മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്ര പരിപാടിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പങ്കെടുത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു.

മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്ര പരിപാടിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പങ്കെടുത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
-കേരള യുക്തിവാദി സംഘം


നിരവധി ആരോപണങ്ങൾ നേരിടുന്ന
തൃശൂർ ജില്ലയിലെ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഇന്നലെ നടന്ന പൊതുപരിപാടിയിൽ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും എം എൽ എ മാരും പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തതിൽ കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു.
നൂറു കണക്കിന് ദുരൂഹ മരണങ്ങൾ ഡിവൈൻ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടു്.
മരുന്ന് പരീക്ഷണങ്ങളടക്കമുള്ള ദുരൂഹ മരണങ്ങൾ അന്വേഷിക്കുന്നതിന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നേരിട്ട് ഉത്തരവിട്ടിരുന്നെങ്കിലും ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലം ഒന്നും വെളിച്ചം കാണുകയോ സത്യം പുറത്തു വരികയോ ഉണ്ടാകാതെ പോയി. ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്ന വിൻസന്റ് ഡി പോളിനായിരുന്നു അന്വേഷണ ചുമതല.
സർക്കാരിന്റെ ക്ഷേമപദ്ധതിയേക്കാളും തങ്ങൾ ചെയ്യുന്നതാണ് മഹത്തായ കാരുണ്യ പ്രവർത്തനമെന്ന് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാൻ പല ദിവ്യൻമാരും ദിവ്യകളും ഇത്തരം ആത്മീയ കേന്ദ്രനടത്തിപ്പുകാരും ചെയ്യുന്നതു് മഹത്തായ കാര്യമായാണ് പ്രചരിപ്പിക്കാറ്. അവരുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടാതിരിക്കാനും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ ഇവർ ചെയ്യുന്നത്. അന്ധവിശ്വാസങ്ങളെ സാധൂകരിക്കാനും അസൻമാർഗിക പ്രവൃത്തികളെ ന്യായീകരിക്കാനും
ജനകീയ നേതാക്കളുടെ ഇത്തരം ഇടപെടൽ മൂലം സാധിക്കുന്നു എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്.
ഡിവൈനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളടക്കം പങ്കെടുത്തതിൽ കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട് .
ടി.കെ. ശക്തിധരൻ
ജനറൽ സെക്രട്ടറി

ഡോ. ശ്യാംകുമാറിന് ഐക്യദാർഢ്യം


ഒരു സ്വകാര്യ മാധ്യമത്തിൽ
ഡോ ടി . എസ്. ശ്യാംകുമാർ രാമായണനിരൂപണം എഴുതുന്നതിനെതിരായുള്ള സംഘപരിവാർ ഭീഷണിയിൽ കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുകയും അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുംചെയ്യുന്നു.
മതസാഹിത്യങ്ങളും ഇതിഹാസങ്ങളടക്കമുള്ള ഇതരസാഹിത്യകൃതികളും വിമർശനത്തിനുവിധേയമാണ്. ജനാധിപത്യ സമൂഹത്തിൽ എഴുത്തുകാരനെന്ന നിലയിൽ ഏതു മാധ്യമങ്ങൾക്കും തൻ്റെ രചനകൾ നൽകുവാനുള്ള സ്വാതന്ത്ര്യവും അവകാശവും എഴുത്തുകാരനുണ്ട്.
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടേതടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ സർക്കുലേഷൻ കുറയുമെന്നും വോട്ടുബാങ്കിനെ ബാധിക്കുമെന്നും കരുതി ഇങ്ങനെയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുവാൻ മുന്നോട്ടു വരില്ലെന്നു നമുക്കറിയാം.
രാമായണ മാസക്കാലത്തോ അല്ലാത്ത കാലത്തോ ഇതേ ലേഖന പരമ്പര പ്രസിദ്ധീകരിക്കുവാൻ ഏതെങ്കിലും മാധ്യമങ്ങൾ തയ്യാറാകുമോ? എല്ലാ മത , ഇതിഹാസ ഗ്രന്ഥങ്ങളേയും നിരൂപണം ചെയ്യാനും അവ പ്രസിദ്ധീകരിക്കാനും എല്ലാ മാധ്യമങ്ങളും മുന്നോട്ടു വരണം. പരസ്പരം സഹകരിച്ചും വിയോജിച്ചുമാണല്ലോ സമൂഹത്തിൻ്റെ സാംസ്കാരിക ബോധം വളരുക. ജമാഅത്തെ ഇസ്ലാമിയുടേയും സംഘപരിവാരത്തിൻ്റെയും രാഷ്ട്രീയത്തോട് വിയോജിക്കുന്നു.
ഡോ. ശ്യാംകുമാറിനെതിരായുള്ള പരിവാർ ഭീഷണിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. അദ്ദേഹത്തിനു് ഐകദാർഢ്യം പ്രഖ്യാപിക്കുന്നു.
ഗംഗൻ അഴിക്കോടു്
സംസ്ഥാനപ്രസിഡണ്ട്.
ടി.കെ. ശക്തീധരൻ
ജനറൽ സെക്രട്ടറി.
കേരള യുക്തിവാദി സംഘം.

RLV രാമകൃഷ്ണനെതിരെ ജാതി -വർണ്ണ അധിക്ഷേപം. നൃത്താദ്ധ്യാപിക സത്യഭാമയെ അറസ്റ്റു ചെയ്യുക -കേരള യുക്തിവാദിസംഘം


മോഹിനിയാട്ടം കലാകാരൻ RLV രാമകൃഷ്ണനെ ജാതിയും വർണ്ണവും പറഞ്ഞും ശരീര വടിവു പറഞ്ഞും അധിക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്രയും ഹീന പരാമർശം നടത്തിയ നൃത്താദ്ധ്യാപിക സത്യഭാമയെ അറസ്റ്റ് ചെയ്യണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു:
രാമകൃഷ്ണന് കാക്കയുടെ നിറമാണ് , പെറ്റ തള്ള കണ്ടാൽ സഹിക്കില്ല, സൗന്ദര്യം ഉണ്ടാകണം..
തുടങ്ങിയ അധിക്ഷേപങ്ങളാണ് സത്യഭാമ , രാമകൃഷ്ണ നെതിരെ ഉന്നയിച്ചത്. മുൻപു് കലാമണ്ഡലം പത്മനാഭനെതിെരെയും ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. കലയിൽ ജാതിയും മതവും നിറവും നിറക്കുന്നത് ആപത്താണ്.
രാമകൃഷ്ണൻ നല്ലൊരു കലാകാരനാണ്. മോഹിനിയാട്ടത്തിലുണ്ടാകേണ്ട ലാസ്യഭാവമെല്ലാം വളരെ തന്മയത്വത്തോടെ ശ്രീ രാമകൃഷ്ണൻ അവരിതപ്പിക്കുന്നുണ്ട്.RLV കോളേജിൽ നിന്നും മോഹിനിയാട്ടം പഠിച്ച ശ്രീ രാമകൃഷ്ണൻ എം.എ.മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക്, പെർഫോമിങ്ങിൽ എംഫിൽ , മോഹിനിയാട്ടത്തിൽ Phd, Net , ദൂർദർശൻ A graded ആർട്ടിസ്റ്റ്, 15 വർഷത്തെ അദ്ധ്യാപകപരിചയം എന്നിവയുള്ള ആളാണ്. കലാകാരൻമാർക്കിടയിലുള്ള അസൂയ, വർണ്ണ വെറി,ജാത്യാധിക്ഷേപം
തുടങ്ങിയവ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. കഴിഞ്ഞ വർഷം മാൻസിയയെന്ന കലാകാരിക്ക് ഇരിങ്ങാലകുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിൽ നിന്നും ക്ഷേത്രം അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.RLV രാമകൃഷ്ണന് എല്ലാ പിൻതുണയും പ്രഖ്യാപിക്കുന്നു.RLV രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താദ്ധ്യാപിക സത്യഭാമയെ അറസ്റ്റ് ചെയ്യുക.
ഗംഗൻ അഴീക്കോട്
പ്രസിഡണ്ട് .
ടി. കെ. ശക്തീധരൻ
ജനറൽ് സെക്രട്ടറി.

മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വഭേദഗതി നിയമം നഗ്നമായ ഭരണഘടനാ ലംഘനം – കേരള യുക്തിവാദിസംഘം

പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിലൂടെ നഗ്നമായ ഭരണഘടനാ ലംഘനമാണ് ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി ആരോപിച്ചു.
1955 ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ വിജ്ഞാപനമായിരിക്കുന്നത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പ്രസ്തുത നിയമം. മുസ്ലിം മതവിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കിയതു് മതപരമായ വിവേചനമാണ്. മുൻപു് കുറഞ്ഞതു് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഇത് 6 വർഷമായി ചുരുങ്ങും.
മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിന് മതം പ്രധാനഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്ല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. ലോക സഭ പാസ്സാക്കി വിജ്ഞാപനമായ പൗരത്വ ഭേദഗതി ബിൽ തുല്യതാവകാശത്തെ ഹനിക്കുകയും ഗുരുതരമായ രാഷ്ട്രീയസാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴി വക്കുന്നതുമാണ്.
ഇൻ്റലിജൻസ് രേഖകൾ പ്രകാരം 30000ൽ അധികം പേർ മാത്രമായിരിക്കും ഗുണഭോക്താക്കളായിരിക്കുക.
സ്റ്റേറ്റ് ഒരു പൗരനോടും ജാതി -മത – ലിംഗ -ജൻമദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ലെന്നു് ഭരണഘടന 15-ാം അനുച്ഛേദത്തിൽ പ്രഖ്യാപിക്കുന്നു. 15-ാം അനുച്ഛേദത്തിനു വിരുദ്ധവും
മത വിവേചനപരവും രാജ്യാന്തര സമൂഹത്തോട് ഇന്ത്യ നിയമപരമായി കാട്ടേണ്ട പ്രതിബദ്ധതയുടെ ലംഘനം കൂടിയാണ് പുതിയ നിയമം .
മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിനു് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്ല്യങ്ങളുടെ ലംഘനമായതുകൊണ്ട് പുതിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട്. ടി.കെ. ശക്തീധരൻ
ജനറൽ സെക്രട്ടറി .
കേരള യുക്തിവാദി സംഘം

പൂക്കോട് വെറ്ററനറി സർവ്വകലാശാലാ വിദ്യാർത്ഥി സിദ്ധാർഥൻ്റെ മരണം _ ആത്മഹത്യ യാണെങ്കിലും കൊലപാതകത്തിനു തുല്ല്യം. – കേരള യുക്തിവാദി സംഘം


പൂക്കോട് വെറ്ററനറി സർവ്വകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം ആത്മഹത്യയാണെങ്കിലും പ്രതികൾക്കെതിരെ മനപൂർവ്വമായ കൊലക്കുറ്റത്തിനു കേസ്സെടുക്കണം.
വളരെ മൃഗീയമായ ആക്രമണമാണ് സിദ്ധാർഥനു നേരെ കാമ്പസിലുണ്ടായത്. കഴിഞ്ഞ 18 നാണ് രണ്ടാം വർഷ ബി.വി. എസ്. സി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ. എസ്. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ ദിനത്തിൽ കോളേജിൽ വിദ്യാർത്ഥിനികൾ ക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സിദ്ധാർഥന് ക്രൂരമർദ്ദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. മൂന്നു ദിവസം ഹോസ്റ്റലിനു മുൻപിൽ ഭക്ഷണവും വെള്ളവും നൽകാതെ കെട്ടിയിട്ടു മർദ്ദിക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്.
S F I യുടെ യൂണിറ്റ് ഭാരവാഹികൾ അടക്കം കേസിൽ പ്രതികളാണ്.
മൂന്നു ദിവസം തുടർച്ചയായി മർദ്ദിച്ചപ്പോൾ കോളേജിലെ മറ്റു കുട്ടികളും അധികാരികളും ഹോസ്റ്റൽ വാർഡനും അറിഞ്ഞില്ലെന്നുണ്ടോ? അതോ അറിഞ്ഞിട്ടും മൗനം പാലിച്ചതോ? അല്ല, കാഴ്ചക്കാരായി നിന്നോ?
സംശയമുയർത്തുന്ന ചോദ്യങ്ങളാണ്.
കാമ്പസിലെ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആൾ കൂട്ട വിചാരണയും ക്രൂരമർദ്ദനവും ആരു നടത്തിയാലും അംഗീകരിക്കാവുന്നതല്ല.
റാഗിങ്ങ് കാമ്പസിൽ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. എല്ലാ കോളേജുകളിലും റാഗിങ്ങ് വിരുദ്ധ സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന പക്ഷം ഞങ്ങൾക്കില്ല. സാംസ്കാരിക രംഗത്ത് ഉന്നത മൂല്ല്യം ഉയർത്തിപ്പിടിച്ച് സമർപ്പിത രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനു കൂടിയുള്ളതാകണം കാമ്പസ് രാഷ്ട്രീയം.
ഗുണ്ടായിസം കാണിച്ചും ഭയപ്പെടുത്തിയും കുട്ടികളെ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമാക്കാൻ കുറച്ചു നാൾ സാധിച്ചെന്നിരിക്കും. അതാണ് ആ പ്രസ്ഥാനത്തിൻ്റെ ശൈലിയെന്ന് അണികൾ മനസ്സിലാക്കുന്ന ഒരു കാലം വരുമെന്ന് ഇത്തരം കുത്സിത പ്രവർത്തനത്തിന് തള്ളിവിടുന്ന ശക്തികൾ മനസ്സിലാക്കിയാൽ നന്ന്. വളരെ ക്രൂരമായ ക്രിമിനൽ കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്.
സിദ്ധാർഥൻ്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം.
മകൻ നഷ്ടപ്പെട്ട സിദ്ധാർഥൻ്റെ കുടുംബത്തിൻ്റെ വേദന മനസ്സിലാക്കുന്നു. അവരോട് ഐക്യപ്പെടുന്നു.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട്.
ടി.കെ. ശക്തിധരൻ
ജനറൽ സെക്രട്ടറി.

ദുരന്തവാഹികളായ കരിയും കരിമരുന്നും ഒഴിവാക്കുക.
-കേരള യുക്തി വാദിസംഘം .


ദുരന്തവാഹികളായ കരിയും കരിമരുന്നും ഉത്സവപ്പറമ്പുകളിൽ നിന്നും പള്ളിപ്പെരുന്നാളുകളിൽ നിന്നും മലയാളി ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട സംഘടനകളോട് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ദുരന്തങ്ങൾ പെരുമഴ പോലെ വന്നിട്ടും നിയമത്തിന് പുല്ലു വില കല്പിക്കുന്ന ഭക്തൻമാരും എല്ലാത്തിനും കണ്ണടച്ച് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും ഈ നാടിൻ്റെ ശാപമായി മാറുന്നു. വെടിക്കെട്ടപകടങ്ങൾ തുടർക്കഥയാവുമ്പോഴും വെടിമരുന്നുപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കുന്നില്ല.
1952 ൽ നടന്ന ശബരിമല വെടിക്കെട്ടപകടം മുതൽ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലുണ്ടായതടക്കം വെടിക്കെട്ടപകടങ്ങളിൽനാനൂറിൽ താഴെ പേർ ഇതിനകം കൊല്ല
പ്പെട്ടിട്ടുണ്ട്
2016 ൽപുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ മാത്രം 114 പേർ മരണപ്പെട്ടു. പരുക്ക് പറ്റിയവരുടെയും തകർന്ന കെട്ടിടങ്ങളുടെയും കണക്കുകൾ വേറെ . വെടി മരുന്ന് കൈകാര്യം ചെയ്യുന്നതിലെ ജാഗ്രത കുറവും അനധികൃതമായി ആവശ്യത്തിൽ കവിഞ്ഞ വെടി മരുന്ന് സൂക്ഷിക്കുന്നതും മൂലമാണ് അപകടമുണ്ടാകുന്നത്. പരിശോധിച്ച് ജാഗ്രത പാലിക്കേണ്ട അധികൃതർക്ക് ഇതൊന്നും അറിവില്ലാതെയല്ല. ഗവൺമെൻ്റോ കോടതി യോ ഒരു ഉത്തരവിട്ടാൽ അതിനെ മറികടക്കാൻ അമ്പല / പള്ളി ക്കമ്മറ്റിക്കാർ ഒന്നടങ്കം രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും അതുവഴി ഗവൺമെൻ്റിനെ തന്നെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയാലാക്കുന്നു. വെടിക്കെട്ടുപോലെത്തന്നെ ആന എഴുന്നുള്ളിപ്പും അപകടകരമാണ്. കൊടുംവേനൽ ചൂട് സഹിക്കാനാകാത്തതാണ് മിണ്ടാ പ്രാണികളായ ആനകൾ ഇടയുന്നതിൻ്റെ പ്രധാന കാരണം. മതിയായ വെള്ളവും ഭക്ഷണവും വിശ്രമവും നൽകാതെ പീഡിപ്പിക്കുന്നതും ആനയെ പ്രകോപിതരാക്കുന്നു. ആനക്ക് ഒരു ദിവസം ചുരുങ്ങിയത് 250 ലിറ്റർ വെള്ളവും അതനുസരിച്ചുള്ള ഭക്ഷണവും വേണം.
എഴുന്നുള്ളത്തുകളിൽ നിന്ന് എഴുന്നുള്ളത്തുകളിലേക്ക് ഇവയെ പറത്തുന്നതു മൂലം ആനക്കും ആനക്കാരനും ശരിയാം വണ്ണം ഉറക്കം കിട്ടു കയില്ല. പാപ്പാൻ്റെ കലി പലപ്പോഴും തീർക്കുന്നത് മിണ്ടാപ്രാണികളോടാണ്. വെടിക്കെട്ടു ദുരന്തം പോലെ ഓരോതവണയും ആനകൾ ദുരന്തം വിതക്കുമ്പോൾ ഭരണാധികാരികൾ ചില്ലറ പ്രസ്താവനകൾ നടത്തി ഫയൽ ക്ലോസ് ചെയ്യുന്നു. 2013 മാർച്ച് 20 ന് വനംവകുപ്പ് പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആനകളെ എഴുന്നുള്ളിക്കാൻ കൊണ്ടുപോകുമ്പോൾ ബന്ധപ്പെട്ട ഡി. എഫ് ഒ മാരെ അറിയിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. എന്നാലിത് നടക്കാറില്ല. മൂവ്മെൻ്റ് രജിസ്റ്റർ, ഭക്ഷണ രജിസ്റ്റർ ,പ്രവൃത്തി രജിസ്റ്റർ, കുത്തിവെപ്പു രജിസ്റ്റർ, ചികിത്സാ ര ജിസ്റ്റർ തുടങ്ങി അഞ്ചു രജിസ്റ്ററുകൾ ആനയോടൊപ്പം അനക്കാരൻ സൂക്ഷിക്കണമെന്നുണ്ട്.
2010 ൽ ആനയെ പൈതൃക ജീവിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലും വന്യജീവി നിയമ പ്രകാരവും ആനകളെ പൂരത്തിനും ഉത്സവത്തിനും എഴുന്നുള്ളിപ്പിക്കരുതെന്ന് കേന്ദ്ര മൃഗബോർഡ് പറയുന്നു .വന്യജീവി സംരക്ഷണ നിയമപ്രകാരം ബന്ധിത ആനകളിൽ ചങ്ങലയടക്കം പരമാവധി 1000 കിലോ ഭാരമേ പാടുള്ളൂ. എന്നാൽ എഴുന്നുള്ളിക്കുന്ന ആനകൾ ഇതേക്കാൾ ഭാരംവഹിക്കുകയാണ്. ചങ്ങലക്ക് മാത്രം ഏതാണ്ട് 500 കിലോ തൂക്കം വരും. കനത്ത പുഷ്പമാല കൊണ്ട് അലങ്കരിച്ച കോലത്തിന് 350 കിലോയോളം തൂക്കം വരും. പൂരങ്ങൾക്കും ഉത്സവങ്ങൾക്കും എഴുന്നുള്ളിക്കുന്ന ആനകളും മനുഷ്യനെപ്പോലെ ജീവനും വികാരവുമുള്ള ജീവിയാണെന്ന് ആരും അംഗീകരിക്കുന്നില്ല. കരിയും കരിമരുന്നും വേണ്ടെന്നു പറഞ്ഞത് ശ്രീ നാരായണഗുരുവാണ്. ഗുരുശിഷ്യർ തന്നെ തങ്ങളുടെ ക്ഷേത്രങ്ങളിൽ കരിയും കരിമരുന്നും ഉപയോഗികയെന്നത് ഗുരുവിനോടുള്ള അനാദരവു് എന്നേ പറയാനുള്ളൂ. ഭക്തർക്കും ഭക്തസംഘടനകൾക്കും വീണ്ടുവിചാരമുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട് . ടി.കെ. ശക്തിധരൻ
ജനറൽ സെക്രട്ടറി.
കേരള യുക്തിവാദി സംഘം.


സർക്കാർ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുത്.
നിയമസഭാമന്ദിര നിർമ്മാണത്തെ പരിഹസിച്ച് സംസാരിച്ച
ഗൗരീ ലക്ഷ്മീഭായിയുടെ പ്രസ്താവനയിൽ അപലപിക്കുന്നു.

– കേരള യുക്തിവാദി സംഘം

സർക്കാർ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുതെന്നും കപട ശാസ്ത്രമായ വാസ്തു നോക്കാത്തതു കൊണ്ടാണ് കേരള നിയമസഭയിൽ സ്ഥിരം വഴക്കെന്നുമുള്ള തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരീ ലക്ഷ്മീഭായിയുടെ പ്രസ്താവനയിലും കേരള യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു.
കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള വാസ്തു വിദ്യാഗുരുകുലം നടത്തിയ പൈതൃകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് അശാസ്ത്രീയമായ ഇത്തരം പ്രസ്താവന അവർ നടത്തിയത്. രാജഭരണം മാറി ജനായത്ത ഭരണം നിലവിൽ വന്നിട്ടും ഇത്തരം വ്യക്തിത്വങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് ജനകീയ ജനാധിപത്യത്തിന് ഭൂഷണമല്ല.
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടാൻ ഒരു കൂടു വക്കുകയെന്നത് എല്ലാ ജീവജാലങ്ങളുടേയും നൈസർഗ്ഗിക വാസനയാണ്. മനുഷ്യന്റെ സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തിനനു സരിച്ച് ഗൃഹനിർമ്മാണത്തിലും പരിഷ്കാരങ്ങൾ വന്നു. വാസ്തു ശാസ്ത്രത്തിൽ വർണ്ണ വ്യവസ്ഥ പ്രകടമാണ്. ജാതികൾ കൂടിക്കലർന്നു ജീവിക്കാതിരിക്കാൻ ബ്രാഹ്മണന്റെ ഭൂമിക്ക്‌വെളുത്ത നിറം, ക്ഷത്രിയന് ചുവപ്പനിറമുള്ള ഭൂമി, വൈശ്യന് മഞ്ഞ നിറമുള്ളഭൂമി, ശൂദ്രന് മദ്യത്തിന്റെ മണമുള്ള കറുത്ത ഭൂമി എന്നിങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. കക്കൂസിനെ കുറിച്ചും ഫ്ലാറ്റിനെ കുറിച്ചും വാസ്തു ശാസ്ത്രത്തിൽ പ്രതിപാദനമില്ല. വാസ്തു ശാസ്ത്രം മനുഷ്യന്റെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള കപട ശാസ്ത്രമാണ്. വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ഒന്നല്ല.
പൂർണ്ണമായും വാസ്തു നോക്കി പണികഴിപ്പിച്ചതാണ് തക്കലയിലെ പത്മനാഭപുരം കൊട്ടാരം. വാസ്തു നന്നായാൽ വഴക്കില്ലാതിരിക്കുമെങ്കിൽ പത്മനാഭപുരം കൊട്ടാരത്തിൽ അതില്ലാതിരിക്കണമായിരുന്നു. രാജകുടുംബത്തിലെ കലഹങ്ങളും യുദ്ധവും അകാല മരണങ്ങളുമെല്ലാം വാസ്തു നോക്കിയിട്ടെന്തേ സംഭവിച്ചത്? ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അവിടെ അഭിപ്രായവും അഭിപ്രായവത്യാസവുമുണ്ടാവും ,വാക്കൗട്ടുണ്ടാകും , വഴക്കുണ്ടാകും ,സ്വാഭാവികം. അതെല്ലാം ജനാധിപത്യത്തിലെ സംവാദത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ കൂടിയിരുന്ന് നിയമനിർമ്മാണവും നിർവ്വഹണവും ചർച്ച ചെയ്യുന്ന നിയമസഭക്ക് വാസ്തു ദോഷം കൽപ്പിക്കുന്ന ഇത്തരം മഹതികളെയും മഹാൻമാരേയും സർക്കാർ വേദികളിൽ ആനയിച്ചുകൊണ്ടു വരാതിരിക്കാനുള്ള സൻമനസ്സെങ്കിലും പുരോഗമനം പറയുന്ന സർക്കാരിനുണ്ടാകണം.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട്
ടി.കെ.ശക്തീധരൻ
ജനറൽ സെക്രട്ടറി
കേരള യുക്തിവാദി സംഘം .

ബ്രഹ്മപുരം തീപിടുത്തം , കടുത്ത മനുഷ്യാവകാശ ലംഘനം. ഹൈക്കോടതി കേസെടുക്കണം _ കേരള യുക്തിവാദി സംഘം .

ബ്രഹ്മപുരത്ത് ലക്ഷക്കണക്കിന് ടൺ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതു മൂലമുണ്ടായത് ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമാണെന്ന് കേരള യുക്തിവാദി സംഘം ആരോപിച്ചു. ശുദ്ധമായ വായുവും ഭക്ഷണവും കുടിവെള്ളവുമുറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഭരണ- പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങളല്ല ജനങ്ങൾക്കാവശ്യം. ബ്രഹ്മപുരത്ത് അധികൃതർ ഗുരുതര വീഴ്ച വരുത്തി. വിഷപ്പുക ശ്വസിച്ച കൊച്ചിയിലെ ജനങ്ങൾ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നതു്. പ്ലാസ്റ്റിക് കത്തുമ്പോളുണ്ടാകുന്ന കാർബൺ മോണോക്സൈഡും ഡയോക്സിനും ഗുരുതര ആരോഗ്യപ്രശ്നങ്ങളാണു ണ്ടാക്കുന്നതു്. ഈ വിഷപ്പുക കാൻസറിനും ശ്വാസകോശ രോഗങ്ങൾക്കും കാരണമായേക്കാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. മാലിന്യ സംസ്കരണ രംഗത്ത് പൊതുബോധം വളർത്തിയെടുക്കേണ്ടതുണ്ട്. ശുചി മുറിയിലെ മാലിന്യങ്ങൾ വരെ അന്യന്റെ പാടത്തും പറമ്പിലും തള്ളുന്ന അവസ്ഥയാണ് നിലവിലുള്ളത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കണം. ബ്രഹ്മപുരവും ലാലൂരും വിളപ്പിൽശാലയും ഞെളിയൻപറമ്പുമെല്ലാം നമ്മുടെ തീരാത്ത പരിസ്ഥിതി പ്രശ്നങ്ങളാണ്. ആരോഗ്യ സാമൂഹിക സൂചികകളിൽ ഏറെ മുന്നിലുള്ള കേരളത്തിലെ ഒരു നഗരം പോലും രാജ്യത്തെ വൃത്തിയുളള നഗരങ്ങളുടെ പട്ടികയിൽ ആദ്യ 150 ൽ പോലുമില്ല. കാര്യക്ഷമമായ മാലിന്യ സംസ്കരണത്തിന് മദ്ധ്യപ്രദേശിലെ ഇൻഡോർ മാതൃക നമുക്കു മുന്നിലുണ്ട്. 35 ലക്ഷം ജനങ്ങൾ തിങ്ങി താമസിക്കുന്ന ഇൻഡോർ മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് മാതൃകയാണ്, ഒപ്പം അവർ അതിൽ നിന്നും വരുമാനവുമുണ്ടാക്കുന്നു. മാലിന്യ സംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവം മാറണം. ഓരോ പഞ്ചായത്തിലും ശാസ്ത്രീയരീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഗ്രാമ പഞ്ചായത്തുകൾ മുൻ കൈ എടുത്തു നടപ്പാക്കണം. ഉറവിടത്തിൽ തന്നെ പരമാവധി മാലിന്യങ്ങൾ സംസ്കരിക്കണം. ബയോഗ്യാസ് പ്ലാന്റുകൾ പ്രോത്സാഹിപ്പിക്കണം. മനുഷ്യ ജീവനും പ്രകൃതിക്കും നാശം വിതക്കുന്ന അശാസ്ത്രീയരീതി അവസാനിപ്പിക്കണം. ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിക്കാനുണ്ടായ സാഹചര്യം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ച് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം.

ഗംഗൻ അഴീക്കോട് ,

സംസ്ഥാന പ്രസിഡണ്ട് .

ടി.കെ. ശക്തീധരൻ ,

ജനറൽ സെക്രട്ടറി .

കേരള യുക്തിവാദി സംഘം .

കക്കുകളി നാടകത്തിനെതിരായ സഭയുടെ പ്രതിഷേധം. അടിസ്ഥാനമില്ലാത്തത് _കേരള യുക്തിവാദി സംഘം .

ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി പറവൂർ നെയ്തൽ നാടകസംഘം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ തൃശൂർ അതിരൂപത പ്രഖ്യാപിച്ചിരിക്കുന്ന സമര പരിപാടികൾ അത്യന്തം പ്രതിഷേധാത്മകമാണെന്നും ഉന്നയിക്കുന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്നും കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി പറഞ്ഞു. പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം കാണാതെ നടത്തിയ ഗുണ്ടായിസമാണോ ഈ നാടകത്തിനെതിരെയും എന്ന് അറിയേണ്ടതുണ്ട്. കെ.സി.ബി.സി. തന്നെ പ്രസ്തുത നാടകത്തിന്റെ കൃതിക്ക് അവാർഡ് നൽകിയിട്ടുണ്ടെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. നല്ല സൃഷ്ടി ആയതു കൊണ്ടാണല്ലോ കെ.സി.ബി.സി അവാർഡ് നൽകിയതു്. സഭക്കും ക്രിസ്തീയ വിശ്വാസത്തിനുമെതിരാണെങ്കിൽ കെ.സി.ബി.സി. അവാർഡു നൽകുമോ ? വിശ്വാസികളെ തെരുവിലിറക്കി സമൂഹത്തെ വെല്ലുവിളിക്കാമെന്നാണെങ്കിൽ ഇതു വിമോചന സമരകാലമല്ലെന്ന് സഭ ഓർക്കുന്നതു് നന്നായിരിക്കും.

നിരവധി പെൺകുട്ടികൾ സെമിനാരികളിൽ കൊല്ലപ്പെട്ടിട്ടും ഒട്ടേറെ കന്യാസ്ത്രീകൾ കിണറുകളിൽ വീണു പൊലിഞ്ഞപ്പോഴും അരമനകളിൽ ബലാൽക്കാരം ചെയ്യപ്പെട്ടപ്പോഴും സമർപ്പിത ഭക്തസംഘടനകൾക്കൊന്നും യാതൊരു പ്രതിഷേധവും തോന്നാഞ്ഞതെന്താണ്? ഒരു നാടകം നടത്തുന്നതു കൊണ്ട് തകർന്നു വീഴുന്നതാണ് വിശ്വാസമെങ്കിൽ അതെന്തു വിശ്വാസമാണ്. ക്രിസ്തുവിന്റെ പേരിൽധ്യാന കേന്ദ്രങ്ങളിലും കൃപാസനംപോലുള്ള കൊടിയ തട്ടിപ്പുകളിലും തോന്നാത്ത മതവികാരം ഒരു നാടകത്തിനെതിരെ തോന്നുന്നതെന്തുകൊണ്ടാണ്? ആവിഷ്ക്കാര സ്വാതന്ത്ര്യം ഭരണ ഘടനാപരമായ അവകാശമാണ്. കലാസൃഷ്ടിയെന്ന നിലയിൽ വിമർശിക്കാനുള്ള അവകാശം അംഗീകരിക്കുമ്പോൾ തന്നെ അതിനെ തടയാനുള്ള നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുന്നു.

ഗംഗൻ അഴീക്കോട്

സംസ്ഥാന പ്രസിഡണ്ട് .

ടി.കെ. ശക്തിധരൻ

ജനറൽ സെക്രട്ടറി

11/3/23

ബജററിൽ ക്ഷേത്രങ്ങൾക്ക് കോടികൾ , ശാസ്ത്ര ബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ നയാ പൈസയില്ല. പ്രതിഷേധിക്കുക -കേരള യുക്തിവാദി സംഘം.


  • 2023 കേരള ബജററിൽ തൃശൂർ പൂരമടക്കമുള്ള നടത്തിപ്പിന് ക്ഷേത്രങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വക കൊള്ളിച്ചിട്ടുള്ളതു്. തൃശൂർ ജില്ലയിൽ മാത്രം 8 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മത സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുകവഴി ശക്തമായ മതപ്രീണ നവും ഭരണഘടനാ ലംഘനവുമാണ് ഗവൺമെന്റ് ചെയ്യുന്നതു്. തൊട്ടതിനെല്ലാം ഫീസ് വർധിപ്പിച്ചും അനാവശ്യ സെസ്സുകൾ ഏർപ്പെടുത്തിയുമാണ് ഗവൺമെന്റ് ഈ ഫണ്ടു് കണ്ടെത്തുന്നതു്. സമൂഹത്തിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്താൻ ഗവൺമെന്റ് പ്രതിജ്ഞാ ബദ്ധമാന്നെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരി ക്കുന്ന മുഖ്യമന്ത്രിയും ഗവൺമെന്റും അത്തരം നടപടികൾക്ക് ഒരു രൂപപോലും ബജററിൽ വകയിരുത്തിയിട്ടില്ല എന്നത് തികച്ചും അപലപനീയമാണ്. ഗവൺമെന്റിന്റെ ഈ നടപടയിൽ കേരള യുക്തിവാദി സംഘം സംസഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
    ഗംഗൻ അഴീക്കോട്
    സംസ്ഥാന പ്രസിഡണ്ട് .
    ടി.കെ. ശക്തീധരൻ
    ജനറൽ സെക്രട്ടറി
    5/2/23