യുക്തിവാദം ജീവനോടെയുണ്ട്, പറ്റിയത് വൈരുദ്ധ്യ വാദികൾക്കാണ്

യുക്തിവാദം ജീവനോടെയുണ്ട്, പറ്റിയത് വൈരുദ്ധ്യ വാദികൾക്കാണ് (എ.വി.ഫിർദൗസിന്റെ ദേശാഭിമാനി വാരിക ലേഖനത്തിന് ഖേദപൂർവ്വം………)

എതിർക്കുവാനുള്ള അവകാശം ഉപയോഗിക്കുമ്പോൾ അതേപ്പറ്റി പഠിക്കുക എന്നത് സാമാന്യ മര്യാദയാണ്.Hypothesis ഒരു യോഗ്യതയാക്കിയാണ് താങ്കൾ യുക്തിവാദികളെ വെട്ടിനിരത്താൻ കച്ച മുറുക്കിയത്. ആചാര്യൻ 80 കളിലും നേതാവ് 2017 ലും (പച്ചക്കുതിര Oct) നടത്തിയ പരാക്രമത്തിന്റെ ദയനീയമായ തുടർച്ചയാണ് ഇത്. മാധ്യമമോ ദീപികയോ പ്രസിദ്ധീകരിക്കേണ്ട ഈ മഹാ പാണ്ഡിത്യം ദേശാഭിമാനി തട്ടിയെടുത്തതാണോ എന്നു സംശയമുണ്ട്. 1. യുക്തിവാദം ഉയിർ കൊണ്ടതും വളർന്നതും മാർക്സിസവും കമ്യൂണിസ്ററുകാരും ഉണ്ടാകുന്നതിനും ആയിരക്കണക്കു വർഷങ്ങൾക്കു മുമ്പാണ്‌. അതു കൊണ്ട് അതിന്റെ ഔദാര്യങ്ങളും മാനങ്ങളും യുക്തിവാദത്തിനു വേണ്ട . 2. മാർക്സിസത്തിന്റെ അളവു കട്ടിലിൽ കയറി കിടക്കാൻ യുക്തിവാദം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല. 3. ഭൗതികവാദമായ യുക്തിവാദത്തെ എതിർക്കുക വഴി മാർക്സിസത്തിന്റെ അടിത്തറയെയാണ് അവർ തള്ളിക്കളയുന്നത് 4. മത വിമർശനത്തിൽ നിന്നുണ്ടായ യുക്തിവാദത്തിന് ഗ്രീക്ക്, റോമൻ, ചാർവാക സിദ്ധാന്തങ്ങൾ ആവോളമുണ്ട്. മാർക്സിയൻ മതവിമർശനത്തിന്റെ പ്രാഥമികതത്വങ്ങൾ അറിയാമായിരുന്നെങ്കിൽ ഇങ്ങനൊരു ലേഖനം എഴുതു മായിരുന്നില്ല. 5.EMSയുക്തിവാദത്തിനെതിരെ പുസ്തകങ്ങൾ എഴുതിയത് ജാതിമതശക്തികളുമായി രാഷ്ട്രീയ ബാന്ധവമുണ്ടാക്കാനാണ്. ദേശാഭിമാനിയുടെ താൽപര്യവും മറ്റൊന്നല്ല (ഇപ്പോൾ അതിന്റെ പേരു് നവോത്ഥാനം എന്ന് ആക്കിയിട്ടുണ്ട്) 6. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ യുക്തിവാദികളാണെന്ന കണ്ടുപിടുത്തത്തിന് അടുത്ത അക്കാദമി അവാർഡ് പ്രതീക്ഷിക്കാം. യുക്തിവാദത്തിന്റെ പ്രഖ്യാപിത ശത്രുക്കൾ പോലും നടത്താത്ത 56 വെട്ടുകളാണ് ഫിർദൗസ് നടത്തിയിരിക്കുന്നത്! 7. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അർത്ഥമറിയാവുന്നവരും അതനുസരിച്ചു ജീവിക്കുന്ന പത്ത് പേരെ പാർട്ടിയിൽ കാണിച്ചു തരാമോ? ജാതി മതമില്ലാത്ത 100 കണക്കിനു ‘കേവലവാദി’കളെ ഞങ്ങൾ കാണിച്ചു തരാം. ഗീർവാണം പിന്നെയാകാം.
8. മതത്തെയോ ജാതിയേയോ തൊട്ടു കളിക്കാനുള്ള പേടി പുറത്തറിയാതിരിക്കാൻ യുക്തിവാദികളെ വെട്ടിനിരത്തുന്നതെന്തിന്? പരാക്രമം ഫാസിസത്തോടാകട്ടെ
9. കേരളത്തിൽ ആദ്യം മാർക്സിസത്തെപ്പറ്റി എഴുതിയതു പോലും യുക്തിവാദികളാണെന്നു ദേശാഭിമാനി മറക്കരുത്. ‘സഖാവ്’ എന്ന വാക്ക് സഹോദരന്റെ സംഭാവനയാണ്. 80കളിൽ EMS-പവനൻ സംവാദം ശക്തമായപ്പോൾ ‘യുക്തിരേഖ’ അച്ചടി നിർത്തിക്കൊണ്ടാണ് ദേശാഭിമാനി പ്രതികരിച്ചതെന്ന് ഞങ്ങൾ ഓർക്കുന്നുണ്ട് . 97 ജൂലൈയിൽ പവനനോടൊപ്പം EMS നെ ഇൻറർവ്യു ചെയ്ത വേളയിൽ ഈയുള്ളവൻ അദ്ദേഹത്തോടു ചോദിച്ചു ‘താങ്കൾ യുക്തിവാദി സംഘത്തെ എതിർക്കുന്നത് അവരുടെ നയരേഖയോ മറ്റോ വായിച്ചിട്ടാണോ ?’ ഞങ്ങൾ അങ്ങനെ മാർക്സിസത്തെ എതിർക്കുന്നില്ലല്ലോ?’ അദ്ദേഹം മറുപടി പറഞ്ഞില്ല ചോദ്യം ആവർത്തിച്ചപ്പോൾEMS പറഞ്ഞതിങ്ങനെ ‘ഞാൻ തർക്കത്തിനില്ല ‘. ഇതാണ് യുക്തിവാദ വിമർശനത്തിലെ വൈരുദ്ധ്യാത്മക രീതി. അതുകൊണ്ട് കാര്യങ്ങൾ പഠിച്ചെഴുതുന്നതാണ് നല്ലത്. എഴുത്തുകാരൻ യജമാനഭൃത്യനാകരുത്.
രാജഗോപാൽവാകത്താനം

Leave a Reply

Your email address will not be published. Required fields are marked *