കക്കുകളി നാടകത്തിനെതിരായ സഭയുടെ പ്രതിഷേധം. അടിസ്ഥാനമില്ലാത്തത് _കേരള യുക്തിവാദി സംഘം .

ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി പറവൂർ നെയ്തൽ നാടകസംഘം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ തൃശൂർ അതിരൂപത പ്രഖ്യാപിച്ചിരിക്കുന്ന സമര പരിപാടികൾ അത്യന്തം പ്രതിഷേധാത്മകമാണെന്നും ഉന്നയിക്കുന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്നും കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി പറഞ്ഞു. പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം കാണാതെ നടത്തിയ ഗുണ്ടായിസമാണോ ഈ നാടകത്തിനെതിരെയും എന്ന് അറിയേണ്ടതുണ്ട്. കെ.സി.ബി.സി. തന്നെ പ്രസ്തുത നാടകത്തിന്റെ കൃതിക്ക് അവാർഡ് നൽകിയിട്ടുണ്ടെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. നല്ല സൃഷ്ടി ആയതു കൊണ്ടാണല്ലോ കെ.സി.ബി.സി അവാർഡ് നൽകിയതു്. സഭക്കും ക്രിസ്തീയ വിശ്വാസത്തിനുമെതിരാണെങ്കിൽ കെ.സി.ബി.സി. അവാർഡു നൽകുമോ ? വിശ്വാസികളെ തെരുവിലിറക്കി സമൂഹത്തെ വെല്ലുവിളിക്കാമെന്നാണെങ്കിൽ ഇതു വിമോചന സമരകാലമല്ലെന്ന് സഭ ഓർക്കുന്നതു് നന്നായിരിക്കും.

നിരവധി പെൺകുട്ടികൾ സെമിനാരികളിൽ കൊല്ലപ്പെട്ടിട്ടും ഒട്ടേറെ കന്യാസ്ത്രീകൾ കിണറുകളിൽ വീണു പൊലിഞ്ഞപ്പോഴും അരമനകളിൽ ബലാൽക്കാരം ചെയ്യപ്പെട്ടപ്പോഴും സമർപ്പിത ഭക്തസംഘടനകൾക്കൊന്നും യാതൊരു പ്രതിഷേധവും തോന്നാഞ്ഞതെന്താണ്? ഒരു നാടകം നടത്തുന്നതു കൊണ്ട് തകർന്നു വീഴുന്നതാണ് വിശ്വാസമെങ്കിൽ അതെന്തു വിശ്വാസമാണ്. ക്രിസ്തുവിന്റെ പേരിൽധ്യാന കേന്ദ്രങ്ങളിലും കൃപാസനംപോലുള്ള കൊടിയ തട്ടിപ്പുകളിലും തോന്നാത്ത മതവികാരം ഒരു നാടകത്തിനെതിരെ തോന്നുന്നതെന്തുകൊണ്ടാണ്? ആവിഷ്ക്കാര സ്വാതന്ത്ര്യം ഭരണ ഘടനാപരമായ അവകാശമാണ്. കലാസൃഷ്ടിയെന്ന നിലയിൽ വിമർശിക്കാനുള്ള അവകാശം അംഗീകരിക്കുമ്പോൾ തന്നെ അതിനെ തടയാനുള്ള നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുന്നു.

ഗംഗൻ അഴീക്കോട്

സംസ്ഥാന പ്രസിഡണ്ട് .

ടി.കെ. ശക്തിധരൻ

ജനറൽ സെക്രട്ടറി

11/3/23

പ്രോഗ്രാമുകൾ