മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വഭേദഗതി നിയമം നഗ്നമായ ഭരണഘടനാ ലംഘനം – കേരള യുക്തിവാദിസംഘം

പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിലൂടെ നഗ്നമായ ഭരണഘടനാ ലംഘനമാണ് ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി ആരോപിച്ചു.
1955 ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ വിജ്ഞാപനമായിരിക്കുന്നത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പ്രസ്തുത നിയമം. മുസ്ലിം മതവിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കിയതു് മതപരമായ വിവേചനമാണ്. മുൻപു് കുറഞ്ഞതു് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഇത് 6 വർഷമായി ചുരുങ്ങും.
മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിന് മതം പ്രധാനഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്ല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. ലോക സഭ പാസ്സാക്കി വിജ്ഞാപനമായ പൗരത്വ ഭേദഗതി ബിൽ തുല്യതാവകാശത്തെ ഹനിക്കുകയും ഗുരുതരമായ രാഷ്ട്രീയസാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴി വക്കുന്നതുമാണ്.
ഇൻ്റലിജൻസ് രേഖകൾ പ്രകാരം 30000ൽ അധികം പേർ മാത്രമായിരിക്കും ഗുണഭോക്താക്കളായിരിക്കുക.
സ്റ്റേറ്റ് ഒരു പൗരനോടും ജാതി -മത – ലിംഗ -ജൻമദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ലെന്നു് ഭരണഘടന 15-ാം അനുച്ഛേദത്തിൽ പ്രഖ്യാപിക്കുന്നു. 15-ാം അനുച്ഛേദത്തിനു വിരുദ്ധവും
മത വിവേചനപരവും രാജ്യാന്തര സമൂഹത്തോട് ഇന്ത്യ നിയമപരമായി കാട്ടേണ്ട പ്രതിബദ്ധതയുടെ ലംഘനം കൂടിയാണ് പുതിയ നിയമം .
മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിനു് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്ല്യങ്ങളുടെ ലംഘനമായതുകൊണ്ട് പുതിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട്. ടി.കെ. ശക്തീധരൻ
ജനറൽ സെക്രട്ടറി .
കേരള യുക്തിവാദി സംഘം

Leave a Reply

Your email address will not be published. Required fields are marked *