ഋതുമതികളായ സ്ത്രീകൾ ശബരിമല ചവിട്ടിയാൽ തങ്ങളുടെ സകല വിശ്വാസങ്ങളും വ്രണപ്പെടുമെന്ന് ആശങ്കപ്പെടുന്ന വിശ്വാസികളോടും…

ഋതുമതികാളായ സ്ത്രീകൾ ശബരിമല ചവിട്ടിയാൽ തങ്ങളുടെ സകല വിശ്വാസങ്ങളും വ്രണപ്പെടുമെന്ന് ആശങ്കപ്പെടുന്ന വിശ്വാസികളോടും…
സ്ത്രീകൾ എന്തുകൊണ്ട് ശബരിമലയിൽ പോകാറില്ല എന്നതിന്റെ ഐതീഹ്യങ്ങൾ ഒന്നും അറിയാഞ്ഞിട്ടും, മുസ്ലിം സ്ത്രീകളെ നിങ്ങൾ പള്ളിയിൽ കയറ്റുമോ എന്ന് മറുചോദ്യം ചോദിച്ച വിവരദോഷികളോടും…
ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു ഉണ്ടായിരിക്കുന്ന ഒരു തർക്കം മുറുകുന്നതുകണ്ട് എണ്ണയൊഴിച്ചുകൊടുക്കാൻ നിക്കുന്ന വക്രബുദ്ധികളോടും…ഞങ്ങൾക്ക് ചിലത് പറഞ്ഞുവെക്കാനുണ്ട്.

ഞങ്ങളുടെ അഭിപ്രായം ശബരിമലയിൽ എന്നല്ല, പുരുഷന് പോകാൻ സാധ്യമായ എല്ലായിടങ്ങളിലും സ്ത്രീകൾക്കും കയറിച്ചെല്ലുവാൻ കഴിയണം എന്ന് തന്നെയാണ്. അത് ഏതെങ്കിലും മതഗ്രന്ഥത്തിന്റെയോ, പാർട്ടി തീരുമാനത്തിന്റെയോ അടിസ്ഥനത്തിൽ അല്ല, മറിച്ച് ഞങ്ങളുടെ ചിന്താഗതികളും, നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയുടെ നിഷ്കർഷണവും കൊണ്ട് മാത്രമാണ്.
ഇന്ത്യ  ഒരു മതേതര രാജ്യമാണ്, മത രാഷ്ട്രമല്ല. ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും ആണ് ഇവിടെ പരമാധികാരം, അതിലെ തുല്ല്യതയ്ക്കുള്ള മൗലികഅവകാശം എവിടെയെങ്കിലും ഹനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടാൽ അത് നിയമപരമായി കൃത്യതയോടുകൂടി നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതികൾക്കുണ്ട്. ഇവിടെയും അതുമാത്രമാണ് സുപ്രിംകോടതി ചെയ്തിട്ടുള്ളത്. ( RIGHT TO EQUALITY ACT, Article 15 of the constitution states that no person shall be discriminated on the basis of religion, race, cast, SEX, or place of birth)

മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റുന്നതിനെ സംബന്ധിച്ച് ഒരു ഹർജി സമർപ്പിക്കപ്പെട്ടാൽ, ‘കയറ്റണം ‘ എന്നത് തന്നെയാവും കോടതിയുടെയും ഒപ്പം ഞങ്ങളുടെയും നിലപാട്. കാരണം രാജ്യത്തിന്റെ നിയമം എല്ലാ മതനിയമങ്ങൾക്കും അതീതമാണ്, എല്ലാ മതസ്ഥർക്കും ആ നിയമങ്ങൾ ഒരേപോലെ ബാധകവുമാണ്.
ശബരിമലയിൽ പോകാൻ ആർക്കും നിയമപരമായി തടസ്സങ്ങൾ ഒന്നുമില്ല എന്നുമാത്രമണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. പോകേണ്ടവർക്ക് പോകാം, പോകുന്നത് നിങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരാണെങ്കിൽ ആ വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ നിയമവ്യവസ്ഥ ഏറ്റെടുക്കും. അത് തീർച്ചയായും സംരക്ഷിക്കപ്പെട്ടിരിക്കും.
ഋതുമതികളുടെ കൈക്കുപിടിച്ച് നിർബന്ധിച്ച് മലകയറ്റാനും മുസ്ലിം സ്ത്രീകളെ പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ച് പള്ളിയിൽ കേറ്റാനുമൊൊന്നും    ഇവിടുത്തെ കോടതികൾ വരില്ല.
(Fundamental right, freedom of religion in india. Article 25-28, indian constitution)

ഞങ്ങളുടെ പുരോഗമനവാദം ഈ ചുരുങ്ങിയ വിശദീകരണത്തിൽ ഒതുങ്ങുന്ന ഒന്നല്ല. എല്ലാ മതങ്ങളുടെയും ഇടുങ്ങിയ ചിന്താഗതികൾ പലപ്പോഴായി തകർക്കപ്പെടുകയും ശാസ്ത്രീയ- പുരോഗമന ചിന്തകൾ നിലയുറപ്പിക്കുകയും ചെയ്തിടത്ത് ആണ് ഈ നാടിന് ഉണ്ടായ മാറ്റങ്ങളുടെ അടിത്തറ നിലനിൽക്കുന്നത്.

അവർണ്ണർ അമ്പലത്തിൽ കയറിയതുപോലെ, സതി നിരോധിക്കപ്പെട്ടതുപോലെ, മുസ്ലിം സ്ത്രീകൾ വാഹനം ഓടിച്ചതുപോലെ, അവർ പൊതുപ്രവർത്തകർ ആയി മാറിയതുപോലെ പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേ ഇരിക്കണം.
മതവും വിശ്വാസങ്ങളും തീർത്തുവെച്ചിരിക്കുന്ന ചങ്ങലകെട്ടുകൾ തകർക്കപ്പെടുകതന്നെ വേണം, പച്ചമനുഷ്യർ ഇനിയും ഈ ഭൂമിയിൽ പിറന്നു വീഴണം എന്നുതന്നെയാണ് ഞങ്ങളുടെ പക്ഷം.

#ഭരണഘടനയോടൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *