ബ്രഹ്മപുരം തീപിടുത്തം , കടുത്ത മനുഷ്യാവകാശ ലംഘനം. ഹൈക്കോടതി കേസെടുക്കണം _ കേരള യുക്തിവാദി സംഘം .

ബ്രഹ്മപുരത്ത് ലക്ഷക്കണക്കിന് ടൺ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതു മൂലമുണ്ടായത് ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമാണെന്ന് കേരള യുക്തിവാദി സംഘം ആരോപിച്ചു. ശുദ്ധമായ വായുവും ഭക്ഷണവും കുടിവെള്ളവുമുറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഭരണ- പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങളല്ല ജനങ്ങൾക്കാവശ്യം. ബ്രഹ്മപുരത്ത് അധികൃതർ ഗുരുതര വീഴ്ച വരുത്തി. വിഷപ്പുക ശ്വസിച്ച കൊച്ചിയിലെ ജനങ്ങൾ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നതു്. പ്ലാസ്റ്റിക് കത്തുമ്പോളുണ്ടാകുന്ന കാർബൺ മോണോക്സൈഡും ഡയോക്സിനും ഗുരുതര ആരോഗ്യപ്രശ്നങ്ങളാണു ണ്ടാക്കുന്നതു്. ഈ വിഷപ്പുക കാൻസറിനും ശ്വാസകോശ രോഗങ്ങൾക്കും കാരണമായേക്കാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. മാലിന്യ സംസ്കരണ രംഗത്ത് പൊതുബോധം വളർത്തിയെടുക്കേണ്ടതുണ്ട്. ശുചി മുറിയിലെ മാലിന്യങ്ങൾ വരെ അന്യന്റെ പാടത്തും പറമ്പിലും തള്ളുന്ന അവസ്ഥയാണ് നിലവിലുള്ളത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കണം. ബ്രഹ്മപുരവും ലാലൂരും വിളപ്പിൽശാലയും ഞെളിയൻപറമ്പുമെല്ലാം നമ്മുടെ തീരാത്ത പരിസ്ഥിതി പ്രശ്നങ്ങളാണ്. ആരോഗ്യ സാമൂഹിക സൂചികകളിൽ ഏറെ മുന്നിലുള്ള കേരളത്തിലെ ഒരു നഗരം പോലും രാജ്യത്തെ വൃത്തിയുളള നഗരങ്ങളുടെ പട്ടികയിൽ ആദ്യ 150 ൽ പോലുമില്ല. കാര്യക്ഷമമായ മാലിന്യ സംസ്കരണത്തിന് മദ്ധ്യപ്രദേശിലെ ഇൻഡോർ മാതൃക നമുക്കു മുന്നിലുണ്ട്. 35 ലക്ഷം ജനങ്ങൾ തിങ്ങി താമസിക്കുന്ന ഇൻഡോർ മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് മാതൃകയാണ്, ഒപ്പം അവർ അതിൽ നിന്നും വരുമാനവുമുണ്ടാക്കുന്നു. മാലിന്യ സംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവം മാറണം. ഓരോ പഞ്ചായത്തിലും ശാസ്ത്രീയരീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഗ്രാമ പഞ്ചായത്തുകൾ മുൻ കൈ എടുത്തു നടപ്പാക്കണം. ഉറവിടത്തിൽ തന്നെ പരമാവധി മാലിന്യങ്ങൾ സംസ്കരിക്കണം. ബയോഗ്യാസ് പ്ലാന്റുകൾ പ്രോത്സാഹിപ്പിക്കണം. മനുഷ്യ ജീവനും പ്രകൃതിക്കും നാശം വിതക്കുന്ന അശാസ്ത്രീയരീതി അവസാനിപ്പിക്കണം. ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിക്കാനുണ്ടായ സാഹചര്യം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ച് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം.

ഗംഗൻ അഴീക്കോട് ,

സംസ്ഥാന പ്രസിഡണ്ട് .

ടി.കെ. ശക്തീധരൻ ,

ജനറൽ സെക്രട്ടറി .

കേരള യുക്തിവാദി സംഘം .

Leave a Reply

Your email address will not be published. Required fields are marked *