ജാതി നശീകരണ നവോത്ഥാന ജാഥ

ഇന്ത്യയിൽ അധികാരവും ഭൂവുടമസ്ഥതയും അന്തസും നിലനിൽക്കുന്നത് ജാതി വ്യവസ്ഥയിലാണ്. അതു കൊണ്ടു തന്നെ ഒരു രാഷ്ട്രീയ പ്രശ്നമായി ജാതിയെ സമീപിക്കാത്തിടത്തോളം ജാതിവിരുദ്ധമായ നിലപാട് അസാദ്ധ്യമാണ്.

ഭൂപരിഷ്ക്കരണത്തിലൂടെ ജാതി പരിഹരിക്കാമെന്നുള്ള സൈദ്ധാന്തികത അപഹാസ്യമാക്കിക്കൊണ്ട് കേരളത്തിൽ 26000 ദളിത് കോളനികൾ നിലനിൽക്കുന്നു. മതാധിപത്യ, സാമുദായിക വോട്ടു രാഷ്ട്രീയത്തെ മറികടന്നു കൊണ്ട് നവോത്ഥാനത്തിലൂടെയേ ജാതിക്കു മേൽ ആഘാത മേൽപ്പിക്കാൻ കഴിയൂ.

ജാതി ജീവിക്കുന്നത് ജനന, മരണ, വിവാഹമടക്കമുള്ള ജാതിസഫലികളിലാണ്. വിപ്ലവവായാടിത്തം കൊണ്ട് ഒരു കാര്യവുമില്ല. മിശ്രഭോജനം ആവശ്യമായിട്ടുള്ള കേരളത്തിൽ, മിശ്രവിവാഹത്തിലൂടെയേ ജാതി നശീകരണം സാധ്യമാകൂ.

ഗോവിന്ദാപുരവും വർക്കലജാതിക്കുളവും വടയമ്പാടി ജാതി മതിലും ഹരിപ്പാട് വെളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ അയിത്തവുമൊക്കെ കേരളത്തിലെ ജാതി ക്യാൻസറുകളെ തുറന്നു കാട്ടുന്നു. മധുവിന്റെയും ആതിരയുടെയും കെവിന്റെയും കൊലപാതകങ്ങൾ മലയാളികളുടെ ജാത്യാസക്തിയുടെ തെളിവുകളാണ്. ജാതി മാനവ വിരുദ്ധമാണ് അതുകൊണ്ടുതന്നെ ജാതി നശീകരണം അത്യന്താപേക്ഷിതമാണ് .

ജാതി വ്യവസ്ഥ ജനാധിപത്യ വിരുദ്ധമാണ്, ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യുക, ജാതിക്കോളനികൾ നിർമാർജനം ചെയ്യുക, ജാതിരാഷ്ട്രീയത്തെ പരാജയപ്പെടുത്തുക, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുക, നവോത്ഥാന സമരങ്ങൾ സാർത്ഥകമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി അഡ്വ.രാജഗോപാൽ വാകത്താനം നയിക്കുന്ന ‘ജാതി നശീകരണ നവോത്ഥാന ജാഥ ‘  ജൂലൈ 27 ന് രാവിലെ 10ന് വൈക്കം ബോട്ട് ജട്ടിക്ക് സമീപം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും . കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പര്യടനം നടത്തി 31 ന് തിരുവനന്തപുരം വെങ്ങാനൂരിൽ വൈകിട്ട് 5ന് അയ്യൻകാളി സ്മൃതി സംഗമത്തോടെ അവസാനിക്കും. അയ്യൻകാളി സ്മൃതി സംഗമം ഡോ.രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. കന്നുകുഴിഎം.എസ്.മണി, ടി.എച്ച്.പി.ചെന്താരശേരി എന്നിവരെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *