അടിയന്തരാവസ്ഥയെയും ലജ്ജിപ്പിക്കുന്ന സംഘപരിവാർ പോലീസ്
………………………………………………..
രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, ഗൗതം നവ് ലാഖ്, വരവര റാവു, അരുൺ ഫെരേര, വെർണൻ ഗോൽ സാൽവസ് എന്നിവരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിന്റെ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതിയും ഗൗതമിന്റെ അറസ്റ്റ് ചട്ടലംഘനമാണെന്ന് ഡൽഹി ഹൈക്കോടതിയും നടപടിക്രമങ്ങൾ മനുഷ്യാവകാശ വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പ്രസ്താവിച്ചിരിക്കെ, ഇതിന്റെ പിന്നിലെ താൽപര്യം ഗുജറാത്ത് മോഡൽ ജനാധിപത്യ അട്ടിമറിയാണെന്ന് വ്യക്തമാണ്.
ഡോക്ടർ ആനന്ദ് തെൽത്തുതെയുടെ ഗോവയിലെ വസതിയിലും ഡോ.സത്യനാരായണയുടെ ഡൽഹി വസതിയിലും പോലീസ് കാണിച്ച റെയ്ഡും അതിക്രമവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഭീമ-കൊറേ ഗാവ് സംഭവത്തിന്റെ പേരിൽ അഞ്ച് നിരപരാധികളെ തുറുങ്കിലടച്ചവർ അതിന്റെ യഥാർത്ഥ പ്രതികളായ സാംബാജി ദിസെ, മിലിൻഡ് എക്ബോട്ടെ എന്നീ സംഘികളെ തൊട്ടിട്ടില്ല. ദളിത് മുന്നേറ്റങ്ങളെ മാവോയിസ്റ്റ് പ്രവർത്തനമാക്കി മുദ്രകുത്താനുള്ള അജണ്ടയുടെ ഭാഗമാണിത്.
ധാബോൽക്കർ, കൽബുർഗി, പൻസാരെ, ഗൗരിലങ്കേഷ്, കൊലപാതകങ്ങൾ നടത്തിയ സനാതൻ സൻസ്ഥക്കെതിരെ കർണാടക പോലീസ് എടുത്ത നടപടിയെ അട്ടിമറിക്കാനുള്ള അജണ്ടയും മഹാരാഷ്ട്ര പോലീസിന്റെ മേൽനടപടികൾക്കുണ്ട്. റാഫേൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന മോദി സർക്കാരിനെതിരായ പ്രക്ഷോഭത്തെ തളർത്താനാണ് മനുഷ്യാവകാശ പ്രവർത്തകർ മോദിയെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നുവെന്ന പോലീസ് തമാശയും. ഗുരുതരമായ ബ്രാഹ്മണിക രാഷ്ട്രീയത്തിനെതിരെ മുഴുവൻ പുരോഗമനകാരികകളും രംഗത്തിറങ്ങണം.
അഡ്വ.രാജഗോപാൽ വാകത്താനം (ജനറൽ സെക്രട്ടറി)