പ്രവർത്തനങ്ങൾ

  • ശാസ്ത്ര-സാമൂഹ്യ വിഷയങ്ങളിൽ പഠന ക്ലാസ്സുകൾ, സെമിനാറുകൾ, പൊതുസമ്മേളനങ്ങൾ.
  • ദിവ്യാത്ഭുത അനാവരണ പരിപാടികൾ, ദിവ്യന്മാർക്കെതിരെയുള്ള വെല്ലുവിളികൾ.
  • നേത്രദാന – അവയവദാന – ശരീരദാന ക്യാമ്പയിനുകൾ.
  • മതേതര കുടുംബ സംഗമങ്ങൾ.
  • ആനുകാലിക വിഷയങ്ങളിൽ പ്രതികരണ, പ്രതിഷേധ പരിപാടികൾ.
  • ആദർശ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ.
  • യുക്തിരേഖ മാസിക, ലഘുലേഖകൾ, പുസ്തകങ്ങൾ പ്രസിദ്ധീകരണവും പ്രചരണവും.
  • അന്ധവിശ്വാസ നിർമാർജന നിയമം, ഏക സിവിൽ നിയമം, മതമുക്ത രാഷ്ട്രീയ നിയമം തുടങ്ങിയവ നടപ്പിലാക്കാൻ വേണ്ടിയുള്ള പ്രചരണ പരിപാടികൾ.
  • ദളിത്-പരിസ്ഥിതി പ്രശ്നങ്ങളിലുള്ള ഇടപെടലുകൾ.
  • ശബ്ദമലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ.
  • മതമില്ലാത്ത ജീവൻ , പവനൻ, യുക്തിരേഖ മാധ്യമ അവാർഡുകൾ നൽകുന്നു.

സമരപഥങ്ങൾ

ആശയപ്രചരണരംഗത്ത് മാത്രമായിരുന്നില്ല, പ്രക്ഷോഭരംഗത്തും ഏറെ സജീവമാണ് സംഘം.

മാദ്ധ്യമങ്ങൾ നിഷേധ നിലപാടുകൾ സ്വീകരിക്കുകയും വാർത്തകൾ തമസ്‌ക്കരിക്കുകയും ചെയ്യുമ്പോഴും അതിനെയും അതിജീവിച്ച് സാമൂഹ്യനവോത്ഥാനം ലക്ഷ്യമാക്കി പ്രശ്‌നങ്ങളിൽ ഇടപെടുകയും സമകാലീന പ്രശ്‌നങ്ങളോട് പ്രതികരിക്കുകയും ചെയ്തുകൊണ്ട് സജീവമായി നിലനിൽക്കുന്നു.

ഗുരുവായൂർ സമരം    ലക്ഷം വീടുപണിക്ക് ഗുരുവായൂർ ദേവസ്വം നൽകാമെന്നേറ്റ സംഭാവന പിൻവലിക്കുകയും ശ്രീകോവിൽ സ്വർണ്ണം പൂശാൻ തീരുമാനിക്കുകയും ചെയ്തതിനെതിരെ സംഘം 1977 ഡിസംബർ 27 നു നടത്തിയ സത്യഗ്രഹത്തിൽ 162 വാളണ്ടിയറന്മാർ പങ്കെടുത്തു. സമര സഖാക്കളെ മതഭ്രാന്തർ കടന്നാക്രമിക്കുകയും പവനൻ, കലാനാഥൻ, ജോൺ ഇടമറുക് (ചേർത്തല) തുടങ്ങിയവർക്ക് കാര്യമായ പരിക്കുപറ്റുകയും ചെയ്തു. സമരം വമ്പിച്ച ജനശ്രദ്ധയാകർഷിച്ചു. സമരത്തിന്റെ രജതജൂബിലി സമ്മേളനം 2002 ഡിസംബർ 29 ന് ഗുരുവായൂരിൽ വെച്ചുനടത്തുകയുണ്ടായി.

കോവൂരിന്റെ പര്യടനം    ദിവ്യന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഡോ. എ.ടി. കോവൂർ രണ്ടുതവണ നടത്തിയ കേരളപര്യടനം അത്യന്തം ആവേശകരമായിരുന്നു. യുക്തിവാദിസംഘത്തെ ജനകീയവൽക്കരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ്. മനുഷ്യദൈവങ്ങളുടെ പേടിസ്വപ്നമായിരുന്ന കോവൂരിന്റെ വെല്ലുവിളികൾ ഇന്നും ആരും ഏറ്റെടുത്തിട്ടില്ല. കുട്ടിച്ചാത്തൻ, പ്രേതബാധകൾ ഒഴിവാക്കിയ നിരവധി സംഭവങ്ങളുണ്ട്. അദ്ദേഹത്തെ തുടർന്ന് എം.സി. ജോസഫും ബി. പ്രേമാനന്ദും വെല്ലുവിളികൾ ഏറ്റെടുത്തു.

മകരജ്യോതി അനാവരണം    മകരം ഒന്നിന് ശബരിമല, പൊമ്പലമേട്ടിൽ കാണുന്ന വിളക്ക് മനുഷ്യൻ കത്തിക്കുന്നതാണെന്നു തെളിയിച്ചതിന്റെ അവകാശം കേരള യുക്തിവാദി സംഘത്തിനുമാത്രമാണ്. ദേവസ്വം ബോർഡും വനംവകുപ്പും, ഇലക്ട്രിസിറ്റി ബോർഡും ചേർന്നു നടത്തു ഈ തട്ടിപ്പ് 70 കൾ മുതൽ യുക്തിവാദികൾ പുറത്തു കൊണ്ടു വന്നെങ്കിലും പൊതു സമൂഹം അംഗീകരിക്കാൻ തയ്യാറായില്ല. 1983 ജനുവരി 14 ന് പൊമ്പലമേട്ടിലെത്തിയ സംഘം പ്രവർത്തകരെ പോലീസ് വേട്ടയാടി. ധനുവച്ചപുരം സുകുമാരൻ അടക്കം നിരവധി പേരെ ക്രൂരമായി മർദ്ദിച്ചു. എന്തായാലും വാർത്തപുറ ത്തെത്തിയതോടെ മകരജ്യോതിയുടെ അത്ഭുതം അസ്തമിച്ചു. 2011 ലെ പുൽമേടു ദുരന്തത്തോടെ സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു.

തെറിപ്പാട്ടുനിർത്തിച്ചു    കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് തെരുവിൽ തെറിപാടുന്ന ആഭാസത്തരം കേരളത്തിന് എത്രയോ അപമാനകരമായിരുന്നു. അതിനെതിരെ പ്രക്ഷോഭം നടത്തി നിർത്തലാക്കിച്ചത് സംഘമാണ്. 1989 ഏപ്രിൽ 6 ന് ചെറായിയിൽ സഹോദരന്റെ ഭവനത്തിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മാർച്ചുനടത്തി. അമ്പലത്തിനു മുന്നിൽ പോലീസ് തടഞ്ഞു. പവനൻ, പത്മനാഭൻ പള്ളത്ത്, ആർ. കൃഷ്ണൻകുട്ടി നായർ, യു. കലാനാഥൻ, സി.ജി. ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് 1992 വരെ തുടർസമരം, പൊതുസ്ഥലത്ത് തെറിപാടരുത് എന്ന കോടതിവിധിയോടെ വിജയം കണ്ടു. സ്വാമി ഭൂമാനന്ദതീർത്ഥയും ഈ സമരത്തെ പിന്തുണച്ചിരുന്നു.

ജാതിവിരുദ്ധജാഥ    ജാതി നശീകരണത്തിന്റെ സന്ദേശവുമായി 1979 ഏപ്രിൽ 25 മുതൽ മെയ് 15 വരെ കാസർഗോഡുനിന്നും തിരുവനന്തപുരം വരെ വാഹനപ്രചരണജാഥ. യു. കലാനാഥനായിരുന്നു ജാഥാക്യാപ്റ്റൻ. ‘ജാഥ നടത്തിയാൽ ജാതിപോകുമോ’ എന്ന് ജാഥയെ ആക്ഷേപിച്ച് ദേശാഭിമാനി എഡിറ്റോറിയൽ എഴുതി.

ജാല്പാണം സിദ്ധനെ തോല്പിച്ചു     ശ്രീലങ്കക്കാരൻ തിരുനാവുക്കരശ് എന്ന് സിദ്ധൻ ദിവ്യസിദ്ധികൊണ്ട് തലയിൽ കരിക്കടിച്ചുപൊട്ടിക്കുന്നത് മഹാത്ഭുതമായി 1981 ജൂലൈയിൽ പത്രങ്ങൾ ആഘോഷിക്കുകയും യുക്തിവാദികളെ വെല്ലുവിളി ക്കുകയും ചെയ്തു. വിവിധജില്ലകളിൽ ആയിരങ്ങളെ സാക്ഷിനിർത്തി യുക്തിവാദികൾ തലയിൽ കരിക്കടിച്ചു പൊട്ടിച്ചുകാണിച്ചുകൊണ്ട് ഈ ‘സിദ്ധി’ പൊളിച്ചു.

ജാതിവിരുദ്ധ മതേതരവേദി    യുക്തിവാദി സംഘം, സി.പി.ഐ (എം.എൽ) സീഡിയൻ, ലോഹ്യാവിചാരവേദി തുടങ്ങിയ സംഘടനകൾ ചേർന്ന് കോട്ടയം കേന്ദ്രീകരിച്ച് ആരംഭിച്ച സാംസ്‌ക്കാരിക മുന്നണിയായിരുന്നു ജാതിവിരുദ്ധമതേതരവേദി. 1984 ഒക്‌ടോബർ 13,14 തീയതികളിൽ തലയോലപറമ്പിൽ നടന്ന ചരിത്രസമ്മേളനത്തിൽ കേരളത്തിലെ സാംസ്‌ക്കാരിക പ്രമുഖർ പങ്കെടുത്തു. തുടർന്നു രൂപീകരിച്ച സംസ്ഥാനസമിതിയുടെ കൺവീനർ രാജഗോപാൽ വാകത്താനം ആയിരുന്നു. വിവിധ ജില്ലകളിൽ കമ്മറ്റികൾ രൂപീകരിച്ച വേദിയുടെ രണ്ടാം സംസ്ഥാന സമ്മേളനം പിറ്റേവർഷം പള്ളുരുത്തിയിൽ നടന്നു.

പോപ്പിനെതിരെ     സാമ്രാജ്യത്വ സന്ദേശവുമായി കേരള പര്യടനത്തിനെത്തിയ പോപ്പിനെതിരെ സംസ്ഥാനതലത്തിൽ പ്രതിരോധ പരിപാടികൾ സംഘവും വേദിയും വിശ്വാസ വിമോചന പ്രസ്ഥാനവുമായി ചേർന്ന്‌ വിവിധജില്ലകളിൽ 1986 ൽ നടത്തി. സംസ്ഥാനമൊട്ടാകെ കാർട്ടൂൺ പോസ്റ്ററിങ്ങും സെമിനാറുകളും നടത്തി.

ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനു ജയിൽവാസം    പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെ ക്രൈസ്തവസഭകൾ ഉയർത്തിയ പ്രതിഷേധത്തിനെതിരെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തി നുവേണ്ടി സമരങ്ങൾ നടത്തി. 86 നവംബറിൽ പ്രസ്തുത നാടകത്തിന്റെ അവസാന വേദിയൊരുക്കിയത് ജാതിവിരുദ്ധ മതേതരവേദി ആലപ്പുഴ കമ്മിറ്റിയായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് കോട്ടയത്ത് മുപ്പതിലേറെ പേർ ജയിൽവാസം അനുഭവിച്ചു. രാജഗോപാൽ വാകത്താനം, കെ.കെ.എസ്. ദാസ്, പി.ഒ. ജോൺ, പി.എ.ജി. ദാസ്, ദിലീപ് തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുന്നു.

മതമുക്തരാഷ്ട്രീയത്തിനായി ജാഥ    1985 മെയ് 11 മുതൽ 24 വരെ സംസ്ഥാനതലത്തിൽ നടത്തിയ ജാഥ വർഗീയതയ്‌ക്കെതിരെ മതമുക്ത രാഷ്ട്രീയത്തിനും ഏകീകൃത സിവിൽ കോഡിനും വേണ്ടിയായിരുന്നു. യു.കലാനാഥൻ നയിച്ച ജാഥയിലെ ശ്രദ്ധേയമായ പരിപാടി ബി.പ്രേമാനന്ദിന്റെ ദിവ്യാത്ഭുത അനാവരണമായിരുന്നു. രാജഗോപാൽ വാകത്താനം വൈസ് ക്യാപ്റ്റനായിരുന്നു.

ആകാശവാണി ധർണ്ണ    സർക്കാർ മാദ്ധ്യമങ്ങൾ നടത്തു ന്ന അന്ധവിശ്വാസ പ്രചരണത്തിനെതിരെ 1987 ഏപ്രിൽ 14 ന് ആകാശവാണിക്കുമുന്നിൽ ഗംഭീരധർണ്ണ നടത്തി. പവനൻ ധർണ്ണ ഉൽഘാടനം ചെയ്തു.

ഇഷ്ടികമാർച്ചിനെതിരെ    അയോദ്ധ്യ പ്രശ്‌നം രൂക്ഷമാക്കിക്കൊണ്ട് ഹൈന്ദവ ഫാസിസ്റ്റുകൾ അയോദ്ധ്യയിലേക്ക് ഇഷ്ടികകൾ കൊണ്ടു പോകുന്നതിനെതിരെ സംഘം നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. 1989 ആഗസ്റ്റ് 20 ന് വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് വൈക്കത്ത് ബഹുജന കവൻഷൻ നടത്തി.

തങ്കമണി സമരം    1986 ഒക്‌ടോബറിൽ ഇടുക്കി ജില്ലയിലെ തങ്കമണിയിൽ പോലീസ് നടത്തിയ തേർവാഴ്ചയ്‌ക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളിൽ സംഘം നിർണ്ണായക പങ്കുവഹിച്ചു. ജസ്റ്റിസ് ശ്രീദേവികമ്മീഷനുമുമ്പാകെ കേസിൽ ഒന്നാം കക്ഷിയായി ചേർന്നുകൊണ്ട് ധനുവച്ചപുരം സുകുമാരൻ സമരങ്ങൾക്കു നേതൃത്വം നല്കി. മാത്യു വി. ജോൺ, ഏ.കെ. നാഗപ്പൻ, ജി. വിശ്വംഭരൻ തുടങ്ങിയ സംഘം പ്രവർത്തകർ നേതൃത്വം നൽകി. കേസ് നടത്തുവാൻ ഫിലിപ്പ് എം. പ്രസാദ്, കുര്യാക്കോസ് എന്നീ അഭിഭാഷകരുടെ സൗജന്യസേവനം ലഭ്യമാക്കി.

ബോധന യാത്രകൾ    അന്ധവിശ്വാസ- അനാചാരങ്ങൾക്കെതിരെ ശാസ്ത്രബോധ പ്രചരണവുമായി രണ്ടു ജാഥകൾ കാസർ ഗോഡുനിന്നും പാറശാലനിന്നും 1988 ഏപ്രിൽ 23 ന് ആരംഭിച്ചു. ഏപ്രിൽ 30 ന് തൃശൂരിൽ സമാപിച്ചു. വടക്കൻ ജാഥ ഗംഗൻ അഴീക്കോടും തെക്കൻജാഥ കലാനാഥനും നയിച്ചു.

അയോദ്ധ്യാ മാർച്ച്    ബാബറിപള്ളി പൊളിച്ചു രാമക്ഷേത്രം നിർമ്മിക്കുന്ന ഫാസിസ്റ്റുപദ്ധതിക്കെതിരെ അയോദ്ധ്യയിൽ ഇടതു കക്ഷികൾ സംഘടിപ്പിച്ച മസ്ജിദ് സംരക്ഷണ മാർച്ചിൽ സംഘം ഭാരവാഹികളായ ധനുവച്ചപുരം സുകുമാരൻ, ജി. തങ്കപ്പൻ, അജയകുമാർ മുള്ളുവിള, എൻ. ബാബു തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡൽ സംരക്ഷണ പരിപാടികൾ    വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഇന്ത്യയിലെമ്പാടും സംവരണ വിരുദ്ധ സമരം കലാപമഴിച്ചുവിട്ടു. സാമൂഹ്യനീതിക്കുവേണ്ടി ദലിതർക്ക് അനുവദിച്ച നാമമാത്രസഹായം തട്ടിപ്പറിക്കുന്ന ജനവിരുദ്ധ സമരങ്ങളെ പ്രതിരോധിച്ചുകൊണ്ട് യുക്തിവാദിസംഘം രംഗത്തിറങ്ങി. വിവിധ ജില്ലകളിൽ രൂപീകരിക്കപ്പെട്ട സംവരണസംരക്ഷണ സമിതികളിൽ സംഘം സജീവമായി പങ്കെടുത്തു. സംസ്ഥാനതല സമിതിയുടെ ജോയിന്റ് കൺവീനർ ധനുവച്ചപുരം സുകുമാരനായിരുന്നു. കോട്ടയത്ത് ഒക്‌ടോബർ 11, 12, 13 തീയതികളിൽ നടന്നജാഥയുടെ ക്യാപ്റ്റൻ രാജഗോപാൽ വാകത്താനമായിരുന്നു. നിരവധി പ്രചരണ പരിപാടികളും പ്രക്ഷോഭങ്ങളും നടത്തി.

പെരിങ്ങോം മാർച്ച്    കണ്ണൂർ പെരിങ്ങോമിൽ നിർമ്മിക്കാനിരുന്ന ആണവ നിലയത്തിനെതിരെ പ്രത്യക്ഷസമരം നടത്തി. മാവേലിക്കരയിൽ വെടിക്കെട്ടു ദുരന്തം നടന്നിടത്തു നിന്ന് 1991 ഡിസംബർ 26 ന് ആരംഭിച്ച പെരിങ്ങോം മാർച്ച് 31 ന് പയ്യന്നൂരിൽ സമാപിച്ചു. പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര (ക്യാപ്റ്റൻ) രാജഗോപാൽ വാകത്താനം (മാനേജർ) ധനുവച്ചപുരം സുകുമാരൻ (കൺവീനർ) സി.ജി. ജയശങ്കർ, പവനൻ, എം. സന്തോഷ് തുടങ്ങിയവരായിരുന്നു പ്രധാന അംഗങ്ങൾ. ആണവനിലയപദ്ധതി ഉപേക്ഷിക്കപ്പെട്ടതിൽ ഈ സമരത്തിനും പങ്കുണ്ട്.

യാഗാഭാസത്തിനെതിരെ    മതപുനരുജ്ജീവനശക്തികൾ 1992 മെയ് 2 ന് എറണാകുളത്തു നടത്തിയ പുത്രകാമേഷ്ടി സാംസ്‌ക്കാരിക കേരളത്തിന് അപമാനമായിരുന്നു. ഇതിനെതിരെ പ്രത്യക്ഷ സമരം നടത്തി. ഏപ്രിൽ 25 ന് എറണാകുളത്ത് ബഹുജന റാലിയും രാജേന്ദ്രമൈതാനിയിൽ പൊതുയോഗവും നടത്തി. യാഗാനന്തര അവകാശവാദങ്ങളെ തുറന്നു കാട്ടിക്കൊണ്ട് പത്രസമ്മേളനവും പ്രചരണവും നടത്തി. പിന്നീട് 94 ൽ നട ഇഷ്ടസിദ്ധിപൂജ യ്‌ക്കെതിരെയും പ്രതിഷേധപരിപാടികൾ നടത്തി. യാഗ ഉപദേശകസമിതിയിൽ ജ.വി.ആർ. കൃഷ്ണയ്യർ പങ്കാളിയായതിനെതിരെ പവനൻ നടത്തിയ ഇടപെടലിനെ തുടർന്ന് അദ്ദേഹം രാജിവച്ചു.

ഏകസിവിൽ കോഡിനുവേണ്ടി    ഭരണ ഘടന 44-ാം വകുപ്പുനിർദ്ദേശിക്കുന്ന ഏകസിവിൽകോഡു നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭണം നടത്തിയിട്ടുള്ള ഏക സംഘടന കേരള യുക്തിവാദി സംഘം ആണ്. 95 ആഗസ്റ്റ് മാസത്തിൽ കാമ്പെയ്‌ന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിൽ വിപുലമായ സെമിനാറുകൾ സംഘടിപ്പിച്ചു. ജ. കൃഷ്ണയ്യർ, കെ.വി. സുരേന്ദ്രനാഥ്, മാധവിക്കുട്ടി, കാർട്ടൂണിസ്റ്റ് അബു, പവനൻ, കലാനാഥൻ തുടങ്ങിയ പ്രഗത്ഭമതികൾ പങ്കെടുത്തു. 1996 ആഗസ്റ്റ് 12 മുതൽ 17 വരെ സിവിൽകോഡ്’ ജാഥ നടത്തി. കളിയിക്കവിളയിൽ നിന്നു പെരുമ്പാവൂരിലേക്കുനടന്ന ജാഥയുടെ ക്യാപ്റ്റൻ രാജഗോപാൽ വാകത്താനം ആയിരുന്നു. എം. സന്തോഷ്, എം.എ. മുഹമ്മദ്ഖാൻ, എൻ.കെ. ഇസ്ഹാക്, കുടയാൽ സുരേന്ദ്രൻ, ആർ. സി. ബോസ് തുടങ്ങിയവർ ജാഥാംഗങ്ങളായിരുന്നു.

നവോത്ഥാനജാഥ    സാംസ്‌ക്കാരിക ജീർണ്ണതയ്ക്കും അഴിമതിക്കും സ്ത്രീ പീഡനങ്ങൾക്കുമെതിരെ മാനവികതയുടെ സന്ദേശവുമായി നാടുണർത്തിക്കൊണ്ട് ‘നവോത്ഥാന ജാഥ’ സംഘടിപ്പിച്ചു. 1997 ജനുവരി 10 ന് ചെറുവത്തൂരിൽ (കാസർഗോഡ്) ഡോ. നരേന്ദ്രനായിക് ജാഥ ഉദ്ഘാടനം ചെയ്തു. ജനുവരി 22 ന് ആശാൻ സ്‌ക്വയറിൽ (തിരുവനന്തപുരം) യു.കലാനാഥൻ സമാപന പ്രസംഗം നടത്തി. 14 ദിവസം നീണ്ടുനിന്ന ജാഥയിൽ കലാപരിപാടികൾ, ടി.വി. പരിപാടി, ദിവ്യാത്ഭുത അനാവരണ പരിപാടികൾ ഒക്കെ കൊഴുപ്പുകൂട്ടി. രാജഗോപാൽ വാകത്താനം (ക്യാപ്റ്റൻ) ധനുവച്ചപുരം സുകുമാരൻ (മാനേജർ) എം.സന്തോഷ്(കൺവീനർ), ബി. പ്രേമാനന്ദ്, ബേബി ജോൺ, പവനൻ, കലാനാഥൻ, ആർ. തുളസി, മുഹമ്മദ്ഖാൻ, ഇ.എ. ജബ്ബാർ, എൻ.എം. ശശി, വിൻസന്റ്.ഡി.പോൾ, ടി.പി. മണി തുടങ്ങിയവർ ജാഥാംഗങ്ങളായിരുന്നു.

ഇസ്‌ളാമിക ഭീകരതയ്‌ക്കെതിരെ    സംഘം അംഗമായ തസ്‌നിബാനു അബ്ദുൾനാസറിനെ മതാചാരരഹിതമായി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് എൻ.ഡി.എഫ് കാർ നടത്തിയ തുടർ ആക്രമണങ്ങൾക്കെതിരെ സജീവമായ പ്രതിരോധം സംഘടിപ്പിച്ചു. 98 ഫെബ്രുവരിയിൽ മലപ്പുറത്തുചേർന്ന മതേതരകൂട്ടായ്മയ്ക്ക് പവനൻ നേതൃത്വം നല്കി. പ്രശ്‌നത്തിൽ നേരിട്ട് ഇടപെട്ട സംഘം നേതാക്കളായ ഇ. എ. ജബ്ബാറിനും എം. ഫൗസിയയയ്ക്കും ഇതുമായി ബന്ധപ്പെട്ട് വധഭീഷണിയുണ്ടായി. വളരെയധികം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയസംഭവമായിരുന്നു ഇത്.

അക്ഷരത്തെമതവൽക്കരിക്കു അക്കാഡമി    നവരാത്രിയോടനുബന്ധിച്ച് കുട്ടികളെ ‘എഴുത്തിനിരുത്തുന്നത്’ ഒരു മതാത്മക ചടങ്ങായും ഇപ്പോൾ പണമുണ്ടാക്കാനുള്ള കച്ചവടമായും മാറിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ കേരള സാഹിത്യഅക്കാദമി, ഒരു ഹൈന്ദവ ചടങ്ങെന്നനിലയിൽ ‘എഴുത്തിനിരുത്ത്’ നടത്തിയതിനെതിരെ 1998 ആഗസ്റ്റിൽ സംഘം അക്കാദമിക്കു മുന്നിൽ ഏകദിന ധർണ്ണ സംഘടിപ്പിക്കുകയും പവനൻ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഇതേത്തുടർന്ന് അക്കാദമി ആ പരിപാടി നിർത്തിവെക്കുകയുണ്ടായി.

അമൃതാനന്ദമയി കേസ്    അമൃതാനന്ദമയി ആശ്രമത്തിലെ അംഗമായിരുന്ന മണിമല്ലിക, ആശ്രമത്തിൽ അനുഭവിക്കേണ്ടിവന്ന വലിയ പീഡനം വിവരിച്ച് യുക്തിരേഖ 98 നവംബർ ലക്കത്തിൽ മുഖാമുഖം നൽകിയിരുന്നു. യുക്തിരേഖക്കും സംഘത്തിനുമെതിരെ തത്സംബന്ധിയായി അമൃതാനന്ദമയി ട്രസ്റ്റ് കേസ് കൊടുത്തു. മണിമല്ലികയെ ഭീഷണിപ്പെടുത്തിയതിനാൽ അവർ കേസിൽ ഉറച്ചുനിന്നില്ല. തന്മൂലം സംഘത്തിന് കേസ് തുടരാൻ കഴിഞ്ഞില്ല.

മുത്തങ്ങ വെടിവെയ്പ്    വനഭൂമിയിൽ കുടിൽകെട്ടി ഭൂമിക്കുവേണ്ടി സമരം ചെയ്ത ആദിവാസികൾ ക്കെതിരെ വെടിയുതിർത്തുകൊണ്ടു നടത്തിയ നരവേട്ട മനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. അതിനെതിരെ ഉയർന്ന ജനകീയ പ്രക്ഷോഭണങ്ങളിൽ സംഘം തനതായ പങ്കുവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ശബരി ഗിരീഷ്, ധനുവച്ചപുരം സുകുമാരൻ എന്നിവർ മുത്തങ്ങയിലും ബത്തേരിയിലും നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തു. കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും പ്രതിഷേധയോഗങ്ങളും സെക്രട്ടേറിയറ്റുമാർച്ചും നടത്തി.

മാറാട്സ്‌നേഹസന്ദേശയാത്ര    ഇസ്ലാം-ഹൈന്ദവ കലാപങ്ങളിലൂടെ നിരവധി പേരുടെ ജീവനെടുത്ത മാറാട് കടപ്പുറത്തെ നിസ്സഹായരായ ജനങ്ങളിൽ ആത്മവിശ്വാസം പകർന്നുകൊണ്ട് 2004 ഏപ്രിൽ 17, 18 തീയതികളിൽ മാറാട് സ്‌നേഹസന്ദേശയാത്ര നടത്തി. 17 ന് നടന്ന സാംസ്‌ക്കാരിക കൂട്ടായ്മയിൽ ബിനോയ് വിശ്വം, യു. കലാനാഥൻ, രാജഗോപാൽ വാകത്താനം, ശബരിഗിരീഷ്, പത്മനാഭൻ പള്ളത്ത് സി.എസ്. എലിസബത്ത്, സി.എം. എത്സ, ടി.പി. മണി തുടങ്ങിയവർ സംസാരിച്ചു.
മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷനുമുമ്പാകെ സംഘത്തെ പ്രതിനിധീകരിച്ച് യു. കലാനാഥനും, അഡ്വ. അനിൽകുമാറും ഹാജരാകുകയും വർഗീയ കലാപങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. കമ്മീഷന്റെ റിപ്പോർട്ടിൽ ഈ നിർദ്ദേശങ്ങൾ അതേപ്രകാരം വരികയുണ്ടായി.

ആവിഷ്‌ക്കാരത്തിനായ് വീണ്ടും    ശ്രീനിപട്ടത്താനം അമൃതാനന്ദമയിയെ കുറിച്ചെഴുതിയ പുസ്തകം നിരോധിക്കാനും എഴുത്തുകാരനെ പ്രോസിക്യൂട്ടു ചെയ്യാനുമുള്ള നടപടിക്കെതിരെ സംസ്ഥാനതല പ്രതിരോധങ്ങളിൽ ജനകീയ കൂട്ടായ്മകൾ, ഹൈക്കോടതിയിലേക്കു സ്വാതന്ത്ര്യ സംരക്ഷണജാഥ തുടങ്ങി 2004 മാർച്ച് – ഏപ്രിൽ മാസങ്ങളിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിച്ചു. ഗവമെന്റ് നടപടിയിൽ നിന്നു പിന്മാറി.

വിദ്യാഭ്യാസ ക്രൈസ്തവ വല്ക്കരണത്തിനെതിരെ    എം.ജി. യൂണിവേഴ്‌സിറ്റി, കെ.പി. യോഹന്നാനുമായി ചേർന്ന് ബൈബിൾ കോഴ്‌സ് ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ യൂണിവേഴ്‌സിറ്റിക്കുമുന്നിൽ ധർണ്ണ നടത്തി. സംഘത്തിന്റെ പ്രതിഷേധത്തെതുടർന്ന് പ്രസ്തുത തീരുമാനത്തിൽ നിന്ന് യൂണിവേഴ്‌സിറ്റി പിന്മാറി.

മതമുക്തരാഷ്ട്രീയത്തിനായി പാർലമെന്റ് മാർച്ച്    വർഷങ്ങളായി കേരളയുക്തിവാദിസംഘം ആവശ്യപ്പെടുന്നതാണ് മതവും രാഷ്ട്രീയവും വേർതിരിക്കാനുള്ള നിയമം പാസ്സാക്കണമെന്നത്. ഫിറയുടെ നേതൃത്വത്തിൽ മതമുക്ത രാഷ്ട്രീയബിൽ തയ്യാറാക്കി പാർലമെന്റ് അംഗങ്ങൾക്കു നല്കുന്നതിനും പാർലമെന്റിലേക്കു മാർച്ച് നടത്തുന്നതിനും കേരള യുക്തിവാദി സംഘം നേതൃത്വപരമായ പങ്കുവഹിച്ചു. ഡൽഹിയിൽ 2005 ഏപ്രിൽ 18 ന് മാർച്ചും 17 ന് സെമിനാറും നടന്നു. ആയിരത്തോളം അംഗങ്ങൾ അണിനിരന്ന മാർച്ചിൽ കേരളത്തിൽനിന്ന് നൂറ്റിനാല്പതോളം പേർ പങ്കെടുത്തു. അഭിമാനകരമായ ഒരു സമരം തയൊയിരുന്നു അത്.

എക്‌സ്പ്രസ് ഹൈവേ വിരുദ്ധപ്രക്ഷോഭം    വികസനത്തിന്റെ മറവിൽ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച ജനവിരുദ്ധമായ എക്‌സ്പ്രസ് ഹൈവേയ്‌ക്കെതിരെ ശക്തമായ ജനകീയപ്രക്ഷോഭം നടന്നു. അതിൽ വിവിധമേഖലകളിൽ സംഘത്തിന് പങ്കാളിത്തവും നേതൃത്വവുമുണ്ടായി. കോട്ടയത്ത് ഹൈവേ ബാധിത മേഖലകളിൽ ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തിറക്കുന്നതിൽ നേതൃത്വപരമായ പങ്കുണ്ടായി. എറണാകുളം, പെരുമ്പാവൂർ, കാസർകോഡ് മേഖലകളിൽ 2004 ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ കൃത്യമായ പങ്കാളിത്തം വഹിക്കുകയുണ്ടായി.

ഹജ്ജ് സബ്‌സിഡിക്കെതിരെ സമരം    പൊതുഖജനാവിലെ നികുതിപ്പണം കൊണ്ട് ഹജ്ജിനുപോകുന്നവർക്ക് ആളൊന്നിന് 20000 രൂ. സബ്‌സിഡി നല്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സമരം ചെയ്തിട്ടുള്ള ഒരേയൊരു സംഘടന കേരള യുക്തിവാദി സംഘം ആണ്. റേഷൻ സബ്‌സിഡി നിർത്തലാക്കിക്കൊണ്ടു നടത്തുന്ന മതപ്രീണനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് 2005 ആഗസ്റ്റ് 1 ന് കോഴിക്കോട്ട് ഹജ്ജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. നഗരം ചുറ്റി നടന്ന പ്രകടനത്തിൽ 250 ലേറെ വാളണ്ടിയറന്മാർ പങ്കെടുത്തു. തലേദിവസം നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ബഹുജന കവൻഷൻ ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. യു. കലാനാഥന്റെ അദ്ധ്യക്ഷതയിൽ രാജഗോപാൽ വാകത്താനം, ഇ.എ. ജബ്ബാർ, കെ.പി. ശബരിഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

സർവ്വകലാശാലയുടെ ജ്യോതിഷത്തിനെതിരെ    സംസ്‌കൃത സർവ്വകലാശാല കണ്ണൂർസെന്ററിൽ ജ്യോതിഷ കോഴ്സുകളാരംഭിക്കുവാനും വിദ്യാഭ്യാസത്തെ കാവി വല്ക്കരിക്കാനും നടത്തിയ ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്കി. 2005 മെയ് 26, 27 തീയതികളിൽ കാസർഗോഡുനിന്നും പയ്യന്നൂരിൽ നിന്നും രണ്ടുജാഥകൾ പര്യടനം നടത്തി. 28-ാം തീയതി സർവ്വകലാശാല കേന്ദ്രത്തിലേക്ക് ബഹുജനമാർച്ചും നടത്തി. യു. കലാനാഥൻ, ഗംഗൻ അഴീക്കോട്, അംബുജാക്ഷൻ മാസ്റ്റർ, രാജഗോപാൽ വാകത്താനം, ഇ. എ. ജബ്ബാർ, കെ.പി. രാമചന്ദ്രൻ, കെ.വി. വിദ്യാധരൻ തുടങ്ങിയവർ നേതൃത്വം നൽകി. കാലടി സർവ്വകലാശാല ജ്യോത്സ്യം പഠന വിഷയമാക്കുന്നതിനെതിരെ കലാശാലകവാടത്തിൽ 2005 മെയിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു.

മാനവികയാത്ര    സാംസ്‌ക്കാരിക ജീർണ്ണതയ്ക്കും വർഗീയതയ്ക്കും എതിരെ സാംസ്‌ക്കാരിക വിപ്ലവത്തിന്റെ സന്ദേശവുമായി തിരുവനന്തപുരം വെള്ളറടയിൽ നിന്നും കാസർഗോഡ് പാലക്കുന്നിൽനിന്നും 2006 ഡിസംബർ 15ന് വിപുലമായ രണ്ടു മാനവികയാത്രകൾ ആരംഭിച്ചു. തെക്കൻജാഥയിൽ രാജഗോപാൽ വാകത്താനം (ക്യാപ്റ്റൻ) അഡ്വ. കെ.എൻ. അനിൽകുമാർ, ധനുവച്ചപുരം സുകുമാരൻ, ഡി. കുരുവിള, എം.എ. മുഹമ്മദ്ഖാൻ, എൻ. കെ. ഇസ്ഹാക്ക്, എം.ടി. ഋഷികുമാർ എന്നിവരായിരുന്നു അംഗങ്ങൾ. വടക്കൻജാഥയിൽ യു. കലാനാഥൻ (ക്യാപ്റ്റൻ) ഇ.എ. ജബ്ബാർ, ഇരിങ്ങൽ കൃഷ്ണൻ, ടി.പി. മണി, സി.എസ്. എലിസബേത്ത്, രാജീവ് മേമുണ്ട തുടങ്ങിയവരായിരുന്നു അംഗങ്ങൾ. ഡിസംബർ 23 ന് രണ്ടു ജാഥകളും തൃശൂർ പടിഞ്ഞാറേകോട്ടയിൽസന്ധിച്ച് സാംസ്‌ക്കാരികറാലിയോടെ കോർപ്പറേഷനുമുന്നിൽ സമാപിച്ചു.

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കുക    മനുഷ്യദൈവങ്ങളും ധ്യാനഗുരുക്കന്മാരും നടത്തുന്ന അതിക്രമങ്ങൾക്കും അന്ധതകൾക്കുമെതിരെ ഭരണഘടനയുടെ 51 എ(എച്ച്) അനുസരിച്ച് നിയമനിർമ്മാണം നടത്തുവാൻ മാതൃകാബിൽ തയ്യാറാക്കി എം.എൽ.എ. മാർക്കു വിതരണം ചെയ്യുകയും 2007 മെയ് 15 ന് സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ടധർണ്ണ നടത്തുകയും ചെയ്തു. സമരപ്രചാരണം മുഴുവൻ ജില്ലകളിൽ വ്യാപിച്ചു.

മഞ്ഞളരുവിയിലെ ദിവ്യാത്ഭുതം പൊളിച്ചു    എരുമേലിക്കടുത്ത മഞ്ഞളരുവിയിൽ റോസമിസ്റ്റിക്ക മാതാവിന്റെ കണ്ണിൽ നിന്നു ചോരവന്നെന്ന് പ്രചരിപ്പിച്ച് സഭ നടത്തിയ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി അന്വേഷിച്ച് അത്ഭുതം അനാവരണം ചെയ്തു. 2008 മാർച്ച് 17-ന് എരുമേലിയിൽ നടന്ന സാംസ്‌ക്കാരിക കൂട്ടായ്മ വമ്പിച്ച ബഹുജന പ്രതിഷേധത്തിന്റെ പ്രകടനമായിരുന്നു. എന്തായാലും അത്ഭുതം വളരെ പെട്ടെന്ന് അസ്തമിച്ചു.

‘മതമില്ലാത്ത ജീവനു’ വേണ്ടി    ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ വന്ന ‘മതമില്ലാത്ത ജീവൻ’ എന്ന പാഠത്തിനെതിരെ ക്രൈസ്തവ സഭകൾ ഉയർത്തിയ പ്രതിഷേധം ശക്തമാകുകയും ഒരു അദ്ധ്യാപകനെ ചവിട്ടിക്കൊല്ലുന്നിടം വരെയെത്തുകയും ചെയ്തു. കേരളമൊട്ടാകെ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് 2008 ജൂലൈ മാസത്തിൽ സംഘം രംഗത്തിറങ്ങി. പതിനായിരം ലഘുലേഖകൾ വിതരണം ചെയ്തു. ജൂലൈ 19-ന് മതമില്ലാത്ത ജീവന്മാരുടെ സംഗമം തൃശൂരിൽ സംഘടിപ്പിച്ചു.

പ്രൈവറ്റ് പോസ്റ്റ്‌മോർട്ടം നിർത്തുക    കൊച്ചിയിലെ അമൃത മെഡിക്കൽ കോളജിന് പോസ്റ്റുമാർട്ടം നടത്താൻ സർക്കാർ അനുമതി നൽകിയതിൽ പ്രതിഷേധിച്ചുകൊണ്ട് 2008 നവംബർ 26-ന് സെക്രട്ടറിയേറ്റിന് മുമ്പിലും എറണാകുളത്ത് കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിലും ധർണ്ണനടത്തി.

ആൾദൈവങ്ങൾക്കെതിരെ    സാംസ്‌ക്കാരിക കേരളത്തിന് അപമാനമായ സന്തോഷ്മാധവനെ പോലുള്ള മനുഷ്യദൈവങ്ങളുടെ വിളയാടലിനെതിരെ തുടർപ്രചാരണങ്ങൾ സംഘടിപ്പിച്ചു. കോട്ടയത്തെ തങ്കുപാസ്റ്ററുടെ പ്രചാരകനായി മാറിയ ഡി.എം.ഒ. ബെഞ്ചമിൻ ജോർജ്ജിനെ പുറത്താക്കണമെ് ആവശ്യപ്പെട്ട് 27-5-2008 ന് കോട്ടയം ഡി.എം.ഒ. ഓഫീസിലേക്ക് ബഹുജനമാർച്ച് സംഘടിപ്പിച്ചു.
കോഴിക്കോട് ഗോപാലസ്വാമിയെ അനാവരണം ചെയ്തു കൊണ്ട് ഫറോക്കിൽ പൊതുവേദിയിൽ വൻ ജനാവലിക്കു മുന്നിൽ മഞ്ഞൾ നീരാട്ട് നടത്തി.

മദ്രസ്സ വിദ്യാഭ്യാസഗ്രാന്റിനെതിരെ    മദ്രസ്സകളിലെ മതപഠനം സി.ബി.എസ്.ഇ.യ്ക്കു തുല്യമാക്കിക്കൊണ്ട് കേന്ദ്രഗവൺമെന്റ് എടുത്ത മതപ്രീണനത്തിനെതിരെ, പൊതുവിദ്യാഭ്യാസം തകർക്കുന്ന നടപടിക്കെതിരെ പ്രതിഷേധ പ്രചരണങ്ങൾ നടത്തി 5-3-2009-ൽ കോഴിക്കോട് ഇൻകംടാക്‌സ് ഓഫീസിലേക്ക് മാർച്ചു സംഘടിപ്പിച്ചു. മദ്രസ്സ അദ്ധ്യാപകർക്കു പെൻഷൻ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ 2009 ജൂലൈ 29-ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി.

മാതാവിന്റെ കരച്ചിൽ നിർത്തി    കായംകുളത്തിനടുത്ത കട്ടച്ചിറ പള്ളിയിലെ കന്യാമറിയത്തിന്റെ ഫോട്ടോയിൽ നിന്ന് കണ്ണുനീർ വരുന്നുവെന്ന പ്രചരണത്തെപ്പറ്റി സംസ്ഥാന കമ്മിറ്റി അന്വേഷണം നടത്തി. പള്ളി അധികാരികളുടെ അനുവാദത്തോടെ 6-3-2010 ൽ സ്ഥലം പരിശോധന നടത്തുകയും തട്ടിപ്പ് അനാവരണം ചെയ്യുകയുമുണ്ടായി. കറ്റാനം ജംഗ്ഷനിൽ ചേർന്ന പൊതുയോഗത്തിൽ വെച്ച് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. ഫിറചെയർമാൻ ഡോ. നരേന്ദ്രനായ്ക്, അഡ്വ. കെ.എൻ.അനിൽകുമാർ, രാജഗോപാൽ വാകത്താനം, എഴുപുന്ന ഗോപിനാഥ്, എസ്.അനിൽ, കെ. അജിത് തുടങ്ങിയവർ നേതൃത്വം നൽകി.

മതവിരുദ്ധ റാലി    കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മതവിരുദ്ധറാലി 28-8-2010-ൽ മൂവാറ്റുപുഴയിൽ നടന്നു. തൊടുപുഴ ന്യൂമാൻസ് കോളജ് അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈയും കാലും ഇസ്ലാമിക ഭീകരവാദികൾ വെട്ടിയതിൽ പ്രതിഷേധിച്ചായിരുന്നു ശക്തമായ ഇടപെടൽ. 800-ലധികം വാളണ്ടിയർമാർ മതഭീകരർക്കു താക്കീതു നൽകി മാർച്ച് ചെയ്തു. തുടർന്ന് പൊതുസമ്മേളനം നടത്തി. കുരീപ്പുഴ ശ്രീകുമാർ, യു.കലാനാഥൻ, രാജഗോപാൽ വാകത്താനം, ഇ.എ.ജബ്ബാർ, ധനുവച്ചപുരം സുകുമാരൻ, അഡ്വ.അനിൽകുമാർ, ഇരിങ്ങൽ കൃഷ്ണൻ, സി.എസ്.എലിസബേത്ത്, ടി.പി.മണി തുടങ്ങിയവർ നേതൃത്വം നൽകി.

ക്രൈസ്തവ ഭീകരതയ്‌ക്കെതിരെ മതവിരുദ്ധറാലി    കൈ  വെട്ടപ്പെട്ട പ്രൊഫ. ജോസഫിനെ പിരിച്ചുവിട്ട കത്തോലിക്കാ സഭയുടെ ധിക്കാരത്തിനെതിരെ വീണ്ടുമൊരു മതവിരുദ്ധറാലി തൊടുപുഴയിൽ നടത്തി. 22-9-2010-ൽ റാലിയെ തുടർന്നു നടന്ന പൊതുയോഗം അതിഗംഭീരമായിരുന്നു. അഡ്വ.കെ.എൻ. അനിൽകുമാർ, രാജഗോപാൽ വാകത്താനം, ധനുവച്ചപുരം സുകുമാരൻ, എൻ.കെ.ദിനേശ്, ഇ.എ.ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.

മരകജ്യോതി ‘തെളിഞ്ഞു’    മൂന്നൂദശാബ്ദത്തിലേറെയായി കേരള യുക്തിവാദി സംഘം മുന്നോട്ടുുവെച്ച സത്യം ജനങ്ങളും സർക്കാരും കോടതിയും ഒടുവിൽ അംഗീകരിച്ചു. മകരജ്യോതി മനുഷ്യർ കത്തിക്കുന്നതാണെ് സമ്മതിക്കാൻ പുല്ലുമേട്ടിിൽ 104 പേർ മരിക്കേണ്ടിയും വന്നു. പുല്ലുമേടുദുരന്തത്തിന്റെ ഉത്തരവാദിത്തം ബോർഡിനും സർക്കാരിനുംമാത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 18-1-11-ൽ ദേവസ്വം ബോർഡ് ഓഫീസ് മാർച്ച് നടത്തി. ഹൈക്കോടതിയിൽ നൽകിയകേസിൽ സംഘത്തിന് അനുകൂലമായ വിധിയും ലഭിച്ചു.

മാറാടുകമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക    തോമസ് പി. ജോസഫ് കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമൊവശ്യപ്പെട്ട് 28-2-11-ന് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി.

ചർച്ച് ആക്ട് നടപ്പാക്കണം    ജ.കൃഷ്ണയ്യർ അദ്ധ്യക്ഷനായ നിയമപരിഷ്‌ക്കാര കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ കോൾഡ് സ്റ്റോറേജിലാണ്. അതിൽ പ്രമുഖമായ ഒന്ന് ദേവസ്വം ബോർഡ് മാതൃകയിൽ ക്രൈസ്തവ സഭാസ്വത്ത് നിയന്ത്രിക്കാൻ ‘ചർച്ച് ആക്ട്’ ഉണ്ടാക്കണമെന്നതാണ്. ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ക്യാമ്പെയിന്റെ ഭാഗമായി 2011 ജൂലൈ ന് സെക്രട്ടറിയേറ്റിനുമുന്നിൽ ഏകദിന ധർണ്ണ നടത്തി.

ഇസ്ലാമിക് ബാങ്കിങ് അരുത്     മതപ്രീണനത്തിന്റെ ഭാഗമായി ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കാനുള്ള ഇടതുപക്ഷസർക്കാരിന്റെ വികലനയത്തിനെതിരെ താക്കീത് നൽകിക്കൊണ്ട് സെക്രട്ടറിയേറ്റു മാർച്ചും ധർണ്ണയും 3-3-2011 ന് നടന്നു. മറ്റൊരു സംഘടനയും ഇതിൽ പ്രതിഷേധിക്കുക പോലും ചെയ്തില്ല.

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാസഭയല്ല    പത്താം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തിലെ ആദ്യ അദ്ധ്യായം പിൻവലിക്കണമെന്ന കത്തോലിക്കാസഭയുടെ ധിക്കാരത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തി. 23-6-11-ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. യു.കലാനാഥൻ ഉദ്ഘാടനം ചെയ്തു. രാജഗോപാൽ വാകത്താനം, ധനുവച്ചപുരം സുകുമാരൻ, എം.പി.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. വിജയകരമായ ഇടപെടലായി മാറി.

അതിരാത്രത്തിനെതിരെ അന്വേഷണം    തൃശൂരിലെ പാഞ്ഞാളിൽ നടന്ന അതിരാത്രത്തിന്റെ ഫലമായി അത്ഭുതങ്ങൾ നടുവെന്ന അവകാശ വാദത്തിനെതിരെ ശാസ്ത്രജ്ഞന്മാരടങ്ങുന്ന സംഘത്തെക്കൊണ്ട് അന്വേഷണം നടത്തിക്കുകയും പൊള്ളത്തരം വ്യക്തമാക്കിക്കൊണ്ട് 18-6-11-ന് തൃശൂരിൽ പത്രസമ്മേളനം നടത്തുകയും ചെയ്തു.

പത്മനാഭന്റെ നിധി    തിരുവനന്തുപരം പത്മനാഭക്ഷേത്രത്തിൽ കണ്ടെത്തിയ സ്വർണ്ണനിക്ഷേപം പൊതു സമൂഹത്തിന്റേതാണെന്നും അതു പൊതു ആവശ്യത്തിനായി വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് പ്രചരണ പരിപാടികൾ നടത്തി. അതുമായി ബന്ധപ്പെട്ട് യു. കലാനാഥൻ നടത്തിയ പ്രതിഷേധത്തിനെതിരെ മതഭ്രാന്തമാർ അദ്ദേഹത്തിന്റെ വീടാക്രമിക്കുകയുണ്ടായി. ഈ കടന്നാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ കേരളമെമ്പാടും നടന്നു. പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ മലപ്പുറത്ത് കളക്‌ട്രേറ്റിന് മുന്നിൽ ബഹുജന ധർണ നടത്തി.