതയോടുകൂടി നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതികൾക്കുണ്ട്. ഇവിടെയും അതുമാത്രമാണ് സുപ്രിംകോടതി ചെയ്തിട്ടുള്ളത്. ( RIGHT TO EQUALITY ACT, Article 15 of the constitution states that no person shall be discriminated on the basis of religion, race, cast, SEX, or place of birth)

മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റുന്നതിനെ സംബന്ധിച്ച് ഒരു ഹർജി സമർപ്പിക്കപ്പെട്ടാൽ, ‘കയറ്റണം ‘ എന്നത് തന്നെയാവും കോടതിയുടെയും ഒപ്പം ഞങ്ങളുടെയും നിലപാട്. കാരണം രാജ്യത്തിന്റെ നിയമം എല്ലാ മതനിയമങ്ങൾക്കും അതീതമാണ്, എല്ലാ മതസ്ഥർക്കും ആ നിയമങ്ങൾ ഒരേപോലെ ബാധകവുമാണ്.
ശബരിമലയിൽ പോകാൻ ആർക്കും നിയമപരമായി തടസ്സങ്ങൾ ഒന്നുമില്ല എന്നുമാത്രമണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. പോകേണ്ടവർക്ക് പോകാം, പോകുന്നത് നിങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരാണെങ്കിൽ ആ വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ നിയമവ്യവസ്ഥ ഏറ്റെടുക്കും. അത് തീർച്ചയായും സംരക്ഷിക്കപ്പെട്ടിരിക്കും.
ഋതുമതികളുടെ കൈക്കുപിടിച്ച് നിർബന്ധിച്ച് മലകയറ്റാനും മുസ്ലിം സ്ത്രീകളെ പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ച് പള്ളിയിൽ കേറ്റാനുമൊൊന്നും    ഇവിടുത്തെ കോടതികൾ വരില്ല.
(Fundamental right, freedom of religion in india. Article 25-28, indian constitution)

ഞങ്ങളുടെ പുരോഗമനവാദം ഈ ചുരുങ്ങിയ വിശദീകരണത്തിൽ ഒതുങ്ങുന്ന ഒന്നല്ല. എല്ലാ മതങ്ങളുടെയും ഇടുങ്ങിയ ചിന്താഗതികൾ പലപ്പോഴായി തകർക്കപ്പെടുകയും ശാസ്ത്രീയ- പുരോഗമന ചിന്തകൾ നിലയുറപ്പിക്കുകയും ചെയ്തിടത്ത് ആണ് ഈ നാടിന് ഉണ്ടായ മാറ്റങ്ങളുടെ അടിത്തറ നിലനിൽക്കുന്നത്.

അവർണ്ണർ അമ്പലത്തിൽ കയറിയതുപോലെ, സതി നിരോധിക്കപ്പെട്ടതുപോലെ, മുസ്ലിം സ്ത്രീകൾ വാഹനം ഓടിച്ചതുപോലെ, അവർ പൊതുപ്രവർത്തകർ ആയി മാറിയതുപോലെ പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേ ഇരിക്കണം.
മതവും വിശ്വാസങ്ങളും തീർത്തുവെച്ചിരിക്കുന്ന ചങ്ങലകെട്ടുകൾ തകർക്കപ്പെടുകതന്നെ വേണം, പച്ചമനുഷ്യർ ഇനിയും ഈ ഭൂമിയിൽ പിറന്നു വീഴണം എന്നുതന്നെയാണ് ഞങ്ങളുടെ പക്ഷം.

#ഭരണഘടനയോടൊപ്പം.

ആഭ്യന്തര മന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവച്ചു കൊല്ലുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎ

താൻ ആഭ്യന്തര മന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടുമെന്ന് കർണാടക വിജയപുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നൽ. ബുദ്ധിജീവികൾ രാജ്യത്തിനു വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും എംഎൽഎ പറഞ്ഞു.

ജാതി നശീകരണ നവോത്ഥാന ജാഥയ്ക്ക് തുടക്കം കുറിച്ചു

കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി അഡ്വ.രാജഗോപാൽ വാകത്താനം നയിക്കുന്ന ജാതി നശീകരണ ജാഥ വൈക്കത്ത് ആരംഭിച്ചു. പ്രസിഡൻറ് അഡ്വ.കെ.എൻ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ വൈക്കത്ത് നടന്ന സമ്മേളനത്തിൽ കേരളത്തിലെ ചാർവ്വാക കവി കുരീപ്പുഴ ശ്രീകുമാർ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥ ജൂലൈ 28ന് ആലപ്പുഴ, 29 ന്പത്തനംതിട്ട, 30 ന് കൊല്ലം 31 ന് തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തി വെങ്ങാനൂരിൽ അയ്യൻകാളി സ്മൃതി സംഗമത്തോടെ അവസാനിക്കും. അയ്യൻകാളി സ്മൃതി സംഗമം ഡോ.രാജൻ ഗുരുക്കൾ 31 വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും

ജാതി നശീകരണ നവോത്ഥാന ജാഥ

ഇന്ത്യയിൽ അധികാരവും ഭൂവുടമസ്ഥതയും അന്തസും നിലനിൽക്കുന്നത് ജാതി വ്യവസ്ഥയിലാണ്. അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയ പ്രശ്നമായി ജാതിയെ സമീപിക്കാത്തിടത്തോളം ജാതിവിരുദ്ധമായ നിലപാട് അസാദ്ധ്യമാണ്.

ഭൂപരിഷ്ക്കരണത്തിലൂടെ ജാതി പരിഹരിക്കാമെന്നുള്ള സൈദ്ധാന്തികത അപഹാസ്യമാക്കിക്കൊണ്ട് കേരളത്തിൽ 26000 ദളിത് കോളനികൾ നിലനിൽക്കുന്നു. മതാധിപത്യ, സാമുദായിക വോട്ടു രാഷ്ട്രീയത്തെ മറികടന്നു കൊണ്ട് നവോത്ഥാനത്തിലൂടെയേ ജാതിക്കു മേൽ ആഘാത മേൽപ്പിക്കാൻ കഴിയൂ.

ജാതി ജീവിക്കുന്നത് ജനന, മരണ, വിവാഹമടക്കമുള്ള ജാതിസഫലികളിലാണ്. വിപ്ലവവായാടിത്തം കൊണ്ട് ഒരു കാര്യവുമില്ല. മിശ്രഭോജനം ആവശ്യമായിട്ടുള്ള കേരളത്തിൽ, മിശ്രവിവാഹത്തിലൂടെയേ ജാതി നശീകരണം സാധ്യമാകൂ.

ഗോവിന്ദാപുരവും വർക്കലജാതിക്കുളവും വടയമ്പാടി ജാതി മതിലും ഹരിപ്പാട് വെളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ അയിത്തവുമൊക്കെ കേരളത്തിലെ ജാതി ക്യാൻസറുകളെ തുറന്നു കാട്ടുന്നു. മധുവിന്റെയും ആതിരയുടെയും കെവിന്റെയും കൊലപാതകങ്ങൾ മലയാളികളുടെ ജാത്യാസക്തിയുടെ തെളിവുകളാണ്. ജാതി മാനവ വിരുദ്ധമാണ് അതുകൊണ്ടുതന്നെ ജാതി നശീകരണം അത്യന്താപേക്ഷിതമാണ് .

ജാതി വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണ്, ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യുക, ജാതിക്കോളനികൾ നിർമാർജനം ചെയ്യുക, ജാതിരാഷ്ട്രീയത്തെ പരാജയപ്പെടുത്തുക, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുക, നവോത്ഥാന സമരങ്ങൾ സാർത്ഥകമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി അഡ്വ.രാജഗോപാൽ വാകത്താനം നയിക്കുന്ന ‘ജാതി നശീകരണ നവോത്ഥാന ജാഥ ‘  ജൂലൈ 27 ന് രാവിലെ 10ന് വൈക്കം ബോട്ട് ജട്ടിക്ക് സമീപം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും . കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പര്യടനം നടത്തി 31 ന് തിരുവനന്തപുരം വെങ്ങാനൂരിൽ വൈകിട്ട് 5ന് അയ്യൻകാളി സ്മൃതി സംഗമത്തോടെ അവസാനിക്കും. അയ്യൻകാളി സ്മൃതി സംഗമം ഡോ.രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. കന്നുകുഴിഎം.എസ്.മണി, ടി.എച്ച്.പി.ചെന്താരശേരി എന്നിവരെ ആദരിക്കും.

Continue reading “ജാതി നശീകരണ നവോത്ഥാന ജാഥ”