ഇനിയെന്നാണ് അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ നടപ്പാക്കുക?

ഇനിയെന്നാണ് അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ നടപ്പാക്കുക?

പ്രൊഫഷണൽ മന്ത്രവാദിയായിരുന്ന വണ്ണപ്പുറംകാരൻ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടിരിക്കുന്നു. മന്ത്രശക്തി തട്ടിയെടുക്കാനുള്ള ആസൂത്രിത പദ്ധതിയായിരുന്നു ഇത്. ഇതേ വിഷയത്തിൽ അടുത്തയിടെ കേരളത്തിൽ മാത്രം കൊല്ലപ്പെട്ടത് ആറ് പേരാണ്. കട്ടപ്പനയിലെ ബിജു (1999), വടശ്ശേരിക്കര കലശക്കുടി ആതിര (2014) അരൂർ നിരപ്പേൽ സി.എം ശകുന്തള (2014), കരുനാഗപ്പള്ളി ബീന (2009), കൊല്ലത്തെ ഹുസൈൻ തുടങ്ങിയവർ. ആയിരങ്ങളാണ് മന്ത്രവാദത്തിന്റെയും ജ്യോത്സ്യത്തിന്റെയും വിചിത്ര ആചാരങ്ങളുടെയും പേരിൽ ദൈനംദിനം കബളിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്നത്.
യുക്തിവാദി പ്രസ്ഥാനം എല്ലാവിധ അന്ധവിശ്വാസങ്ങൾക്കും എതിരെ മനുഷ്യപക്ഷത്തു നിന്നു സമരം ചെയ്യുകയാണ്. കർണാടകത്തിൽ ഉണ്ടായ ബില്ലിന്റെ മാതൃകയിൽ അന്ധവിശ്വാസ ദുരാചാര നിർമാർജന ബിൽ 2014ൽ തയ്യാറാക്കി സർക്കാരിനും ജനപ്രതിനിധികൾക്കും സമർപ്പിച്ചതാണ്. 2015 സംസ്ഥാനതല ജാഥയും മാർച്ചുകളും 24മണിക്കൂർ സത്യാഗ്രഹവുമൊക്കെ നടത്തിയിട്ടും ഒരു സർക്കാരും ഇത്തരം ഒരു നിയമം നിർമിക്കാൻ തയ്യാറല്ല. മുഖ്യമന്ത്രി വിളിച്ച സാംസ്കാരികപ്രവർത്തകരുടെ യോഗത്തിലും സംഘം ഇക്കാര്യം ഉന്നയിച്ചിരുന്നു.
അന്ധവിശ്വാസങ്ങൾ മാറരുതെന്ന് ആർക്കാണ് നിർബന്ധം? മന്ത്രവാദം പോലുള്ള ആഭിചാരങ്ങളും ആടിനെ പട്ടിയാക്കുന്ന കപടശാസ്ത്ര ആഭാസങ്ങളും നിലനിൽക്കണമെന്ന് താല്പര്യം ആർക്കാണ്? ജോത്സ്യൻ മാരുടെയും മന്ത്രവാദികളുടെയും വാസ്തുക്കാരുടെയും വോട്ട് പോകുമെന്നാണോ ഭയം?
ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറുന്നവർ അതിനെ മാനിക്കാൻ തയ്യാറല്ലങ്കിൽ അത് സത്യപ്രതിജ്ഞാ ലംഘനമാണ്. പൊതു ധാർമികതയും പൊതു വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും വിധേയമല്ലാത്ത ഒരു വിശ്വാസവും പുലർത്താൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല 25(1). കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മതത്തിൻറെ മറവിൽ സംരക്ഷിക്കുന്നതാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിൽ ജനം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണഘടനയും ശിക്ഷാ നിയമങ്ങളും അപ്രസക്തമാക്കിക്കൊണ്ട് ഒരു സർക്കാരിനും മുന്നോട്ടുപോകാനാവില്ല. ആർട്ടിക്കിൾ 51 a (h) പ്രകാരം ശാസ്ത്ര മനോഭാവവും അന്വേഷണത്വരയും പരിഷ്കരണവും വളർത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. സൈബർ യുഗത്തിലാണെന്ന് അഹങ്കരിക്കുകയും പ്രാകൃത ആചാരങ്ങളെ നിലനിർത്തുകയും ചെയ്യുന്നത് ഒരു സിവിൽ സൊസൈറ്റിക്ക് ചേർന്നതല്ല. വലതുപക്ഷ സർക്കാരിന് കഴിയാത്തത് ഇടതുപക്ഷ സർക്കാരിനെ കഴിയുന്നില്ലെങ്കിൽ പിന്നെ ആരെയാണ് ആശ്രയിക്കേണ്ടത്.
കേരളയുക്തിവാദിസംഘം ഈ ആവശ്യത്തിൽനിന്ന് പിന്മാറുന്നില്ല. ധബോൽക്കർ മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ കൊലപാതകങ്ങളുടെയും ദുരഭിമാന മന്ത്രവാദ കൊലകളുടെ പശ്ചാത്തലത്തിൽ സമരം ശക്തിപ്പെടുത്തുകയാണ്. ശാസ്ത്രത്തെയും മാനവികതയെയും പ്രമാണമായി കാണുന്ന സർക്കാരാണ് ഭരിക്കുന്നത് എങ്കിൽ ഈ നിയമം നടപ്പാക്കാൻ ഇതിൽപരം അനുയോജ്യമായ സമയം വേറെയില്ല.

പിൻകുറിപ്പ്: മന്ത്രതന്ത്രങ്ങൾക്ക് ആധികാരികത കൽപ്പിക്കുന്നത് വേദങ്ങളും മതങ്ങളുമാണ്. യാഗ യജ്ഞങ്ങളെ മഹത്വപ്പെടുത്തുന്നവരും ധ്യാന മഹാത്മ്യങ്ങളെ വാഴ്ത്തുന്നവക്കും ഇത്തരം കൊലപാതകങ്ങളിൽ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. കൂടോത്രവും മന്ത്രവാദവും എല്ലാ മതങ്ങളുടെയും അവിഭാജ്യഘടകമാണ്. അത്ഭുത സീരിയലുകൾക്കും മാന്ത്രിക കൃതികൾക്കുമുള്ള പങ്കും ചെറുതല്ല. അതിനെയൊക്കെ മാറ്റിവെച്ച് അന്ധവിശ്വാസത്തെ പറ്റി പറയുന്നത് അപഹാസ്യമാണ്.

രാജഗോപാൽവാകത്താനം ജനറൽ സെക്രട്ടറി, KYS

Leave a Reply

Your email address will not be published. Required fields are marked *