ദുരന്തവാഹികളായ കരിയും കരിമരുന്നും ഉത്സവപ്പറമ്പുകളിൽ നിന്നും പള്ളിപ്പെരുന്നാളുകളിൽ നിന്നും മലയാളി ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട സംഘടനകളോട് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ദുരന്തങ്ങൾ പെരുമഴ പോലെ വന്നിട്ടും നിയമത്തിന് പുല്ലു വില കല്പിക്കുന്ന ഭക്തൻമാരും എല്ലാത്തിനും കണ്ണടച്ച് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും ഈ നാടിൻ്റെ ശാപമായി മാറുന്നു. വെടിക്കെട്ടപകടങ്ങൾ തുടർക്കഥയാവുമ്പോഴും വെടിമരുന്നുപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കുന്നില്ല.
1952 ൽ നടന്ന ശബരിമല വെടിക്കെട്ടപകടം മുതൽ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലുണ്ടായതടക്കം വെടിക്കെട്ടപകടങ്ങളിൽനാനൂറിൽ താഴെ പേർ ഇതിനകം കൊല്ല
പ്പെട്ടിട്ടുണ്ട്
2016 ൽപുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ മാത്രം 114 പേർ മരണപ്പെട്ടു. പരുക്ക് പറ്റിയവരുടെയും തകർന്ന കെട്ടിടങ്ങളുടെയും കണക്കുകൾ വേറെ . വെടി മരുന്ന് കൈകാര്യം ചെയ്യുന്നതിലെ ജാഗ്രത കുറവും അനധികൃതമായി ആവശ്യത്തിൽ കവിഞ്ഞ വെടി മരുന്ന് സൂക്ഷിക്കുന്നതും മൂലമാണ് അപകടമുണ്ടാകുന്നത്. പരിശോധിച്ച് ജാഗ്രത പാലിക്കേണ്ട അധികൃതർക്ക് ഇതൊന്നും അറിവില്ലാതെയല്ല. ഗവൺമെൻ്റോ കോടതി യോ ഒരു ഉത്തരവിട്ടാൽ അതിനെ മറികടക്കാൻ അമ്പല / പള്ളി ക്കമ്മറ്റിക്കാർ ഒന്നടങ്കം രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും അതുവഴി ഗവൺമെൻ്റിനെ തന്നെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയാലാക്കുന്നു. വെടിക്കെട്ടുപോലെത്തന്നെ ആന എഴുന്നുള്ളിപ്പും അപകടകരമാണ്. കൊടുംവേനൽ ചൂട് സഹിക്കാനാകാത്തതാണ് മിണ്ടാ പ്രാണികളായ ആനകൾ ഇടയുന്നതിൻ്റെ പ്രധാന കാരണം. മതിയായ വെള്ളവും ഭക്ഷണവും വിശ്രമവും നൽകാതെ പീഡിപ്പിക്കുന്നതും ആനയെ പ്രകോപിതരാക്കുന്നു. ആനക്ക് ഒരു ദിവസം ചുരുങ്ങിയത് 250 ലിറ്റർ വെള്ളവും അതനുസരിച്ചുള്ള ഭക്ഷണവും വേണം.
എഴുന്നുള്ളത്തുകളിൽ നിന്ന് എഴുന്നുള്ളത്തുകളിലേക്ക് ഇവയെ പറത്തുന്നതു മൂലം ആനക്കും ആനക്കാരനും ശരിയാം വണ്ണം ഉറക്കം കിട്ടു കയില്ല. പാപ്പാൻ്റെ കലി പലപ്പോഴും തീർക്കുന്നത് മിണ്ടാപ്രാണികളോടാണ്. വെടിക്കെട്ടു ദുരന്തം പോലെ ഓരോതവണയും ആനകൾ ദുരന്തം വിതക്കുമ്പോൾ ഭരണാധികാരികൾ ചില്ലറ പ്രസ്താവനകൾ നടത്തി ഫയൽ ക്ലോസ് ചെയ്യുന്നു. 2013 മാർച്ച് 20 ന് വനംവകുപ്പ് പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആനകളെ എഴുന്നുള്ളിക്കാൻ കൊണ്ടുപോകുമ്പോൾ ബന്ധപ്പെട്ട ഡി. എഫ് ഒ മാരെ അറിയിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. എന്നാലിത് നടക്കാറില്ല. മൂവ്മെൻ്റ് രജിസ്റ്റർ, ഭക്ഷണ രജിസ്റ്റർ ,പ്രവൃത്തി രജിസ്റ്റർ, കുത്തിവെപ്പു രജിസ്റ്റർ, ചികിത്സാ ര ജിസ്റ്റർ തുടങ്ങി അഞ്ചു രജിസ്റ്ററുകൾ ആനയോടൊപ്പം അനക്കാരൻ സൂക്ഷിക്കണമെന്നുണ്ട്.
2010 ൽ ആനയെ പൈതൃക ജീവിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലും വന്യജീവി നിയമ പ്രകാരവും ആനകളെ പൂരത്തിനും ഉത്സവത്തിനും എഴുന്നുള്ളിപ്പിക്കരുതെന്ന് കേന്ദ്ര മൃഗബോർഡ് പറയുന്നു .വന്യജീവി സംരക്ഷണ നിയമപ്രകാരം ബന്ധിത ആനകളിൽ ചങ്ങലയടക്കം പരമാവധി 1000 കിലോ ഭാരമേ പാടുള്ളൂ. എന്നാൽ എഴുന്നുള്ളിക്കുന്ന ആനകൾ ഇതേക്കാൾ ഭാരംവഹിക്കുകയാണ്. ചങ്ങലക്ക് മാത്രം ഏതാണ്ട് 500 കിലോ തൂക്കം വരും. കനത്ത പുഷ്പമാല കൊണ്ട് അലങ്കരിച്ച കോലത്തിന് 350 കിലോയോളം തൂക്കം വരും. പൂരങ്ങൾക്കും ഉത്സവങ്ങൾക്കും എഴുന്നുള്ളിക്കുന്ന ആനകളും മനുഷ്യനെപ്പോലെ ജീവനും വികാരവുമുള്ള ജീവിയാണെന്ന് ആരും അംഗീകരിക്കുന്നില്ല. കരിയും കരിമരുന്നും വേണ്ടെന്നു പറഞ്ഞത് ശ്രീ നാരായണഗുരുവാണ്. ഗുരുശിഷ്യർ തന്നെ തങ്ങളുടെ ക്ഷേത്രങ്ങളിൽ കരിയും കരിമരുന്നും ഉപയോഗികയെന്നത് ഗുരുവിനോടുള്ള അനാദരവു് എന്നേ പറയാനുള്ളൂ. ഭക്തർക്കും ഭക്തസംഘടനകൾക്കും വീണ്ടുവിചാരമുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട് . ടി.കെ. ശക്തിധരൻ
ജനറൽ സെക്രട്ടറി.
കേരള യുക്തിവാദി സംഘം.