ചരിത്രവഴികൾ

ഇന്ത്യൻ ദർശനം നാസ്തിക്യത്താലും ഭൗതികവാദത്താലും സമൃദ്ധമാണ്. നവദർശനങ്ങളിൽ ആറെണ്ണവും-സാംഖ്യം, യോഗം, മീമാംസ, ബൗദ്ധം, ജൈനം, ലോകായതം- ഭൗതികവാദമാണ്. പക്ഷേ ബ്രാഹ്മണമതവും അതിന്റെ കാവൽക്കാരായിരുന്ന ഫ്യൂഡൽ രാജവാഴ്ചകളും ഭൗതികവാദത്തെ തകർക്കുകയും ദാർശനികഗ്രന്ഥങ്ങൾ ചുട്ടെരിക്കുകയും ചെയ്തു. എിന്നിട്ടും ചാർവ്വാകമടക്കമുള്ള നാസ്തികചിന്തകളെ തുടച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, അതു ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രേരകശക്തിയായി മാറുകയും ചെയ്തു.
വേദോപനിഷത്തുക്കളുടെയും ശ്രുതികളുടെയും പുരാണങ്ങളുടെയും സൈദ്ധാ ന്തികപശ്ചാത്തലത്തിൽ ബഹുഭൂരിപക്ഷം വരു ദലിത്, ദരിദ്ര, പിന്നാക്ക ജനങ്ങളെ ജാതി, വംശീയ, മത പരിപ്രേക്ഷ്യങ്ങളിൽ അടിച്ചമർത്തി ഭരിക്കാൻ ബ്രാഹ്മണികാധിപത്യഭരണകൂടങ്ങൾക്കു കഴിഞ്ഞു. അയിത്തം, അടിമത്തം, ജാതിവിവേചനം, വർണ്ണവിരോധം തുടങ്ങി മനസ്സാക്ഷി വിരുദ്ധമായ കൊടിയ അനീതികളാണ് ‘ആർഷസംസ്‌ക്കാര’ത്തിന്റെ പേരിൽ സവർണ്ണഫാസിസം നൂറ്റാണ്ടുകളായി തുടർന്നുപോന്നത്. കേരളവും ഇതിന്റെ കടുത്ത അനീതികൾക്കു വിധേയമായിരുന്നു.

നവോത്ഥാനം കേരളത്തിൽ

1855-ൽ കൊച്ചിയിലും തിരുവിതാംകൂറിലും അടിമക്കച്ചവടം നിരോധിച്ചിരുന്നെങ്കിലും 1976-ൽ അതു ഫലപ്രദമാക്കിക്കൊണ്ട് നിയമനിർമ്മാണം നടത്തേണ്ടിവന്നു. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതസംസ്‌ക്കാരങ്ങളുടെ പെരുമകൾ നിലനിൽക്കുമ്പോൾ തന്നെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും തുണിയുടുക്കാനും അക്ഷരം പഠിക്കാനും വഴിനടക്കാനും പൊതുക്കുളങ്ങളിൽനിന്നും വെള്ളം കുടിക്കാനും അവകാശമുണ്ടായിരുന്നില്ല. വിവാഹം പോലും ഭൂരിപക്ഷത്തിനും നിഷിദ്ധമായിരുന്നു. മതാധിപത്യം തീർത്ത ഈ വ്യവസ്ഥകൾക്കെതിരായ പോരാട്ടങ്ങൾ മതവിരുദ്ധമായത് തികച്ചും സ്വാഭാവികം തന്നെ.
1822 ൽ കന്യാകുമാരി ജില്ലയിലെ (തിരുവിതാംകൂർ) നാടാർ സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശത്തിനായി നടന്ന ‘മേൽശീലകലാപ’ മാണ് നവോത്ഥാനത്തിന് തുടക്കം കുറിച്ചത്. 1829 ൽ ആദ്യഘട്ടം അവസാനിക്കുമ്പോഴും അവർ അവകാശം നേടിയില്ല. 1859 ൽ ചോരപൊടിഞ്ഞ സമരങ്ങളിലൂടെ നാണം മറയ്ക്കാനുള്ള അവകാശം അവർ നേടിയെടുക്കുകതന്നെ ‘ചെയ്തു. രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ ആറാട്ടുപുഴ വേലായുധപണിക്കർ കായംകുളത്തെ ഈഴവസ്ത്രീകൾക്ക് മാറുമറയ്ക്കാനും മുക്കുത്തി ധരിക്കാനും വേണ്ടി സമരം നടത്തുകയും അതിന്റെ പേരിൽ രക്തസാക്ഷിയാവുകയും ചെയ്തു.
1898-ൽ അയ്യൻകാളി തിരുവിതാംകൂറിൽ വഴിപിടിച്ചെടുക്കുകയും 1907 ൽ കാർഷിക കലാപം നടത്തിക്കൊണ്ട് ദലിതരുടെ വിദ്യാഭ്യാസ അവകാശം നേടിയെടുക്കുകയും ചെയ്തു. 1915 ൽ ദലിത് സ്ത്രീകൾ കല്ലയും മാലയും അറുത്തുകളഞ്ഞ് മാറുമറച്ചതും അയ്യൻകാളിയുടെ നേതൃത്വത്തിൽ തന്നെയാണ്. അടിമകളാക്കപ്പെട്ടിരുന്ന ദലിത് ജനതയുടെ വിമോചനത്തിനുവേണ്ടി ഈ സമരങ്ങൾ തുടർന്നത് പണ്ഡിറ്റ് കറുപ്പൻ, പൊയ്കയിൽ കുമാരഗുരു, ദൈവത്താൻ തുടങ്ങിയവരാണ്.
വൈകുണ്ഠസ്വാമിയും തൈക്കാട് അയ്യാസ്വാമിയും തുറന്ന മതേതര പാതയിലൂടെ നാരായണഗുരു ജാതിഭേദത്തിനെതിരെ നിലപാടെടുത്തു. ഡോ. പല്പു, കുമാരനാശാൻ തുടങ്ങിയവരുടെ ശക്തമായ പിന്തുണയോടെ എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. വടക്കൻകേരളത്തിൽ നവോത്ഥാന സമരങ്ങൾക്ക് നേതൃത്വം നൽകിയത് ബ്രഹ്മാനന്ദശിവയോഗി, വാഗ്ഭടാനന്ദൻ, മിതവാദികൃഷ്ണൻ തുടങ്ങിയവരാണ്. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് ശക്തമായ ചോതനയായി മാറി.

യുക്തിവാദി പ്രസ്ഥാനം കേരളത്തിൽ

1917 മെയ് 29 ന് എറണാകുളത്തിനടുത്ത ചെറായി യിൽ കെ. അയ്യപ്പൻ എന്ന യുക്തിവാദി ‘മിശ്രഭോജനം’ സംഘടിപ്പിക്കുകയും അതിനോടനുബന്ധിച്ച് ‘സഹോദരസംഘം’ സ്ഥാപിക്കുകയും ചെയ്തു.
മനുജസ്വാതന്ത്ര്യത്തെ തടഞ്ഞുനിർത്തീടുന്ന
മലിനവിശ്വാസങ്ങൾക്കും വികലാചാരങ്ങൾക്കും’ – എതിരെയാണ് ചരിത്രത്തിൽ ആദ്യമായി രണ്ട് അധഃസ്ഥിതരോടൊപ്പമിരുന്ന് അന്യജാതിക്കാർ ഭക്ഷണം കഴിച്ചത്. അതിന്റെ പേരിൽ അയ്യപ്പൻ ‘പുലയനയ്യപ്പനായി’ ആക്രമിക്കപ്പെട്ടു.


കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കം 1917 മെയ് 29 ന് കെ.അയ്യപ്പൻ സ്ഥാപിച്ച സഹോദര സംഘത്തിൽ നിന്നാണെന്ന് പരക്കെ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യുക്തിവാദി സംഘടനയും ഇത് തന്നെയാണെന്ന് കരുതപ്പെടുന്നു. പിന്നീട് 12 കൊല്ലം കഴിഞ്ഞാണ് (1929 ഡിസംബർ) മുംബയിലെ ആന്റി പ്രീസ്റ്റ് ക്രാഫ്റ്റ് അസോസിയേഷൻ (പൗരോഹിത്യ വിരുദ്ധ സംഘടന) രൂപം കൊണ്ടത്. അയ്യപ്പൻ സ്വതസിദ്ധമായ ശൈലിയിൽ അന്ന് എഴുതി
”പ്രബുദ്ധ പൗരോഹിത്യ ശക്തികൾ ചേർന്നു ചെയ്യും
കടുത്ത പീഢനങ്ങളേറ്റു നിരന്തരം
മനുഷ്യമഹത്വത്തിൻ ബോധം പോയ് കേണിടുന്ന
കണക്കില്ലാതെയുള്ള നമ്മുടെ ജനതയെ”
മനുഷ്യമഹത്വത്തിന്റെ ബോധം ജനലക്ഷങ്ങളിൽ ഉണർത്തുക തന്നെയാണ് സഹോദര സംഘത്തിന്റെ ലക്ഷ്യമെന്ന് എടുത്തു പറഞ്ഞിരുന്നു. നിലവിലുള്ള കേരളയുക്തിവാദി സംഘത്തിന്റെ ലക്ഷ്യവുംഅതു തന്നെയാണ്. അയ്യപ്പൻ തന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെ ഇക്കാര്യത്തിൽ കടന്നു പറയുകതന്നെ ചെയ്തു. ”ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന ഗുരുവിന്റെ മുദ്രാവാക്യത്തെ
ജാതിവേണ്ട മതംവേണ്ട
ദൈവം വേണ്ട മനുഷ്യന്
വേണം ധർമ്മം വേണം ധർമ്മം
വേണം ധർമ്മം യഥോചിതം – എന്നാക്കി മാറ്റി. യുക്തിവാദികൾ സസന്തോഷം ഈ മുദ്രാവാക്യം നെഞ്ചിലേറ്റി. കേരള യുക്തിവാദിസംഘം രൂപം കൊണ്ടതു മുതൽ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യമാണത്.
യുക്തിവാദ പ്രചാരണത്തിനായി യുക്തിവാദി  മാസിക 1929 ൽ ആരംഭിച്ചു. എം.സി. ജോസഫ്, സഹോദരൻ അയ്യപ്പൻ, രാമവർമ്മ തമ്പാൻ, സി.വി. കുഞ്ഞിരാമൻ, സി. കൃഷ്ണൻ എന്നിവരായിരുന്നു പത്രാധിപന്മാർ.

‘യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനരാശിയിൽ ‘
എന്നതായിരുന്നു ‘യുക്തിവാദി’ യുടെ പ്രമാണം.
6 പതിറ്റാണ്ടുകൊണ്ട് മലയാളികളുടെ ബോധത്തെ ഒട്ടൊക്കെ രൂപീകരിക്കുന്നതിൽ ‘യുക്തിവാദി’ പങ്കുവഹിച്ചു.


യുക്തിവാദ-ഭൗതികവാദ-മാനവിക ധൈഷണികരംഗത്ത് കേസരി ബാലകൃഷ്ണപിള്ള, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഡോ. പി.പി. ആന്റണി, പി. കൃഷ്ണപിള്ള, കെ. ദാമോദരൻ, കേശവദേവ്, പൊൻകുന്നം വർക്കി, പനമ്പിള്ളി ഗോവിന്ദമേനോൻ, മത്തായി മാഞ്ഞൂരാൻ, പവനൻ, ഇടമറുക് തുടങ്ങിയവർ യശസ്തംഭങ്ങളായി മാറി. തനത് യുക്തിവാദരംഗത്ത് ഡോ. എ.ടി. കോവൂർ, എം.സി. ജോസഫ്, ഉണ്ണി കാക്കനാട്, എം.ബി.കെ., എം. പ്രഭ, പ്രേമാനന്ദ്, വി.കെ. പവിത്രൻ, ഏറ്റുമാനൂർ ഗോപാലൻ മുതലായവർ യുക്തിവാദി ക്ക്‌ കനത്ത സംഭാവനകൾ നല്കി.