മന്ത്രവാദപ്പുകകൊണ്ടു മൂടിയ കേരളം

മന്ത്രവാദപ്പുകകൊണ്ടു മൂടിയ കേരളം.
——————————————————————-

നമ്മൾ കേരളീയർ ഒരിക്കൽ കൂടി ഞെട്ടുന്നു.
മന്ത്രവാദമാണത്രെ തൊടുപുഴയിലെ കൃഷ്ണന്റേയും കുടുംബത്തിന്റെയും കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള കാരണം. കൃഷ്ണന്റെ
ശിഷ്യനായ അനീഷ് തന്നെയാണ്
ആ കുടുംബത്തിന്റെ അന്തകനായത്. എന്തിനു
ഇവരെ വധിച്ചു എന്നതിന്റെ കാരണം
പോലീസ് ഉദ്യോഗസ്ഥൻ ടി.വി.ചാനലിന്
മുമ്പിൽ വ്യക്തമാക്കുകയുണ്ടായി (06.08.18)
മന്ത്രവാദത്തിലൂടേയും പൂജയിലൂടേയും
കൃഷ്ണൻ ധാരാളം പണമുണ്ടാക്കി. മന്ത്രവാദം
പണം വാരാനുള്ള നല്ലൊരു മാർഗ്ഗമാണെന്നു
മനസ്സിലാക്കിയ അനീഷ് മറ്റൊരു മന്ത്രവാദിയുടെ
പക്കൽ നിന്ന് വിദ്യ കരസ്ഥമാക്കി. ഇയാൾ
സ്വന്തമായി മന്ത്രവാദം തുടങ്ങി. എന്നാൽ താൻ
ചെയ്യുന്ന മന്ത്രവാദത്തിന് ഒരു
ഫലവും ഇല്ല എന്ന് മനസ്സിലായി. യഥാർത്ഥത്തിൽ
മന്ത്രവാദംകൊണ്ടു ഒരു ചുക്കും ചെയ്യാൻ
സാധിക്കില്ല എന്നതാണ് സത്യം. ഏതാനും അന്ധവിശ്വാസികളുടെ മാനസികാവസ്ഥമൂലം
അവർക്കു തോന്നുന്നതാണ് മന്ത്രവാദം
ഫലിച്ചു എന്നത്. തന്റെ മന്ത്രവാദം
ഫലിക്കാത്തതിന് കാരണം കൃഷ്ണൻ തനിക്കു
മന്ത്രവാദത്തിലൂടെ പാര വെക്കുന്നതാണ്
എന്ന് വിശ്വസിച്ച അനീഷ് കൃഷ്ണനെ ഇല്ലാതാക്കാൻ
തീരുമാനിച്ചു. ഒരു ദിവസം അർധരാത്രി (29.07.18
നാണെന്നു തോന്നുന്നു) അയാൾ കൃഷ്ണന്റെ വീട്ടുവളപ്പിലെത്തി, ആടിനെ അടിച്ചുകരയിപ്പിച്ചു.
ആ ശബ്ദംകേട്ടാൽ കൃഷ്ണൻ ഇറങ്ങിവരും അപ്പോൾ
കഥകഴിക്കാം എന്നതായിരുന്നു സൂത്രം. വിചാരിച്ചപോലെ കൃഷ്ണൻ പുറത്തു വന്നു. കൃഷ്ണന്റ തലക്കു താൻ കയ്യിൽ കരുതിയ ഇരുമ്പുദണ്ഡുപയോഗിച്ച് അടിച്ചു. ശബ്ദംകേട്ട് ഭാര്യ പുറത്തു വന്നു. അവരെയും ഇതുപോലെ തലക്കടിച്ചു വീഴ്ത്തി. ബഹളം കേട്ട്
മകൾ വാതിൽതുറന്നു പുറത്തു വന്നു. അവളുടെ
കയ്യിൽ ഒരു കൊടുവാളുണ്ടായിരുന്നു. അവൾ
അതുകൊണ്ടു അനീഷിനെ വെട്ടി. അനീഷിന്റെ
കൈക്കു പരിക്ക് പറ്റി. എന്നാൽ അയാൾ മകളെയും
തലക്കടിച്ചു വീഴ്ത്തുകയാണുണ്ടായത്.
അപ്പോൾ മകനും വാതിൽ തുറന്നു പുറത്തു വരുകയും അനീഷ് അവനെയും ആക്രമിക്കുകയും ചെയ്തു.മകൻ ഉള്ളിലേയ്ക്ക് ഓടിപ്പോയി. പിറകേ ചെന്ന് അനീഷ് അവനെയും വകവരുത്തി.
പിന്നീട് വെള്ളമൊഴിച്ചു വീട് വൃത്തിയാക്കി.
എല്ലാവരെയും ഒരു കുഴിയിൽ കുഴിച്ചുമൂടി.
രണ്ടുപേരെ ജീവനോടെയാണത്രെ കുഴിച്ചു
മൂടിയത്.

ഈ ദാരുണമായ കൊലപാതകങ്ങൾക്ക് കാരണം
മന്ത്രവാദമെന്ന അന്ധവിശ്വാസമാണ്. മതത്തിന്റെ
പ്രാഗ്‌രൂപമാണ് മന്ത്രവാദം എന്ന് പറയാറുണ്ട്.
പ്രകൃതിശക്തികളെ വരുതിക്ക് നിർത്താനും
അനുനയിപ്പിക്കാനുമായിരുന്നത്രെ പ്രാകൃത ആദിമ
മനുഷ്യസമൂഹം മന്ത്രവാദം ചെയ്തിരുന്നത്.
എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും
ആ വിശ്വാസം ശക്തമായിത്തന്നെ നിലനിൽക്കുന്നു
എന്നത് വിചിത്രമായിത്തോന്നാം. മന്ത്രവാദത്തെ
ദുർമന്ത്രവാദമെന്നും സദ്മന്ത്രവാദമെന്നും
വേർതിരിച്ചു ചില പുരോഗമനചിന്തകർ പോലും
പാഠങ്ങൾ ചമയ്ക്കാറുണ്ട്. രോഗിയുടെ
ശരീരത്തിൽ പ്രവേശിച്ച പ്രേതത്തെ അടിച്ചോടിക്കുന്നതും,മൃഗങ്ങളെ കുരുതികൊടുത്തു (ചിലപ്പോൾ മനുഷ്യരേയും) ചെയ്യുന്ന ആഭിചാരക്രിയകളുമാണ് ദുർമന്ത്രവാദം എന്ന്
പറയപ്പെടുന്നത്. എന്നാൽ പുഷ്പങ്ങളും ഫലങ്ങളും
മറ്റു ഉത്തമ ദ്രവ്യങ്ങളും മാത്രം ഉപയോഗിച്ച്
മന്ത്രോച്ചാരണങ്ങളോടെ ചെയ്യുന്ന ഹോമമാണ്
നല്ല മന്ത്രവാദം. നല്ല മന്ത്രവാദം തന്നെയാണ്
പൂജ എന്ന ഗ്രെയ്‌ഡ്‌ കൂടിയ അനുഷ്ഠാനം. എന്ന്
വെച്ചാൽ പൂജ എന്ന ഓമനപ്പേരിൽ വിശ്വാസികൾ
ക്കിടയിൽ അറിയപ്പടുന്ന സാധനം തന്നെയാണ്
മന്ത്രവാദം എന്നർത്ഥം. എന്നാൽ മന്ത്രവാദം
എന്നാൽ ഒരു മ്ലേച്ഛകർമ്മമാണ്‌ എന്ന രീതിയി
ലാണ് മാന്യവിശ്വാസികളുടെ പ്രതികരണം.
ഹേ, ഭക്തരേ, നിങ്ങൾ ക്ഷേത്രത്തിൽ ചെയ്യുന്ന
പൂജയും മന്ത്രവാദമാണ്.

സമൂഹത്തിലെ മേലെ തട്ടിലുള്ള പലരും
തങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കുവാൻ
വേണ്ടി മന്ത്രവാദികളെക്കൊണ്ട് പൂജ
ചെയ്യിക്കാറുണ്ട്. ഇതിൽ മന്ത്രിമാരും,
രാഷ്ട്രീയനേതാക്കളും, സിനിമാഭിനേതാക്കളും,
കച്ചവടക്കാരും, വ്യവസായികളും എല്ലാം
പെടും. ലക്ഷക്കണക്കിന് രൂപയാണ് ഇവർ
മന്ത്രവാദത്തിനു വേണ്ടി മുടക്കുന്നത്.
തനിക്കു അഭ്യുന്നതി ഉണ്ടാവാൻ മാത്രമല്ല
എതിരാളിയെ നശിപ്പിക്കാനും മന്ത്രവാദം
ചെയ്യുന്നു. കച്ചവടരംഗത്തും രാഷ്ട്രീയ
രംഗത്തുമാണ് ശത്രുസംഹാരപൂജ കൂടുത
ലായും കാണപ്പെടുന്നത്.

മന്ത്രവാദിയെ കുറ്റപ്പെടുത്തുന്നതിനു മുമ്പേ
അവരെ സമീപിക്കുന്ന വിശ്വാസികളെയാണ്
വിചാരണ ചെയ്യേണ്ടത്. വിശ്വാസിയാണ്
ഏതൊരു അന്ധവിശ്വാസത്തെയും പോലെ
മന്ത്രവാദത്തെയും വളർത്തുന്നതും നില
നിൽക്കാൻ സഹായിക്കുന്നതും. മന്ത്രവാദം
ഫലിക്കുകയില്ല എന്ന് ശാസ്ത്രബോധം
തരിമ്പെങ്കിലുമുള്ള ആർക്കുമറിയാം.
സനൽ ഇടമറുകും ഒരു പ്രശസ്ത മന്ത്രവാദിയും
തമ്മിലുണ്ടായ വെല്ലുവിളിയും മന്ത്രവാദിയുടെ
ദയനീയ പരാജയവും നമ്മൾ സി.ഡി.
യിലൂടെ കണ്ടതാണല്ലോ. വിശ്വാസിയുടെ
പ്രത്യേക മാനസികഘടന കാരണം
അയാൾ വിശ്വസിക്കാൻ വേണ്ടി
വിശ്വസിക്കുകയാണ്. അയാളുടെ തലച്ചോറാണ്
അതിന്റെ അടിസ്ഥാനകാരണം. മറ്റുകാരണങ്ങൾ
കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായാലും
അയാൾ വിശ്വസിക്കുക അതിന്റെ കാരണം
മന്ത്രവാദം ആണെന്നായിരിക്കും. ഫലമില്ലാതെ
വന്നാൽ അയാൾ അതിന്റെ കാരണമായി
പറയുക അത് തന്റെ വിധി എന്നായിരിക്കും;
അല്ലാതെ മന്ത്രവാദം തെറ്റാണ് എന്നല്ല.

പൊതുസമൂഹവും നമ്മെ ഭരിക്കുന്നവരും
മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
അൻപതിനായിരം രൂപ അടച്ച്
ഉദയാസ്തമയ പൂജ (മന്ത്രവാദം) ചെയ്‌താൽ
സന്തുഷ്ടമായ ജീവിതം ഉറപ്പാണെന്നാണല്ലോ
ക്ഷേത്രങ്ങൾ പരസ്യം നൽകുന്നത്. ക്ഷേത്രങ്ങൾ
ഭരിക്കുന്നതാരാണ്? പരോക്ഷമായി സർക്കാർ
തന്നെ. അന്ധവിശ്വാസം വളർത്തുന്ന സർക്കാരായതു
കൊണ്ടാണ് അവർ അന്ധവിശ്വാസനിർമ്മാർജ്ജന
നിയമം കൊണ്ടുവരാത്തത്. അന്ധവിശ്വാസ
നിർമ്മാർജ്ജനനിയമം ഭൂരിപക്ഷമായ
അന്ധവിശ്വാസികളുടെ എതിർപ്പിന് കാരണമാവും.
അവരുടെ വോട്ടു നഷ്ടപ്പെടും. പിന്നെങ്ങനെ
നിയമം കൊണ്ടുവരും? അതുകൊണ്ടു അന്ധവിശ്വാസമൊക്കെ മാറട്ടെ, എന്നിട്ടാവാം നിയമം കൊണ്ടുവരുന്നത് എന്നാവാം സർക്കാരിന്റെ മനസ്സിലിരിപ്പ്.

  1. നമ്മുടെ വിദ്യാർത്ഥികളൊക്കെ എ പ്ലസോടെ
    വിജയിച്ചു പുറത്തു വരുന്നവരാണ്. സയൻസിലും
    കണക്കിലും നൂറിൽ നൂറു മാർക്ക്. എന്നാൽ
    ശാസ്ത്രബോധം എന്ന വിഷയത്തിൽ അവരിൽ
    പലർക്കും വട്ടപ്പൂജ്യമാണുള്ളത്. നമ്മുടെ വിദ്യാഭ്യാസ രീതിക്കു എന്തോ കുഴപ്പമുണ്ട് എന്നാണു തോന്നുന്നത്.മന്ത്രവാദത്തിനു വളർച്ചയുള്ള ഒരു
    സമൂഹം ഒരു പുരോഗമന സമൂഹമാണെന്നു
    ഒരിക്കലും പറഞ്ഞുകൂടാ.

നിയമം കൊണ്ട് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാ
മെന്ന വ്യാമോഹമൊന്നും യുക്തിവാദികൾക്കില്ല.
എന്നാൽ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള
ആശയപ്രചരണത്തിനു അത് നല്ലൊരു
ആയുധമായിരിക്കും. ഇത്തരം ക്രൂരസംഭവങ്ങൾ
കണ്ടിട്ടെങ്കിലും സർക്കാരിന്റെ കണ്ണുതുറക്കുമെന്നും
അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നിർമ്മിക്കാൻ
നടപടിയെടുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാമോ?
ടി.കെ.രവീന്ദ്രനാഥ്

Leave a Reply

Your email address will not be published. Required fields are marked *