– കേരള യുക്തിവാദി സംഘം
സർക്കാർ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുതെന്നും കപട ശാസ്ത്രമായ വാസ്തു നോക്കാത്തതു കൊണ്ടാണ് കേരള നിയമസഭയിൽ സ്ഥിരം വഴക്കെന്നുമുള്ള തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരീ ലക്ഷ്മീഭായിയുടെ പ്രസ്താവനയിലും കേരള യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു.
കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള വാസ്തു വിദ്യാഗുരുകുലം നടത്തിയ പൈതൃകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് അശാസ്ത്രീയമായ ഇത്തരം പ്രസ്താവന അവർ നടത്തിയത്. രാജഭരണം മാറി ജനായത്ത ഭരണം നിലവിൽ വന്നിട്ടും ഇത്തരം വ്യക്തിത്വങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് ജനകീയ ജനാധിപത്യത്തിന് ഭൂഷണമല്ല.
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടാൻ ഒരു കൂടു വക്കുകയെന്നത് എല്ലാ ജീവജാലങ്ങളുടേയും നൈസർഗ്ഗിക വാസനയാണ്. മനുഷ്യന്റെ സാങ്കേതികവിദ്യയിൽ വന്ന മാറ്റത്തിനനു സരിച്ച് ഗൃഹനിർമ്മാണത്തിലും പരിഷ്കാരങ്ങൾ വന്നു. വാസ്തു ശാസ്ത്രത്തിൽ വർണ്ണ വ്യവസ്ഥ പ്രകടമാണ്. ജാതികൾ കൂടിക്കലർന്നു ജീവിക്കാതിരിക്കാൻ ബ്രാഹ്മണന്റെ ഭൂമിക്ക്‌വെളുത്ത നിറം, ക്ഷത്രിയന് ചുവപ്പനിറമുള്ള ഭൂമി, വൈശ്യന് മഞ്ഞ നിറമുള്ളഭൂമി, ശൂദ്രന് മദ്യത്തിന്റെ മണമുള്ള കറുത്ത ഭൂമി എന്നിങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. കക്കൂസിനെ കുറിച്ചും ഫ്ലാറ്റിനെ കുറിച്ചും വാസ്തു ശാസ്ത്രത്തിൽ പ്രതിപാദനമില്ല. വാസ്തു ശാസ്ത്രം മനുഷ്യന്റെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള കപട ശാസ്ത്രമാണ്. വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ഒന്നല്ല.
പൂർണ്ണമായും വാസ്തു നോക്കി പണികഴിപ്പിച്ചതാണ് തക്കലയിലെ പത്മനാഭപുരം കൊട്ടാരം. വാസ്തു നന്നായാൽ വഴക്കില്ലാതിരിക്കുമെങ്കിൽ പത്മനാഭപുരം കൊട്ടാരത്തിൽ അതില്ലാതിരിക്കണമായിരുന്നു. രാജകുടുംബത്തിലെ കലഹങ്ങളും യുദ്ധവും അകാല മരണങ്ങളുമെല്ലാം വാസ്തു നോക്കിയിട്ടെന്തേ സംഭവിച്ചത്? ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അവിടെ അഭിപ്രായവും അഭിപ്രായവത്യാസവുമുണ്ടാവും ,വാക്കൗട്ടുണ്ടാകും , വഴക്കുണ്ടാകും ,സ്വാഭാവികം. അതെല്ലാം ജനാധിപത്യത്തിലെ സംവാദത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ കൂടിയിരുന്ന് നിയമനിർമ്മാണവും നിർവ്വഹണവും ചർച്ച ചെയ്യുന്ന നിയമസഭക്ക് വാസ്തു ദോഷം കൽപ്പിക്കുന്ന ഇത്തരം മഹതികളെയും മഹാൻമാരേയും സർക്കാർ വേദികളിൽ ആനയിച്ചുകൊണ്ടു വരാതിരിക്കാനുള്ള സൻമനസ്സെങ്കിലും പുരോഗമനം പറയുന്ന സർക്കാരിനുണ്ടാകണം.
ഗംഗൻ അഴീക്കോട്
സംസ്ഥാന പ്രസിഡണ്ട്
ടി.കെ.ശക്തീധരൻ
ജനറൽ സെക്രട്ടറി
കേരള യുക്തിവാദി സംഘം .