പൂക്കോട് വെറ്ററനറി സർവ്വകലാശാലാ വിദ്യാർത്ഥി സിദ്ധാർഥൻ്റെ മരണം _ ആത്മഹത്യ യാണെങ്കിലും കൊലപാതകത്തിനു തുല്ല്യം. – കേരള യുക്തിവാദി സംഘം


പൂക്കോട് വെറ്ററനറി സർവ്വകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം ആത്മഹത്യയാണെങ്കിലും പ്രതികൾക്കെതിരെ മനപൂർവ്വമായ കൊലക്കുറ്റത്തിനു കേസ്സെടുക്കണം.
വളരെ മൃഗീയമായ ആക്രമണമാണ് സിദ്ധാർഥനു നേരെ കാമ്പസിലുണ്ടായത്. കഴിഞ്ഞ 18 നാണ് രണ്ടാം വർഷ ബി.വി. എസ്. സി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ. എസ്. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ ദിനത്തിൽ കോളേജിൽ വിദ്യാർത്ഥിനികൾ ക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സിദ്ധാർഥന് ക്രൂരമർദ്ദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. മൂന്നു ദിവസം ഹോസ്റ്റലിനു മുൻപിൽ ഭക്ഷണവും വെള്ളവും നൽകാതെ കെട്ടിയിട്ടു മർദ്ദിക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്.
S F I യുടെ യൂണിറ്റ് ഭാരവാഹികൾ അടക്കം കേസിൽ പ്രതികളാണ്.
മൂന്നു ദിവസം തുടർച്ചയായി മർദ്ദിച്ചപ്പോൾ കോളേജിലെ മറ്റു കുട്ടികളും അധികാരികളും ഹോസ്റ്റൽ വാർഡനും അറിഞ്ഞില്ലെന്നുണ്ടോ? അതോ അറിഞ്ഞിട്ടും മൗനം പാലിച്ചതോ? അല്ല, കാഴ്ചക്കാരായി നിന്നോ?
സംശയമുയർത്തുന്ന ചോദ്യങ്ങളാണ്.
കാമ്പസിലെ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആൾ കൂട്ട വിചാരണയും ക്രൂരമർദ്ദനവും ആരു നടത്തിയാലും അംഗീകരിക്കാവുന്നതല്ല.
റാഗിങ്ങ് കാമ്പസിൽ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. എല്ലാ കോളേജുകളിലും റാഗിങ്ങ് വിരുദ്ധ സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന പക്ഷം ഞങ്ങൾക്കില്ല. സാംസ്കാരിക രംഗത്ത് ഉന്നത മൂല്ല്യം ഉയർത്തിപ്പിടിച്ച് സമർപ്പിത രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനു കൂടിയുള്ളതാകണം കാമ്പസ് രാഷ്ട്രീയം.
ഗുണ്ടായിസം കാണിച്ചും ഭയപ്പെടുത്തിയും കുട്ടികളെ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമാക്കാൻ കുറച്ചു നാൾ സാധിച്ചെന്നിരിക്കും. അതാണ് ആ പ്രസ്ഥാനത്തിൻ്റെ ശൈലിയെന്ന് അണികൾ മനസ്സിലാക്കുന്ന ഒരു കാലം വരുമെന്ന് ഇത്തരം കുത്സിത പ്രവർത്തനത്തിന് തള്ളിവിടുന്ന ശക്തികൾ മനസ്സിലാക്കിയാൽ നന്ന്. വളരെ ക്രൂരമായ ക്രിമിനൽ കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്.
സിദ്ധാർഥൻ്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം.
മകൻ നഷ്ടപ്പെട്ട സിദ്ധാർഥൻ്റെ കുടുംബത്തിൻ്റെ വേദന മനസ്സിലാക്കുന്നു. അവരോട് ഐക്യപ്പെടുന്നു.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട്.
ടി.കെ. ശക്തിധരൻ
ജനറൽ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *