വീണ്ടും ഒരു ആഗസ്റ്റ് 4. സത്നാംസിംഗ്ദിനം കടന്നുവരുന്നു.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2012 ആഗസ്റ്റ് 4ന് പുലര്‍ച്ചെയാണ് ഒരു ബീഹാറി യുവാവ് തിരുവനന്തപുരത്ത് – പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍വെച്ച് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. തലേന്നു രാത്രി ആ ചെറുപ്പക്കാരന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ കിടന്ന് തന്റെ നേരെയുണ്ടായ കൊടിയ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ അലമുറയിടുകയും ഒരിറ്റു ദാഹജലത്തിനായി യാചിക്കുകയും ചെയ്തുവെന്ന് പിന്നീട് നാം അറിഞ്ഞു. ഒടുവില്‍ അവന്റെ ശരീരത്തില്‍നിന്നും ജീവന്‍ നഷ്ടപ്പെടുന്നതിന് തൊട്ടുമുന്നെ സെല്ലിലെ കക്കൂസ് മുറിയിലേക്ക് ഇഴഞ്ഞു നീങ്ങി അവിടെയുണ്ടായിരുന്ന തകരപ്പാട്ടയില്‍ നിന്നും കുടിനീര് നക്കിയെടുത്തു. അവന്റെ ശരീരത്തിന്റെ ദാഹം ആ ജലം തീര്‍ത്തു കൊടുത്തോയെന്ന് ആര്‍ക്കും അറിയില്ല.
ആരായിരുന്നു ആ ചെറുപ്പക്കാരന്‍…?
ബിഹാറിലെ ഗയ ജില്ലയിലെ ഷെര്‍ഗാട്ടി നഗരപ്രദേശത്തെ ഹരീന്ദര്‍കുമാര്‍ സിംഗിന്റെയും സുമന്‍സിംഗിന്റെയും അഞ്ചുമക്കളില്‍ രണ്ടാമനായ സത്‌നാംസിംഗ് മാന്‍ (24 വയസ്സ്), പഞ്ചാബിലെ പ്രശസ്തമായ രാംമനോഹര്‍ ലോഹ്യ യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായിരുന്നു. എഴുത്തുകാരന്‍, കവി, ആത്മീയാന്വേഷകന്‍ എന്നീ നിലകളില്‍, ചെറുപ്പത്തില്‍ തന്നെ നിലവിലുള്ള വ്യവസ്ഥാപിതമായ ജീവിതശൈലിക്ക് പുറത്തുകൂടെയായിരുന്നു സത്‌നാമിന്റെ സഞ്ചാരം. അവസാനമായി ഷെര്‍ഗാട്ടിയിലുള്ള വസതിയില്‍നിന്നും 2012 മെയ് 30-ന് സത്നാമിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 1ന് കൊല്ലം ജില്ലയിലെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സത്‌നാംസിംഗ് മാന്‍ എന്ന ചെറുപ്പക്കാരന്‍ മലയാളി പൊതുസമൂഹത്തിന് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നും അതിനടുത്ത ദിവസവും സത്നാം നമ്മുടെ വിഷ്വല്‍-അച്ചടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പിന്നീട് ഈ യുവാവിനെ കുറിച്ച് നാം അറിയുന്നത് തിരുവനന്തപുരം പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയവെ ആഗസ്റ്റ് 4ന് പുലര്‍ച്ചെ കൊല്ലപ്പെട്ടതു സംബന്ധിച്ച് വാര്‍ത്തകളിലൂടെയായിരുന്നു.
സത്‌നാംസിംഗ് മാന് എന്താണ് സംഭവിച്ചത്..?
ആഗസ്റ്റ് 1ന് കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സത്‌നാംസിംഗ് പോലീസ് കസ്റ്റഡിയിലായ വിവരമറിഞ്ഞ് ഡല്‍ഹിയിലുണ്ടണ്ടായിരുന്ന വലിയച്ഛന്റെ മകന്‍ ആജ്തക് പത്രത്തിന്റെ ലേഖകന്‍ കൂടിയായ വിമല്‍ കിഷോര്‍ ഉടനെ കേരളത്തിലെത്തുകയും അന്ന് ഇവിടെ നടന്ന ഒരു ഹര്‍ത്താലിനെ അതിജീവിച്ച് സത്‌നാമിനെ ജാമ്യത്തിലെടുക്കാനുള്ള നിയമനടപടികള്‍ക്ക് ശ്രമിക്കുകയുമുണ്ടായി.
ആദ്യദിവസം തന്നെ, കേരള പോലീസിന്റെ കസ്റ്റഡിയിലായിരുന്ന സത്‌നാമിനെ പുറത്തെത്തിക്കുന്നതിനായി കസിന്‍ വിമല്‍ കിഷോര്‍ ശ്രമങ്ങളാരംഭിച്ചു. ബിഹാര്‍ പോലീസുമായി കേരള പോലീസിനെ ബന്ധപ്പെടുത്തുകയും മാനസികമായി ചില പ്രശ്‌നങ്ങളുളള ഒരു രോഗിയാണ് സത്നാം എന്നതിനുള്ള തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. സത്നാമിനാവശ്യമായ ചികിത്സക്ക് സാഹചര്യമൊരുക്കണമെന്നും ജാമ്യം ലഭിക്കാത്ത കുറ്റാരോപണം ആത്മീയാന്വേഷകനായ തന്റെ സഹോദരന്റെ പേരില്‍ നടത്തരുതെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
എന്നാല്‍ മുകളില്‍ നിന്നുള്ള വലിയ സമ്മര്‍ദ്ദം ഉണ്ടെന്നും, പോലീസ് കസ്റ്റഡിയില്‍നിന്നും ജ്യാമ്യം നല്‍കാന്‍ കഴിയില്ലായെന്നും പോലീസ് അധികാരികള്‍ വിമല്‍ കിഷോറിനെ അറിയിച്ചു. അതനുസരിച്ച് കോടതിയില്‍നിന്നും സത്നാമിന് ജാമ്യം ലഭ്യമാക്കുന്നതിനായുള്ള അപേക്ഷ തയ്യാറാക്കുന്നതിനിടയിലാണ് അധികാരികള്‍ ആരോരുമറിയാതെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കികൊണ്ട് സത്നാമിനെ ജയിലിലേക്കും അവിടെനിന്നും പേരൂര്‍ക്കട മാനസിക രോഗാശുപത്രിയിലേക്കും മാറ്റിയത്. ഒടുവില്‍ അവിടുത്തെ ഇരുണ്ട സെല്ലുകളിലൊരിടത്തുവെച്ച് ഈ യുവാവ് അന്ത്യശ്വാസം വലിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
2012 ആഗസ്റ്റ് 1ന് വള്ളിക്കാവിലെ മഠത്തില്‍നിന്നും, കടുത്ത മര്‍ദ്ദനത്തിനുശേഷമാണ് സത്നാമിനെ വള്ളിക്കാവിലെ പോലീസ് ഔട്ട് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് അമൃതാനന്ദമയി മഠത്തിലെ ‘സെക്യൂരിറ്റി ഗാര്‍ഡുകള്‍’ കൈമാറിയത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ തല്‍ക്ഷണം കൊണ്ടുപോയ പോലീസിനോട് സത്‌നാമിന് ഇന്റേണല്‍ ഇഞ്ച്വറി ഉണ്ടെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെതന്നെ ചികിത്സ കിട്ടാവുന്ന ഒരു ആശുപത്രിയിലേക്ക് സത്‌നാമിനെ എത്തിക്കണമെന്നും ഡ്യൂട്ടി ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
ആശ്രമാധിപതിയെ കൊല്ലാന്‍ ശ്രമിച്ച മതതീവ്രവാദിയെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ സഹതടവുകാരുമായുള്ള ‘ഏറ്റുമുട്ടല്‍ മരണമായി’ ചിത്രീകരിക്കാനാണ് ആശ്രമാധികാരികള്‍ മുതല്‍ സര്‍ക്കാരും ഒട്ടുമിക്ക മാധ്യമങ്ങളും തുടക്കം മുതല്‍ ശ്രമിച്ചു കണ്ടത്. പോലീസ് കസ്റ്റഡിയില്‍ ജീവനോടെ സത്‌നാമിനെ കണ്ട സഹോദരന്‍ വിമല്‍ കിഷോറും മൃതദേഹം ഏറ്റുവാങ്ങാന്‍ വന്ന പിതാവ് ഹരീന്ദറും ലക്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമെത്തിയ സത്‌നാമിന്റെ സുഹൃത്തുക്കളും മരണത്തിലെ ദുരൂഹത നീക്കാന്‍ മറ്റൊരന്വേഷണം തുടക്കത്തില്‍തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവും, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. (എന്നാല്‍ ഇതുസംബന്ധിച്ച് സത്നാമിന്റെ ബന്ധുക്കള്‍ക്ക് നീതി ലഭിക്കാനാവശ്യമായ കാര്യമായ ഒരു നീക്കത്തിനും അന്നത്തെ കേരള സര്‍ക്കാര്‍ തയ്യാറായില്ല. 26 മാസങ്ങള്‍ക്കിപ്പുറമായിട്ടും സി.പി.ഐ.(എം) നയിക്കുന്ന പുതിയ സര്‍ക്കാരും ഇക്കാര്യത്തില്‍ കടുത്ത നിസംഗതയാണ് പുലര്‍ത്തുന്നത്.)
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചുണ്ടായ സംഘട്ടനത്തിലാണ് സത്നാംസിംഗ് മരണപ്പെട്ടെതെന്നാണ് പോലീസ് കേസ്. എന്നാല്‍ സത്നാമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വസ്തുതകള്‍ യാഥാര്‍ഥ്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ടെന്ന് വെളിവാക്കുന്നു. തലയ്ക്കും കഴുത്തിലും കിഡ്‌നിക്കും കാര്യമായ പരിക്കുകള്‍ മരണസമയത്ത് സത്നാമിന് ഏറ്റിട്ടുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കൂടാതെ 77ഓളം മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24ഓളം മുറിവുകള്‍ സംഭവിച്ചിട്ടുള്ളത് കുറഞ്ഞത് 3 ദിവസം (72 മണിക്കുര്‍) മുമ്പാണെന്നത് തെളിയിക്കാന്‍ കഴിയുന്നവയാണ്. തലയ്ക്കും വൃക്കകള്‍ക്കും ഏറ്റ ക്ഷതങ്ങള്‍ക്കും ഈ പഴക്കമുണ്ടെന്നതിനും തെളിവുകള്‍ കണ്ടെത്താം. ഈ മുറിവുകളും ക്ഷതങ്ങളും സത്നാമിന്റെ മരണകാരണമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മരണം നടന്ന ദിവസത്തെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചുണ്ടായ സംഘട്ടനവും അതിലെ പങ്കാളികളും മാത്രമാണ് സത്നാമിന്റ മരണത്തിന് ഹേതുവായി കണക്കാക്കിക്കൊണ്ട് തയ്യാറാക്കിയ കുറ്റപത്രമാണ് ഇപ്പേള്‍ വിചാരണ കോടതിയില്‍ ഇരിക്കുന്നത്. മരണം നടക്കുന്നതിന് മൂന്നുനാള്‍ മുന്നെ സംഭവിച്ചകാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ആഗസ്റ്റ് 1ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ കൊണ്ടുവന്നപ്പേള്‍, സത്നാമിന്റെതായി രേഖപ്പെടുത്തിയിട്ടുള്ള എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടിലും അവിടുള്ള മറ്റു രേഖകളിലും തിരിമറികളുണ്ടായിട്ടുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. വള്ളിക്കാവിലെ അമൃതാനന്ദ മഠത്തില്‍ നിന്നള്ള അറസ്റ്റും അവിടെ നടന്നിട്ടുള്ള സംഭവങ്ങളേയും പരിപൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് മഠത്തെ വെള്ള പൂശുകയാണ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി, നമ്മുടെ നാട്ടില്‍നിന്നും ഏകദേശം 2,700 കി.മീ. അപ്പുറമുള്ള ഗൗതമബുദ്ധന് ബോധോദയമുണ്ടായ ക്ഷേത്രനഗരം ഉള്‍ക്കൊള്ളുന്ന ബീഹാറിലെ ഗയ ജില്ലയിലെ ഷേര്‍ഹാട്ടിയെന്ന ഗ്രാമത്തില്‍ നിന്നും സത്നാമിന്റെ പിതാവും സഹോദരങ്ങളുമടക്കമുള്ള കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും നിരന്തരം നമ്മുടെ നാട്ടിലേക്ക് എത്തിച്ചേരുകയുണ്ടണ്ടായിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഗവര്‍ണ്ണര്‍ താമസിക്കുന്ന രാജ്ഭവനിലും മന്ത്രിമന്ദിരങ്ങളിലും ജനപ്രതിനിധികളുടെ വസതികളിലും പോലീസ് സ്റ്റേഷനുകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഫീസുകളിലും സമരകേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മകളിലും പ്രസ്സ് ക്ലബ്ബുകളിലും ഇവര്‍ അലഞ്ഞു നടക്കുകയായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സുമടക്കം കീഴോട്ട് നിരവധി പേര്‍ക്ക് ഏതൊരാള്‍ക്കും തീര്‍ത്തും ഉറപ്പുവരുത്തേണ്ട മനുഷ്യാവകാശങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി നിവേദനങ്ങളും ഹര്‍ജികളും തയ്യാറാക്കി ഇപ്പോഴും അയച്ചുകൊണ്ടേയിരിക്കുന്നു. ഇക്കാര്യത്തില്‍ ആശാവഹമായ ഒരുനീക്കവും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഇനിയും ലഭിച്ചിട്ടില്ല.
ആര്‍ക്കൊക്കെയോ ഈ കേസില്‍ അമിതമായ താല്‍പര്യം ഉണ്ടെന്നത് വ്യക്തം. ഭരണകൂടത്തില്‍ മാത്രമല്ല; ഉയര്‍ന്ന നീതിപീഠങ്ങള്‍ വരെ സ്വാധീനവലയത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം ഇവിടെ ബലപ്പെടുന്നു.
സത്നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് കേരള ഹൈക്കോടതിയില്‍ ഈ കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ഇനിയും തീര്‍പ്പാക്കാന്‍ പരമോന്നത നീതിപീഠം തയ്യാറായിട്ടില്ല. കഴിഞ്ഞ നാളുകളിലായി 50-ളം തവണ കേസ് വാദത്തിനായി ലിസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ ഈ കേസ് വാദത്തിനെടുക്കാതെ നിരന്തരമായി മാറ്റിവെയ്ക്കപ്പെടുകയാണ്.
കഴിഞ്ഞതന്‍റെ മകന്‍റെ യഥാര്‍ഥ കൊലപാതകികളെ കണ്ടെത്തി നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി ഈ പിതാവ് വീണ്ടും വീണ്ടും കേരളത്തിലേക്ക് എത്തപ്പെടുകയാണ്