ആചാരസമരം കോടതി അലക്ഷ്യമാണ് – കേരള യുക്തിവാദി സംഘം

 

ആചാരസമരം കോടതി അലക്ഷ്യമാണ്.
കേരള യുക്തിവാദി സംഘം

എല്ലാ സ്ത്രീകളും ശബരിമലയില്‍ പോകണമെന്നല്ല സുപ്രീംകോടതി വിധിച്ചത്. ഭരണഘടന ആര്‍ട്ടിക്കിള്‍ 25(1) അടിസ്ഥാനത്തില്‍ സ്ത്രീയുടെ ജൈവശാസ്ത്രപരമായ സ്വഭാവത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ പാടില്ല എന്നാണ്. മൗലിക അവകാശങ്ങള്‍ 14 (തുല്യത), 15 (വിവേചനം പാടില്ല), 16 (അസമത്വം ആചരിക്കരുത്), 17 (അസ്പൃശ്യത അവസാനിപ്പിക്കുക), 19 (സ്വാതന്ത്ര്യം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ അടിസ്ഥാനത്തിലാണ് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്. മൗലിക അവകാശങ്ങള്‍ യാതൊരു കാരണവശാലും തള്ളിക്കളയാനാവില്ല എന്ന് ആര്‍ട്ടിക്കിള്‍ 13 വ്യക്തമാക്കുന്നു. ഭരണഘടനയുടെ ധാര്‍മ്മികത (Constitutional morality) ആണ് കോടതി സംശയരഹിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്‌കൃത സമൂഹങ്ങളൊക്കെ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ അംഗീകരിച്ചു നടപ്പിലാക്കിയ കാര്യമാണ് നാളിതുവരെയായി ഇന്ത്യക്ക് നടപ്പാക്കാന്‍ കഴിയാഞ്ഞത്. ഭൂരിപക്ഷ-ന്യൂനപക്ഷ ന്യായമോ, സാമൂഹിക മൂല്യബോധമോ മൗലികാവകാശങ്ങള്‍ക്കെതിരായ വാദഗതിയല്ല. അതുകൊണ്ട് എത്ര റിവ്യൂ ഹര്‍ജി നല്‍കിയാലും ഈവിധിയില്‍ മാറ്റമുണ്ടാകില്ല.
കാലാകാലങ്ങളായി നിലനില്‍ക്കുന്നു എന്നതുകൊണ്ട് ദുരാചാരങ്ങളെ ശാശ്വതീകരിക്കാനുള്ള ബാധ്യത ഭരണഘടനയ്ക്കില്ലെന്നും ഹിന്ദുവെന്നാല്‍ പുരുഷന്‍ മാത്രമല്ല സ്ത്രീയും കൂടിയാണെന്ന് കോടതി വ്യക്തമാക്കി. ഈ വിധിക്കാധാരമായി 2006 ല്‍ പൊതുതാല്പര്യഹര്‍ജി നല്‍കിയ പത്മശ്രീജ സേഥി, പ്രേരണകുമാരി, സുധാപാല്‍, ലക്ഷ്മി ശാന്തി, അല്‍ഘ ശര്‍മ്മ എന്നീ വനിത വക്കീലന്മാര്‍ കടുത്ത ബിജെപിക്കാരാണ്. വിധിയെ എല്ലാ സംഘടനകളും അംഗീകരിച്ചതാണ്. (അംഗീകരിച്ചില്ലെങ്കിലും വിധിയോടെ അത് നടപ്പാക്കപ്പെടുന്നു).
ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടാണ് എല്ലാ സമൂഹങ്ങളും എക്കാലത്തും മുന്നോട്ടുപോയത്. കടല്‍ കടന്നു പോകാന്‍ പാടില്ല എന്ന ഹിന്ദു ആചാരത്തെ ലംഘിച്ചാണ് വിവേകാനന്ദനും ഗാന്ധിയും നെഹ്‌റുവും റാം മോഹന്‍ റോയിയും ഒക്കെ ഉണ്ടായത്. ആണ്ടില്‍ 300 ദിവസവും നരേന്ദ്രമോദി കടലിനുമീതെയാണ് പറക്കുന്നത്. മലവിസര്‍ജ്ജനത്തിന് ശേഷമുള്ള കഴുകല്‍ (ശൗചം) ബ്രാഹ്മണര്‍ക്കുമാത്രം അനുവദിക്കപ്പെട്ടിട്ടുള്ള സഹജകര്‍മ്മമാണെന്ന് ഭഗവത്ഗീത (18:42). ഇത് ഇന്നാരെങ്കിലും സമ്മതിക്കുമോ. തുണിയുടുക്കാനും അക്ഷരം പഠിക്കാനും വഴി നടക്കാനും വണ്ടിയില്‍ കയറാനും മൊബൈല്‍ ഉപയോഗിക്കാനും ഒന്നും ഒരു മതഗ്രന്ഥങ്ങളും സമ്മതിക്കുന്നില്ല. ആചാരവാദികള്‍ ഇത് അനുസരിച്ചാണോ ജീവിക്കുന്നത്. മേല്‍ശീല സമരവും മുക്കുത്തി ലഹളയും കല്ലുമാല ബഹിഷ്‌കരണവും മിശ്രഭോജനവും നമ്പൂതിരി വിവാഹവും വൈക്കം, ഗുരുവായൂര്‍, പാലിയം സത്യഗ്രഹങ്ങളുമൊക്കെ ആചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളായിരുന്നു. അങ്ങനെയാണ് 80 ശതമാനത്തിലേറെ വരുന്ന ശൂദ്രരും പഞ്ചമരും ചണ്ഡാലരുമൊക്കെ മനുഷ്യരാക്കപ്പെട്ടത്.
ശബരിമല ബുദ്ധമത വിഹാരമായിരുന്നു. സമത്വത്തിന്റെ വിശ്രമഭൂമിയായതുകൊണ്ടാണ് ജാതിമത ഭേദമെന്യേ പ്രവേശനം ഉണ്ടായത്. ശരണം വിളിയും സസ്യാഹാരവുമൊക്കെ ബൗദ്ധപാരമ്പര്യമാണ്. ബുദ്ധമതാനുയായികളെ കൊന്നൊടുക്കിയ ബ്രാഹ്മണീയധിനിവേശത്തിന്റെ പ്രതീകങ്ങളാണ് പേട്ട തുള്ളലും തേങ്ങ അടിക്കലും ദഹനവും ആറാട്ടുമൊക്കെ. ഹിന്ദുമതവുമായി ശബരിമലയ്ക്ക് യാതൊരു ബന്ധവുമില്ല; ഉണ്ടെങ്കില്‍ അത് മലയരയന്മാരുടെ അവകാശത്തില്‍ പെട്ടതാണ്.
പന്തളത്ത് രാജാവുണ്ടായിരുന്നതായി തെളിവുകളില്ലാതിരിക്കെ ശബരിമലയ്ക്കുമേല്‍ അവര്‍ക്കെന്ത് അധികാരമാണുള്ളത്. അഥവാ ശബരിമലയുടെ ആധാരം അവരുടെ കൈവശം ഉണ്ടെങ്കില്‍ തന്നെ 47 ആഗസ്റ്റ് 15 നു ശേഷവും ഇന്ത്യന്‍ ഇന്‍ഡിപെന്റെന്‍സ് ആക്ടിനുശേഷവും രാജാവിന് യാതൊരു അവകാശവുമില്ല. തന്ത്രി ക്ഷേത്രാധികാരിയല്ല, മേല്‍നോട്ടക്കാരന്‍ മാത്രമാണ്. അമ്പലത്തിനുമേല്‍ അധികാരമില്ല. ശബരിമല ദേവസ്വം ബോര്‍ഡ് സ്ഥാപനമാണ്. അതിന് നിയമാവലികളുണ്ട്. ശാന്തി ഗസറ്റഡ് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ മാത്രമാണ്. അവര്‍ ഭരണഘടനയ്ക്ക് വിധേയരാണ്. അമ്പലം പൂട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്താനുള്ള അധികാരം അവര്‍ക്കില്ല.
സംഘപരിവാര്‍ നടത്തുന്നത് ആള്‍ക്കൂട്ട അതിക്രമമാണ് (Mob lynching). കോടതിയേയും ഭരണഘടനയേയും വെല്ലുവിളിക്കുന്നത് ഫാസിസമാണ്. രമേശ് ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും കെ. സുധാകരനും പി.സി. ജോര്‍ജ്ജുമൊക്കെ കോര്‍ട്ടലക്ഷ്യവും ഗുണ്ടായിസവുമാണ് നടത്തുന്നത്. ശബരിമലയുടെ പേരില്‍ അയോദ്ധ്യ സൃഷ്ടിക്കാനും ഇനിയൊരു വിമോചനസമരം നടത്താനുമാണ് ഈ സാമൂഹ്യവിരുദ്ധന്മാരുടെ ശ്രമം. സ്ത്രീകള്‍ ആകാശയാത്ര നടത്താന്‍ ഒരുങ്ങുകയും നോബല്‍ സമ്മാനം നേടുകയും ചെയ്യുന്ന കാലത്ത് മലയാളി സ്ത്രീകള്‍ ആര്‍ത്തവ ലഹള നടത്തുന്നത് അത്യന്ത്യം ജുഗുപ്‌സാവഹവും നിയമവിരുദ്ധവുമാണ്. വിശ്വാസം വ്യക്തിപരമായ പ്രശ്‌നം മാത്രമാണ്.
പ്രളയ കാലത്ത് ജാതിമത ദൈവങ്ങള്‍ ആരെയും രക്ഷിച്ചില്ല. അതിനെയും അതിജീവിക്കുന്നതിനിടെ ദൈവത്തിന്റെ പേരില്‍ തെരുവുകള്‍ കലാപപൂരിതമാക്കുന്നത് നാലാംകിട കക്ഷിരാഷ്ട്രീയ കളി മാത്രമാണ്. ജനാധിപത്യ വാദികള്‍ ഇതിനെതിരെ രംഗത്തിറങ്ങിയേ മതിയാവൂ.

അഡ്വ. കെ.എന്‍.അനില്‍കുമാർ പ്രസിഡന്റ്

9846126080

അഡ്വ.രാജഗോപാല്‍വാകത്താനം

ജനറൽ സെക്രട്ടറി 9447973962

Leave a Reply

Your email address will not be published. Required fields are marked *