അഭിമന്യുവിന്റെ ചോര, ഫറൂക്കിന്റെയും
‘ഹിന്ദുവിന്റെ കോടാലി മുസ്ലീമിന്റെ കോടാലിയോടു പറഞ്ഞു. എടാ, ഇന്നു നമ്മള്‍ കുടിച്ച ചോരയ്ക്ക് ഒരേ രുചിയാണ്’
കുരീപ്പുഴയുടെ ഈ കവിതാശകലം മഹാരാജാസ് കോളേജില്‍ പോസ്റ്ററിങ് നടത്തിയതിന്റെ പേരില്‍ 6 വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹവും മതവിദ്വേഷവും ചുമത്തി ജയിലലടച്ചത് 2016 ഡിസംബറിലാണ്. അതേ കോളേജിലാണ് അഭിമന്യു മതഭീകരവാദികളുടെ കൊലക്കത്തിക്ക് ഇരയായത്.
ഇസ്ലാമിക ഭീകരവാദം ഹൈന്ദവ തീവ്രവാദം പോലെ അപകടകരമാണെന്ന് എക്കാലവും കേരള യുക്തിവാദി സംഘം ഉച്ഛൈസ്തരം പറഞ്ഞിരുന്നു. ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോഴും പിന്നീട് സലോമി ആത്മഹത്യ ചെയ്തപ്പോഴും ഇസ്ലാം/ക്രൈസ്തവ ഭീകരതയ്‌ക്കെതിരെ തെരുവിലിറങ്ങിയത് യുക്തിവാദികള്‍ മാത്രമാണ്. അന്നൊക്കെ നിശ്ശബ്ദതകൊണ്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍. ഐഎസ് ഭീകരതയ്‌ക്കെതിരെ സംസ്ഥാനതലത്തില്‍ കാമ്പയിനും ബഹുജനറാലിയും കണ്‍വന്‍ഷനും ഒക്കെ നടത്തിയതും യുക്തിവാദി സംഘം മാത്രമാണ്. അപ്പോഴൊക്കെ യുക്തിവാദികള്‍ക്ക് ഇസ്ലാമോഫോബിയ ബാധിച്ചുവെന്ന് ആക്ഷേപിക്കുകയായിരുന്നു ബുജികള്‍.
കോയമ്പത്തൂരില്‍ ഫറൂക്ക് ഇസ്ലാമിക ഭീകരരാല്‍ പിച്ചിച്ചീന്തപ്പെട്ടത് നിരീശ്വരന്‍ ആണെന്ന പേരിലായിരുന്നു. അന്നും തെരുവിലിറങ്ങാനും അനാഥകുടുംബത്തെ സഹായിക്കാനും യുക്തിവാദികളെ ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലും കഥയെഴുതിയാലും പംക്തിയെഴുതിയാലും കുതിര കയറുന്ന തീവ്രവാദികള്‍ക്കെതിരെ നിസ്സബ്ദതയുടെ കവിത എഴുതുകയായിരുന്നു ഇടതുപക്ഷം. കഴിഞ്ഞ മാസം ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെ.ടി. നിശാന്തിനെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഒരുങ്ങി വന്നപ്പോഴും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും മൗനകഥകള്‍ എഴുതി. നിശാന്ത് ജാമ്യത്തിലിറങ്ങിയത് യുക്തിവാദിസംഘത്തിന്റെ ഇടപെടലിലായിരുന്നു.
‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന അത്യന്തം അപകടകരമായ മുദ്രാവാക്യവുമായെത്തിയ സിമിയെ പ്രതിരോധിക്കാന്‍ ആരും തയ്യാറായില്ല. സംഘപരിവാര ഫാസിസത്തിന് അത് വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുത്തു. ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടപ്പോള്‍ മുഴുവന്‍ പേരും നിഷ്പക്ഷരായി. ഇതേ സിമി തന്നെയാണ് വേഷം മാറി എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും കാമ്പസ് ഫ്രണ്ടുമായത്. ഇതിന്റെയൊക്കെ അധിപതിയായ മൗലവിയുടെ സ്‌പോണ്‍സേര്‍ഡ് യാത്രയ്ക്ക് പച്ച പരവതാനി വിരിച്ചുകൊടുത്തവരാണ് ഇടതുപക്ഷം. അബ്ദുള്‍ നാസര്‍ മദനിക്ക് കാവല്‍ നിന്നവര്‍ ലൗജിഹാദ് പ്രശ്‌നം കൊടികുത്തിയപ്പോള്‍ അത് വെറുതെയാണെന്ന് വ്യാഖ്യാനിച്ചു. ഹാദിയ പ്രശ്‌നമുണ്ടായപ്പോഴും സ്‌നേഹമതത്തിനൊപ്പമായിരുന്നു.
അന്താരാഷ്ട്ര ബന്ധമുള്ളതും പെട്രോ ഡോളറിന്റെ കനത്ത പിന്‍ബലമുള്ളതുമായ സൈനികതയാണ് ഇസ്ലാമിക തീവ്രവാദം. ഇത് ശരാശരി ഇസ്ലാമിക വിശ്വാസിക്കെതിരെയുള്ള ആരോപണമല്ല, മതരാഷ്ട്രവാദിക്കെതിരായ നിലപാടാണ്. ഹമീദ് ചേന്നമംഗലൂരും എം.എന്‍.കാരശ്ശേരിയുമൊക്കെ ഈ ഭീഷണികളെ തെളിവുസഹിതം തുറന്നു കാണിക്കുമ്പോഴും കെ.ഇ.എന്നും സച്ചിദാനന്ദനുമൊക്കെ സ്‌നേഹമതത്തിന്റെ സ്തുതിപാഠകരായി മാറുകയാണ്. ഏകീകൃതസിവില്‍ നിയമത്തിനുവേണ്ടി യുക്തിവാദികളും ജനാധിപത്യവാദികളും ആവശ്യപ്പെടുമ്പോഴെല്ലാം അതിനെതിരായ വേദിയിലായിരുന്നു ഇവരൊക്കെ. മതത്തിന്റെ വോട്ടല്ല മനുഷ്യന്റെ വോട്ടാണ് വേണ്ടതെന്ന് പറയാനുള്ള ചങ്കൂറ്റം ഇന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്കില്ല.
സൈനീക പരിശീലനം നല്‍കുകയും സിറിയയിലേക്ക് ചെറുപ്പക്കാരെ കയറ്റിവിടുമ്പോഴുമൊക്കെ നിശബ്ദരാകുന്നവരൊക്കെ വിദ്യാലയങ്ങളില്‍ മതം പഠിപ്പിക്കുന്നുവെന്നതിന് അവഗണിക്കുന്നവര്‍ക്കും എങ്ങനെയാണ് അഭിമന്യുവിന്റെ ചോരയോട് നീതി കാണിക്കുവാന്‍ കഴിയുക. ആരോപണങ്ങള്‍ പ്രഹസനമാകാതിരിക്കണമെങ്കില്‍ മതഭീകരത ആരുടേതായാലും അതിനെതിരെ കര്‍ശനമായ നിലപാടെടുക്കണം. എസ്.എഫ്‌ഐയെപ്പോലെയുള്ള യുവരക്തം മതേതര മാനവികതയുടെ വക്താക്കളാകണം. വോട്ടുരാഷ്ട്രീയത്തിന്റെ അല്പത്തരത്തില്‍ അഭിരമിക്കേണ്ടവരല്ല മതേതര ഇന്ത്യയിലെ യുവത്വം.
രാജഗോപാല്‍ വാകത്താനം